ADVERTISEMENT

സിഡ്നി∙ രാജ്യാന്തര ക്രിക്കറ്റിൽ, പ്രത്യേകിച്ചും ട്വന്റി20 ഫോർമാറ്റിൽ ടോസിന് ‘അസാധാരണ’ പ്രാധാന്യം ലഭിക്കുന്ന സ്ഥിതിവിശേഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ഓസ്ട്രേലിയയുടെ മുൻ താരം ഇയാൻ ചാപ്പൽ രംഗത്ത്. ട്വന്റി20 മത്സരങ്ങൾ അവിശ്വസനീയമാം വിധത്തിൽ പ്രവചനീയമാകുന്നതായി ചാപ്പൽ ചൂണ്ടിക്കാട്ടി. ബാറ്റർമാർക്ക് അമിത പ്രാധാന്യം ലഭിക്കുന്നതോടെ ട്വന്റി20 മത്സരങ്ങളിൽ യഥാർഥ ‘മത്സരം’ നടക്കുന്നില്ലെന്നും ചാപ്പൽ ചൂണ്ടിക്കാട്ടി.

ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ കിരീടവിജയത്തിന്റെ പശ്ചാത്തലത്തിൽ, ‘ഇഎസ്പിഎൻ ക്രിക്ഇൻഫോ’യിൽ എഴുതിയ കോളത്തിലാണ് ട്വന്റി20 മത്സരഫലങ്ങൾ പ്രവചനീയമായി മാറുന്നതിൽ ചാപ്പൽ ‍അതൃപ്തി രേഖപ്പെടുത്തിയത്.

‘തകർപ്പൻ ബോളിങ്, ബാറ്റിങ് പ്രകടനങ്ങൾ സമന്വയിപ്പിച്ചാണ് ഇത്തവണ ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പ് നേടിയത്. കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ അവർക്കായി. മാത്രമല്ല, അത്യാവശ്യ സന്ദർഭങ്ങളിൽ ടോസ് നേടാനുള്ള ഭാഗ്യവും ഓസീസിന് സിദ്ധിച്ചു. പ്രത്യേകിച്ചും ടോസ് നേടിയാൽ മത്സരം ജയിച്ചു എന്ന പ്രതീതിയുണർത്തിയ ഈ ടൂർണമെന്റിൽ. രാജ്യാന്തര തലത്തിൽ ഏറ്റവും വിജയിച്ച ഈ ടൂർണമെന്റിന്റെ ഏറ്റവും വലിയ പാളിച്ചയും ടോസുമായി ബന്ധപ്പെട്ട് തന്നെ’ – ചാപ്പൽ എഴുതി.

ഇത്തവണ ട്വന്റി20 ലോകകപ്പിൽ കൂടുതൽ മത്സരങ്ങളും ജയിച്ചത് ടോസ് നേടിയ ടീമുകളാണ്. മാത്രമല്ല, സെമിഫൈനലുകളിലും ഫൈനലിലും വിജയിച്ചതും ടോസ് നേടിയ ടീമുകൾ തന്നെ. ഈ സാഹചര്യത്തിലാണ് ടോസിന് അനാവശ്യ പ്രാധാന്യം ലഭിക്കുന്നതിനെ അദ്ദേഹം വിമർശിച്ചത്.

‘ലോക വ്യാപകമായി രാജ്യാന്തര ട്വന്റി20 മത്സരങ്ങൾക്കും ട്വന്റി20 ലീഗുകൾക്കും വലിയ ജനപ്രീതി ആർജിക്കാനായിട്ടുണ്ട്. പക്ഷേ, ട്വന്റി20 ഫോർമാറ്റിന്റെ ജനപ്രീതി നിലനിർത്തുന്നതിനായി ഈ ഫോർമാറ്റിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഒരു സർവേ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഈ ഫോർമാറ്റിന്റെ പ്രസക്തി നഷ്ടപ്പെടാതെ കാക്കുന്നതിന്, ടോസ് ജയിച്ചാൽ മത്സരം ജയിച്ചു എന്ന പ്രതീതി മാറ്റേണ്ടതുണ്ട്’ – ചാപ്പൽ ചൂണ്ടിക്കാട്ടി.

English Summary: Ensure the game doesn't become a matter of winning the toss: Ian Chappell laments predictability of T20 format

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com