ADVERTISEMENT

14 വർഷത്തെ കാത്തിരിപ്പിനുശേഷം കുട്ടി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ കിരീടം. ഏകദിന ക്രിക്കറ്റിൽ 5 ലോകകിരീടം ചൂടിയ ഓസ്ട്രേലിയയ്ക്ക് ഇതുവരെ ട്വന്റി20 കിരീടനേട്ടം അകന്നുനിന്നിരുന്നു. 2010ൽ ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റു. പിന്നീട് ആദ്യമായി ഫൈനലിലെത്തിയ ഇത്തവണ കിരീടനേട്ടം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയ 2007ൽ ഏകദിന ക്രിക്കറ്റ് ചാംപ്യന്മാർ ഓസ്ട്രേലിയയായിരുന്നു. 2007ൽ വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ആദ്യറൗണ്ടിൽതന്നെ പുറത്തായ ടീമുകളായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും.

എന്നാൽ, പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാക്ക് ഫൈനൽ നടന്നപ്പോൾ ഓസ്ട്രേലിയയ്ക്ക് സെമിയിൽ കാലിടറി. ഇന്ത്യയാണ് സെമിഫൈനലിൽ അന്ന് ഓസ്ട്രേലിയയെ തോൽപിച്ചത്. 30 പന്തുകളിൽ 70 റൺസ് നേടിയ യുവരാജ് സിങ്ങിന്റെ തകർപ്പൻ ബാറ്റിങ്ങായിരുന്നു അന്ന് ഇന്ത്യൻ വിജയത്തിന്റെ അടിത്തറ.

ഇത്തവണ അമിത സമ്മർദങ്ങളൊന്നും ഇല്ലാതെയാണ് ഓസ്ട്രേലിയ എത്തിയത്. തൊട്ടുമുൻപ് നടന്ന പര്യടനത്തിൽ ബംഗ്ലദേശിനോടു പോലും ട്വന്റി20 പരമ്പര നഷ്ടമായ ടീം. യുവത്വം നഷ്ടമായ ടീമെന്ന പരിഹാസം ഏറെ കേട്ടു. സന്നാഹമത്സരത്തിൽ ഇന്ത്യയോടു പരാജയം. ഗ്രൂപ്പിൽ ഇംഗ്ലണ്ടിനോടും ദയനീയ പരാജയം. എന്നാൽ, പിന്നീട് കരുത്തുറ്റ പോരാട്ടവീര്യം പുറത്തെടുത്ത ടീം എല്ലാ കളികളും ജയിച്ചു വൻ തിരിച്ചുവരവ് നടത്തി. എങ്കിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക വൻ സ്കോർ നേടിയപ്പോൾ ഓസ്ട്രേലിയ പുറത്താകാൻ സാധ്യതയുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെ 131 റൺസിനുള്ളിൽ ദക്ഷിണാഫ്രിക്ക പുറത്താക്കിയാൽ ഓസ്ട്രേലിയയ്ക്ക് പകരം ദക്ഷിണാഫ്രിക്ക സെമിയിൽ എത്തിയേനെ. എന്നാൽ, ഇംഗ്ലണ്ടിനെ നേരിയ വ്യത്യാസത്തിൽ തോൽപിക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ നാലുവീതം കളികൾ ജയിച്ചെങ്കിലും നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്ക പുറത്തായി. 

സെമിയിൽ പാക്കിസ്ഥാനെതിരെ തോൽവിയുടെ പടിവാതിൽക്കൽനിന്നു മാത്യു വെയ്ഡിന്റെ അദ്ഭുത പ്രകടനം ഓസ്ട്രേലിയയെ രക്ഷിച്ചു. ഫൈനലിൽ ചിരവൈരികളായ ന്യൂസീലാൻഡിനെ നിഷ്പ്രഭമാക്കി കിരീട നേട്ടം. നിർണായക കളികളിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ കാലിടറുന്ന പതിവ് ന്യൂസീലാൻഡ് ഇക്കുറിയും തെറ്റിച്ചില്ല. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിലും ന്യൂസീലാൻഡ് ഓസ്ട്രേലിയയോട് തോറ്റിരുന്നു. സമീപകാലത്ത് ലോകക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമായിട്ടും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഒഴികെ മറ്റു കിരീടങ്ങളൊന്നും ന്യൂസീലാൻഡിനു നേടാനായിട്ടില്ല. 2015, 2019 ഏകദിന ലോകകപ്പുകളിലും ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലുമാണ് ഫൈനലിൽ ന്യൂസീലാൻഡിന് കാലിടറിയത്. 

പരിതാപകരമായ പ്രകടനം കാഴ്ചവച്ച മുൻ ജേതാക്കൾ വെസ്റ്റിൻഡീസും ശ്രീലങ്കയും ഇന്ത്യയുമാണ്. ഐപിഎലിനു ശേഷം വെറും രണ്ട് സന്നാഹമത്സരം മാത്രമാണ് ടീമെന്ന നിലയിൽ ഇന്ത്യ കളിച്ചത്. ടീമെന്ന നിലയിൽ കൂടുതൽ മത്സരപരിചയം ലോകകപ്പിനു മുമ്പ് ഇന്ത്യയ്ക്ക് ഇല്ലാതെ പോയി. 

ന്യൂസീലാൻഡിനെതിരായ നിർണായക മത്സരത്തിൽ ഇഷാൻ കിഷനെ ഓപ്പണറാക്കിയുള്ള പരീക്ഷണവും ഇന്ത്യ നടത്തി. ലോകകപ്പിലെ അതിനിർണായക മത്സരത്തിൽ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കാൻ മാത്രം ഭാവനാശൂന്യതയാണ് കോച്ച് രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ടീം മാനേജ്മെന്റ് നടത്തിയത്. പ്രതിഭാധനരായ കളിക്കാരുണ്ടായിട്ടും വേണ്ട വിധത്തിൽ അവരെ ഉപയോഗിക്കാൻ കഴിയാത്തതാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ് ഒരു ദുരന്തമാകാൻ കാരണം.

രണ്ടു തവണ ട്വന്റി20 ലോകകിരീടം നേടിയ വെസ്റ്റിൻഡീസും പ്രതിഭകളേറെയുള്ള ടീമായിട്ടും ഒത്തൊരുമയില്ലാതെയാണ് ഇത്തവണ കളിച്ചത്. 2014ലെ ജേതാക്കളായ ശ്രീലങ്കയാവട്ടെ ഒരു ടീമിനും വെല്ലുവിളിയുയർത്തിയില്ല. മഹേല ജയവർധന–സംഗക്കാര–ദിൽഷൻ യുഗത്തിനു ശേഷം ഇരുളടഞ്ഞ പാതയിലൂടെയാണ് ലങ്കൻ ക്രിക്കറ്റ് നീങ്ങുന്നത്. 2007–ഇന്ത്യ, 2009–പാക്കിസ്ഥാൻ, 2010–ഇംഗ്ലണ്ട്, 2012–വെസ്റ്റ് ഇൻഡീസ്, 2014–ശ്രീലങ്ക, 2016–വെസ്റ്റ് ഇൻഡീസ്, 2021–ഓസ്ട്രേലിയ എന്നിങ്ങനെയാണ് ഇതുവരെ ട്വന്റി 20 ലോകകിരീടം നേടിയത്.

English Summary: T20 World Cup Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com