ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. ചെറിയ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ കോലി അക്കൗണ്ട് തുറക്കും മുൻപേ പുറത്തായിരുന്നു. നാലു പന്തുകൾ മാത്രം നേരിട്ട കോലി, അജാസ് പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്. അംപയറുടെ തീരുമാനം കോലി റിവ്യൂ ചെയ്തെങ്കിലും തേഡ് അംപയറും ഓൺഫീൽഡ് അംപയറുടെ തീരുമാനം ശരിവച്ചു.

എന്നാൽ കോലി യഥാർഥത്തിൽ പുറത്തായിരുന്നില്ലെന്നാണ് വാദം. പന്ത് പാഡിലിടിക്കുന്നതിനു മുൻപ് ബാറ്റിൽ തട്ടിയിരുന്നുവെന്നും ഇത് അംപയർ ഗൗനിച്ചില്ലെന്നുമാണ് ആക്ഷേപം. അംപയറുടെ തീരുമാനത്തിനെതിരെ കോലിയും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും ഉടനടി രംഗത്തെത്തുകയും ചെയ്തു.

ഇന്ത്യൻ ഇന്നിങ്സിലെ 30–ാം ഓവറിലാണ് വിരാട് കോലി ക്രീസിലെത്തുന്നത്. ചേതേശ്വർ പൂജാരയെ അജാസ് പട്ടേൽ പുറത്താക്കിയതിനു പിന്നാലെയായിരുന്നു കോലിയുടെ വരവ്. 

പട്ടേലിന്റെ ആദ്യ മൂന്നു പന്തുകളും കോലി വിജയകരമായി പ്രതിരോധിച്ചു. എന്നാൽ, നാലാം പന്താണ് പാഡിലിടിച്ചത്. ന്യൂസീലൻഡ് താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അംപയർ അനിൽ ചൗധരി ഔട്ട് അനുവദിക്കുകയും ചെയ്തു. അപംയറുടെ തീരുമാനം കോലി ഉടൻതന്നെ റിവ്യൂ ചെയ്തു.

റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ തട്ടിയെന്ന് വ്യക്തമായിരുന്നു. എന്നാൽ ആദ്യം പാഡിലാണോ ബാറ്റിലാണോ പന്തു തട്ടിയതെന്ന കാര്യത്തിൽ സംശയമുയർന്നു. വിശദമായ പരിശോധനയ്ക്കൊടുവിൽ തേഡ് അംപയർ വീരേന്ദർ ശർമ ഓൺഫീൽഡ് അംപയറുടെ തീരുമാനം ശരിവച്ചതോടെ കോലി പുറത്ത്!

ഔട്ട് തീരുമാനം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾത്തന്നെ കോലി അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഓൺഫീൽഡ് അംപയറുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഡ്രസിങ് റൂമിൽ പരിശീലകൻ രാഹുൽ ദ്രാവിഡും തീരുമാനത്തിൽ തൃപ്തനല്ലെന്ന് ടിവി ദൃശ്യങ്ങൾ വ്യക്തമാക്കി. പവലിയനിൽ തിരിച്ചെത്തിയശേഷവും ഔട്ടിനെക്കുറിച്ച് കോലിയും ദ്രാവിഡും സംസാരിക്കുന്നത് കാണാമായിരുന്നു.

ന്യൂസീലൻഡിനെതിരെ ഡക്കിനു പുറത്തായതോടെ ചില മോശം റെക്കോർഡുകളും കോലിയുടെ പേരിലായി. അതിന്റെ വിശദാംശങ്ങളിതാ:

∙ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ തവണ ‍ഡക്കായ ഇന്ത്യൻ ക്യാപ്റ്റൻമാർ

4 ബിഷൻ സിങ് ബേദി, 1976

4 കപിൽ ദേവ്, 1983

4 മഹേന്ദ്രസിങ് ധോണി, 2011

4 വിരാട് കോലി, 2021*

∙ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ഡക്കുകൾ

13 സ്റ്റീഫൻ ഫ്ലെമിങ്

10 ഗ്രെയിം സ്മിത്ത്

10 വിരാട് കോലി

8 ആതർട്ടൻ, ഹാൻസി ക്രോണിയ, മഹേന്ദ്രസിങ് ധോണി

English Summary: Virat Kohli, Rahul Dravid baffled with third umpire's decision after India captain's dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com