ADVERTISEMENT

സിഡ്നി∙ സഹപ്രവർത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും നഗ്നചിത്രങ്ങളും അയച്ചത് പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച ടിം പെയ്ന് പിന്തുണയുമായി ഭാര്യ ബോണി പെയ്ൻ രംഗത്ത്. ഈ സംഭവത്തിന്റെ പേരിൽ ഒരു പ്രാവശ്യം ഏറെ ബുദ്ധിമുട്ടിയതാണെന്ന് ചൂണ്ടിക്കാട്ടിയ ബോണി, വർഷങ്ങൾക്കുശേഷം ഈ വിഷയം പൊതുജനമധ്യത്തിലേക്ക് വലിച്ചിഴച്ചത് കടുത്ത അനീതിയാണെന്നും ആരോപിച്ചു. ഇതേ സംഭവം ആദ്യം പുറത്തുവന്ന 2018ൽ താനും കുടുംബവും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചതാണെന്ന് ബോണി പെയ്ൻ വ്യക്തമാക്കി. അതേ സംഭവം വർഷങ്ങൾക്കിപ്പുറം വീണ്ടും പൊതു സമൂഹത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

സഹപ്രവർത്തകയ്ക്കു ലൈംഗികച്ചുവയുള്ള സന്ദേശമയച്ച സംഭവം വാർത്തയായതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ടിം പെയ്ൻ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മാസങ്ങൾ മുൻപു 2017ൽ ക്രിക്കറ്റ് ടാസ്മാനിയയിലെ ഒരു ജോലിക്കാരിക്കാണു പെയ്ൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചത്. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള സംസാരം എന്ന രീതിയിൽ സംഭവം ടാസ്മാനിയൻ ക്രിക്കറ്റ് ഗുരുതരമായി എടുത്തിരുന്നില്ല.

‘സത്യത്തിൽ ടിം പെയ്നിനോട് എനിക്ക് അനുകമ്പയാണ് തോന്നുന്നത്. കുറച്ചൊന്നുമല്ല, വളരെയധികം. 2018ൽ ഞങ്ങൾ രണ്ടുപേരും ഇതേ വിഷയത്തിൽ കടുത്ത പരിഹാസങ്ങളും വേദനകളും അനുഭവിച്ചതാണ്’ – ദ് സൺഡേ ടെലെഗ്രാഫ്, സൺഡേ ഹെറാൾഡ് സൺ എന്നീ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ ബോണി പറഞ്ഞു.

‘ഞങ്ങൾ വർഷങ്ങൾക്കു മുൻപുതന്നെ ഇതെല്ലാം മറന്നതാണെങ്കിലും വീണ്ടും ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിലേക്കു വലിച്ചഴച്ചതിൽ കടുത്ത നിരാശ തോന്നുന്നു. സംഭവിച്ചതെല്ലാം മറന്ന് ഞങ്ങൾ ഒട്ടേറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കിയത് കടുത്ത അനീതിയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’ – ബോണി പറഞ്ഞു.

2016ലാണ് ടിം പെയ്ൻ ബോണിയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് ടിം പെയ്നുമായി ബന്ധപ്പെട്ട ലൈംഗിക വിവാദം തലപൊക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം തന്നോട് തുറന്നുപറഞ്ഞ ടിം പെയ്നോട് വലിയ ആദരവുണ്ടെന്നും ബോണി വ്യക്തമാക്കി.

‘ഈ വിവാദം സത്യത്തിൽ ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. വിശ്വസിക്കാൻ പ്രയാസം തോന്നും. ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എനിക്കുതന്നെ അദ്ഭുതമാണ്’ – ബോണി പറഞ്ഞു.

‘ആരും പൂർണരല്ല. അതുകൊണ്ട് ആർക്കായാലും രണ്ടാമതൊരു അവസരം കൂടി നൽകുന്നതാണ് ശരിയായ രീതി. ടിം എനിക്കു മുന്നിൽ വന്നുനിന്ന് സംഭവിച്ചതെല്ലാം വള്ളിപുള്ളി വിടാതെ വിശദീകരിച്ചതാണ്. സത്യത്തിൽ അദ്ദേഹത്തിന് അതു ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് എനിക്ക് വലിയ ആദരവുണ്ട്. ഇതിൽ സ്നേഹത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. ഞങ്ങൾ തമ്മിൽ വളരെ ആഴത്തിലുള്ള സ്നേഹബന്ധമുണ്ട്. അദ്ദേഹം എന്നോട് എത്രയോ കാര്യങ്ങൾ ക്ഷമിച്ചിരിക്കുന്നു. മറ്റ് ആളുകളും എന്നോട് ദയ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ടിമ്മിനോട് ക്ഷമിക്കാനും പൊറുക്കാനും ഞാനും കടപ്പെട്ടവളാണെന്ന് കരുതുന്നു’ – ബോണി പറഞ്ഞു.

ഈ വിവാദത്തിന്റെ പേരിൽ ടിം പെയ്ൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത് ശരിയായില്ലെന്നും ബോണി പ്രതികരിച്ചു.

‘അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം എന്റെ ഹൃദയം തകർത്തു. ഈ സംഭവത്തിന്റെ പേരിൽ ക്യാപ്റ്റൻ സ്ഥാനത്തു തുടരേണ്ടതില്ലെന്ന് അദ്ദേഹത്തിന് തോന്നിയത് വേദനാജനകമാണ്. മാത്രമല്ല, ഈ രാജി വേണ്ടിയിരുന്നില്ലെന്നും എനിക്കു തോന്നുന്നു. എനിക്ക് അദ്ദേഹത്തെ ഓർത്ത് സങ്കടം തോന്നി’ – ബോണി പറഞ്ഞു.

English Summary: A Lot of Injustice For it Being Dragged Out Again: Tim Paine's Wife Bonnie on 'Sexting Scandal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com