8 വയസ്സുവരെ മുംബൈയിൽ, മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളർ; ചരിത്രം, അജാസ്!
Mail This Article
മുംബൈ∙ ഏതാനും വർഷങ്ങൾക്കു മുൻപ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി നെറ്റ്സിൽ പന്തെറിഞ്ഞ ചരിത്രമുണ്ട് അജാസ് പട്ടേലിന്. അതിനും വളരെ മുൻപ് മുംബൈയിൽ ജനിച്ച്, എട്ടാം വയസ്സുവരെ മുംബൈയിൽ വളർന്ന കുട്ടിക്കാലത്തിന്റെ ഓർമയുമുണ്ട് അദ്ദേഹത്തിന്. ജനിച്ച നാടിന്റെ അടുപ്പമുള്ള മുംബൈയിലെ പ്രസിദ്ധമായ വാങ്കഡെ സ്റ്റേഡിയത്തിൽ, അതേ അജാസ് പട്ടേൽ ഇന്ന് ചരിത്രത്തിൽ സ്വന്തം പേരെഴുതി; ഒരു ടെസ്റ്റ് ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തി ‘പെർഫെക്ട് ടെൻ’ എന്ന അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരം! സ്വന്തം ജന്മനാടിനെതിരെ ജന്മനാട്ടിൽ സ്വന്തമാക്കിയ ചരിത്രനേട്ടത്തിന് പ്രത്യേകതകളേറെ!
ഇത്തവണ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തലേന്ന് മാധ്യമപ്രവർത്തകരെ കാണാനുള്ള അവസരം കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ അജാസ് പട്ടേലിനാണ് നൽകിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ ആഹ്ലാദത്തിനിടെ പട്ടേലിന് ഇരട്ടി സന്തോഷമായി ഈ അവസരം. ടെസ്റ്റ് കളിക്കാനായി മുംബൈയിലേക്കുള്ള വരവിനെ വൈകാരിക മുഹൂർത്തമായാണ് പട്ടേൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അത്തരമൊരു വൈകാരിക മുഹൂർത്തം ഓർത്തുവയ്ക്കാൻ ഇതിലും വലിയൊരു ചരിത്ര നിമിഷമുണ്ടോ?
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ അജാസ് പട്ടേലിന്റെ ഇടംകൈ സ്പിൻ കറക്കിവീഴ്ത്തിയതോടെ, 109.5 ഓവറിൽ 325 റൺസിന് ആതിഥേയർ ഓൾഔട്ടായി. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്. ഇതോടെ, ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി അജാസ് പട്ടേൽ.
1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായി. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.
∙ ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ബോളറുടെ ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം
10/119 അജാസ് പട്ടേൽ 2021*
8/50 നേഥൻ ലയൺ, 2017
8/215 ജെയ്സൻ ക്രേജ, 2008
∙ ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ മികച്ച ബോളിങ് പ്രകടനം
10/119 അജാസ് പട്ടേൽ, മുംബൈ, 2021*
9/95 ജാക്ക് നൊറെയ്ഗ, പോർട്ട് ഓഫ് സ്പെയിൻ, 1971
∙ ടെസ്റ്റ് ഇന്നിങ്സിൽ ന്യൂസീലൻഡ് താരത്തിന്റെ മികച്ച ബോളിങ് പ്രകടനം
10/119 അജാസ് പട്ടേൽ, ഇന്ത്യയ്‌ക്കെതിരെ, 2021*
9/52 റിച്ചാർഡ് ഹാഡ്‍ലി, ഓസ്ട്രേലിയയ്‌ക്കെതിരെ, 1985
English Summary: Ajaz Patel emulates Jim Laker and Anil Kumble, takes all 10 wickets in an innings