ADVERTISEMENT

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ‘വേരു പിടിച്ചത്’ ഒരേയൊരു മരം മാത്രമാണ്; ക്യാപ്റ്റൻ ജോ റൂട്ട്. 1708 റൺസുമായി ഈ കലണ്ടർ വർഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ടോപ് സ്കോറർ ആയാണു റൂട്ട് 2021 സീസൺ അവസാനിപ്പിക്കുന്നത്. ഒരു കലണ്ടർ വർഷം കൂടുതൽ‌ റൺ‌സ് നേടുന്നവരുടെ പട്ടികയിൽ മൂന്നാമതുമെത്തി.

പക്ഷേ ക്യാപ്റ്റന്റെ ഒറ്റയാൻ പോരാട്ടത്തിനു പിന്തുണ നൽകാതെ തീർത്തും നിറംമങ്ങിയ ഇംഗ്ലണ്ട് ടീമിലെ സഹതാരങ്ങൾ റൂട്ടിന് സമ്മാനിച്ചത് മറ്റൊരു മോശം റെക്കോർഡാണ്; ഈ വർഷം ടെസ്റ്റിൽ ഏറ്റവുമധികം തോ‍ൽവിയേറ്റുവാങ്ങിയ ക്യാപ്റ്റൻ (9)! റൂട്ട് ഒഴികെയുള്ള ഇംഗ്ലണ്ട് ബാറ്റർമാരെല്ലാം സീസണിൽ സമ്പൂർണ പരാജയമായതാണു ഇംഗ്ലണ്ടിനു തിരിച്ചടിയായത്.

2021ൽ ജോ റൂട്ട് 1708 ടെസ്റ്റ് റൺസ് നേടിയപ്പോൾ രണ്ടാമതുള്ള ഇംഗ്ലണ്ടുകാരൻ റോറി ബേൺസാണ്; സമ്പാദ്യം 530 റൺസും. റൂട്ടിനേക്കാൾ ആയിരത്തിലേറെ റൺസ് കുറവ്. ഇംഗ്ലിഷ് ടോപ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാമൻ ഒരു ബാറ്ററല്ലെന്നതാണു കൗതുകം. എതിർ‌ ടീമുകൾ എക്സ്ട്രാസിലൂടെ സംഭാവന ചെയ്ത 412 റൺസാണ് അത്!

CRICKET-AUS-ENG-ASHES
ജോ റൂട്ട്

ഇംഗ്ലണ്ട് ടീമിൽ 2021ൽ 400 റൺസിനു മുകളിൽ നേടാനായത് റൂട്ടിനും ബേൺസിനും മാത്രം. 61 റൺസാണ് ഈ വർഷം ജോ റൂട്ടിന്റെ ബാറ്റിങ് ശരാശരിയെങ്കിൽ 34.22 റൺസ് ശരാശരിയുള്ള ഡേവിഡ് മലാനാണ് ഈ കണക്കിൽ ഇംഗ്ലിഷുകാരിൽ രണ്ടാം സ്ഥാനത്ത്.

ജോ റൂട്ട് @ 2021

ഇന്നിങ്സ്–27

റൺസ്–1708

ശരാശരി–61

സെഞ്ചുറി–6

ഉയർന്ന സ്കോർ–228

വിക്കറ്റ്–14

joerootdismissal
ഫയല്‍ചിത്രം

∙2021ൽ ഇംഗ്ലണ്ട് ടീം ആകെ നേടിയ ടെസ്റ്റ് റൺസിന്റെ 26.21 ശതമാനവും റൂട്ടിന്റെ ബാറ്റിൽ നിന്നായിരുന്നു.

∙ ഈ വർഷം 12 ടെസ്റ്റുകളിൽ ഇംഗ്ലണ്ട് ടീമിന്റെ ടോപ് സ്കോറർ ജോ റൂട്ടായിരുന്നു. ഇത് റെക്കോർഡാണ്.

സംപൂജ്യർ

ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ താരങ്ങൾ പൂജ്യത്തിനു പുറത്തായ ടീം

ഇംഗ്ലണ്ട്: 54 (2021)

ഇംഗ്ലണ്ട്: 54 (1998)

വെസ്റ്റിൻഡീസ്: 44 (2000)

ഓസ്ട്രേലിയ: 40 (1999)

ഇംഗ്ലണ്ട് ടീമിൽ കൂടുതൽ ടെസ്റ്റ് റൺസ് @ 2021

1708– ജോ റൂട്ട്

530– റോറി ബേൺസ്

412–എക്സ്ട്രാസ്

391– ജോണി ബെയർസ്റ്റോ

368– ഒലീ പോപ്പ്

356– ഡോം സിബ്‌ലി

English Summary: Joe Root Ends 2021 With Third-Most Calendar-Year Test Runs In History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com