കിവീസ് 62ന് ഓൾഔട്ട്, ഇന്ത്യ 2–ാം ഇന്നിങ്സിൽ 69/0; 10 വിക്കറ്റ് ശേഷിക്കെ 332 റൺസ് ലീഡ്
Mail This Article
മുംബൈ ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ഒന്നാം ഇന്നിങ്സിൽ 263 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ മയാങ്ക് അഗർവാൾ 38 റൺസോടെയും, പരുക്കേറ്റ ശുഭ്മൻ ഗില്ലിനു പകരം രണ്ടാം ഇന്നിങ്സ് ഓപ്പൺ ചെയ്ത ചേതേശ്വർ പൂജാര 29 റൺസോടെയും ക്രീസിൽ. ഇതോടെ, 10 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ആകെ ലീഡ് 332 റൺസായി. ഒന്നാം ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ഗിൽ രണ്ടാം ഇന്നിങ്സ് ഓപ്പൺ ചെയ്യാതിരുന്നതെന്ന് ബിസിസിഐ അറിയിച്ചു. പരുക്ക് ഗുരുതരമല്ല.
നേരത്തേ, അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിന്റെ ചൂടാറും മുൻപേ വാങ്കഡെ സ്റ്റേഡിയത്തിൽ തകർപ്പൻ ബോളിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബോളർമാർ ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് വെറും 62 റൺസിൽ ചുരുട്ടിക്കെട്ടിയിരുന്നു. ഇന്ത്യയ്ക്കു മുന്നിൽ 263 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ന്യൂസീലൻഡ് ബാറ്റർമാർ, ഒന്നാം ഇന്നിങ്സിൽ വെറും 28.1 ഓവർ മാത്രമാണ് ക്രീസിൽ നിന്നത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്തിരുന്നു.
ഇന്ത്യൻ മണ്ണിലെ ഏറ്റവും ചെറിയ ടെസ്റ്റ് ഇന്നിങ്സ് സ്കോറെന്ന നാണക്കേടും ന്യൂസീലൻഡിന്റെ പേരിലായി. 1987ൽ ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരെ 75 റൺസിനു പുറത്തായ ഇന്ത്യയുടെ പേരിലായിരുന്നു ഇതുവരെ ആ നാണക്കേട്. നാലു വിക്കറ്റ് പിഴുത രവിചന്ദ്രൻ അശ്വിൻ, മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് പിഴുത അക്ഷർ പട്ടേൽ, ഒരു വിക്കറ്റ് പിഴുത ജയന്ത് യാദവ് എന്നിവർ ചേർന്നാണ് ന്യൂസീലൻഡിനെ എറിഞ്ഞൊതുക്കിയത്. അശ്വിൻ എട്ട് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്താണ് നാലു വിക്കറ്റ് പിഴുത്തത്.
36 പന്തിൽ രണ്ടു ഫോറുകൾ സഹിതം 17 റൺസെടുത്ത കൈൽ ജയ്മിസനാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ജയ്മിസനെ കൂടാതെ ന്യൂസീലൻഡ് നിരയിൽ രണ്ടക്കം കണ്ടത് 14 പന്തിൽ രണ്ടു ഫോറുകളോടെ 10 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാതം മാത്രം. ന്യൂസീലൻഡ് ഇന്നിങ്സിൽ ആകെ പിറന്നത് ഏഴു ഫോറുകൾ മാത്രമാണ്. ഏഴാം വിക്കറ്റിൽ ടോം ബ്ലണ്ടലും കൈൽ ജയ്മിസനും ചേർന്ന് കൂട്ടിച്ചേർത്ത 16 റൺസാണ് കിവീസ് ഇന്നിങ്സിലെ ഇതുവരെയുള്ള ഉയർന്ന കൂട്ടുകെട്ട്.
വിൽ യങ് (ഒൻപതു പന്തിൽ നാല്), ഡാരിൽ മിച്ചൽ (11 പന്തിൽ എട്ട്), റോസ് ടെയ്‍ലർ (രണ്ടു പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (31 പന്തിൽ ഏഴ്), ടോം ബ്ലണ്ടൽ (24 പന്തിൽ എട്ട്), രചിൻ രവീന്ദ്ര (15 പന്തിൽ നാല്), ടിം സൗത്തി (0), വില്യം സോമർവിൽ (0), എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അജാസ് പട്ടേൽ (0) പുറത്താകാതെ നിന്നു.
∙ ഇന്ത്യൻ മണ്ണിലെ ചെറിയ ടെസ്റ്റ് സ്കോറുകൾ
62 ന്യൂസീലൻഡ് ഇന്ത്യയ്‌ക്കെതിരെ, മുംബൈയിൽ, 2021
75 ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ, ഡൽഹിയിൽ, 1987
76 ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഹമ്മദാബാദിൽ, 2008
79 ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ നാഗ്പുരിൽ, 2015
∙ ഇന്ത്യയ്‌ക്കെതിരായ ചെറിയ ടെസ്റ്റ് സ്കോറുകൾ
62 ന്യൂസീലൻഡ് മുംബൈയിൽ, 2021*
79 ദക്ഷിണാഫ്രിക്ക നാഗ്പുരിൽ, 2015
81 ഇംഗ്ലണ്ട് അഹമ്മദാബാദിൽ, 2021
82 ശ്രീലങ്ക ചണ്ഡിഗഡിൽ, 1990
∙ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിന്റെ ചെറിയ ടെസ്റ്റ് സ്കോറുകൾ
62 മുംബൈയിൽ, 2021*
94 ഹാമിൽട്ടനിൽ, 2002
100 വെല്ലിങ്ടനിൽ, 1981
101 ഓക്‌ലൻഡിൽ, 1968
∙ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ചെറിയ ടെസ്റ്റ് സ്കോറുകൾ
62 ന്യൂസീലൻഡ് ഇന്ത്യയ്‌ക്കെതിരെ, 2021*
93 ഓസ്ട്രേലിയ ഇന്ത്യയ്‌ക്കെതിരെ, 2004
100 ഇന്ത്യ ഇംഗ്ലണ്ടിനെതിരെ, 2006
102 ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ, 1981
104 ഇന്ത്യ ഓസ്ട്രേലിയയ്‌ക്കെതിരെ, 2004
∙ പട്ടേലിന് ‘പത്തിൽ പത്ത്’
നേരത്തേ, ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതിയ സ്പിന്നർ അജാസ് പട്ടേൽ മിന്നിത്തിളങ്ങിയതോടെ, ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്തായിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.
ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് അജാസ് പട്ടേലിന്റെ പ്രകടനത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്കു കുടിയേറിയ താരമാണ് അജാസ് പട്ടേൽ.
സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 311 പന്തുകൾ നേരിട്ട അഗർവാൾ 17 ഫോറും നാലു സിക്സും സഹിതം 150 റൺസെടുത്തു. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു. ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. എല്ലാ വിക്കറ്റുകളും അജാസ് പട്ടേൽ സ്വന്തമാക്കി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.
English Summary: India vs New Zealand, 2nd Test - Live Cricket Score