മൂന്നാം ദിനം ന്യൂസീലൻഡ് അഞ്ചിന് 140 റൺസ്; വിജയം ഇപ്പോഴും 400 റൺസ് അകലെ!
Mail This Article
മുംബൈ ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്കു മുന്നിൽ ന്യൂസീലൻഡ് പതറുന്നു. 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന് രണ്ടാം ഇന്നിങ്സിൽ ഇതിനകം അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. ഹെൻറി നിക്കോൾസ് (36), രചിൻ രവീന്ദ്ര (2) എന്നിവർ ക്രീസിൽ. രണ്ടു ദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ന്യൂസീലൻഡിന് വിജയത്തിലേക്ക് 400 റൺസ് കൂടി വേണം.
അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡ് നിരയിൽ ഇതുവരെയുള്ള ടോപ് സ്കോറർ. 92 പന്തുകൾ നേരിട്ട മിച്ചൽ, ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റൺസെടുത്താണ് പുറത്തായത്. ടെസ്റ്റിൽ ഡാരിൽ മിച്ചലിന്റെ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്. അക്ഷർ പട്ടേലിന്റെ പന്തിൽ ജയന്ത് യാദവ് ക്യാച്ചെടുത്താണ് മിച്ചൽ പുറത്തായത്.
ഓപ്പണർമാരായ ടോം ലാതം (15 പന്തിൽ 6), വിൽ യങ് (41 പന്തിൽ 20), റോസ് ടെയ്‍ലർ (എട്ടു പന്തിൽ ആറ്), ടോം ബ്ലണ്ടൽ (0) എന്നിവരാണ് ന്യൂസീലൻഡ് നിരയിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി അശ്വിൻ മൂന്നും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ടോം ബ്ലണ്ടൽ റണ്ണൗട്ടായി.
∙ കരുത്തോടെ ഇന്ത്യ
നേരത്തേ, അജാസ് പട്ടേലിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിനിടയിലും മികച്ച ബാറ്റിങ് കെട്ടഴിച്ച ഇന്ത്യ, മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനു മുന്നിലുയർത്തിയത് 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സുമായി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് ന്യൂസീലൻഡിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്ത ഇന്ത്യ, ന്യൂസീലൻഡിനെ വെറും 62 റൺസിനു പുറത്താക്കി 263 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു.
നേരത്തേ, അർധസെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോറർ. അഗർവാൾ 108 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു. ചേതേശ്വർ പൂജാര (97 പന്തിൽ 47), ശുഭ്മൻ ഗിൽ (75 പന്തിൽ 47), ക്യാപ്റ്റൻ വിരാട് കോലി (84 പന്തിൽ 36), അക്ഷർ പട്ടേൽ (26 പന്തിൽ പുറത്താകാതെ 41) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രേയസ് അയ്യർ (എട്ടു പന്തിൽ 14), വൃദ്ധിമാൻ സാഹ (12 പന്തിൽ 13), ജയന്ത് യാദവ് (11 പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നഷ്ടമായ ഏഴു വിക്കറ്റുകളിൽ നാലും അജാസ് പട്ടേൽ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 10 വിക്കറ്റും സ്വന്തമാക്കി അജാസ് പട്ടേൽ ചരിത്രം കുറിച്ചിരുന്നു. ിത്തവണ 26 ഓവറിൽ 106 റൺസ് വഴങ്ങിയാണ് താരം നാലു വിക്കറ്റെടുത്തത്. രചിൻ രവീന്ദ്ര 13 ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.
English Summary: India vs New Zealand, 2nd Test - Live Cricket Score