വയസ് 29 മാത്രം; ഇന്ത്യയോടു തോറ്റതിനു പിന്നാലെ ഡികോക്ക് ടെസ്റ്റിൽനിന്ന് വിരമിച്ചു
Mail This Article
സെഞ്ചൂറിയൻ∙ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു ഇരുപത്തൊൻപതുകാരനായ താരത്തിന്റെ വിശദീകരണം. ആദ്യത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഡികോക്ക് ഇന്ത്യയ്‌ക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
അതേസമയം, ടെസ്റ്റിൽനിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി തുടർന്നും കളിക്കുമെന്ന് ഡികോക്ക് വ്യക്തമാക്കി. 2014ൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു ഡികോക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 54 ടെസ്റ്റുകൾ കളിച്ച ഡികോക്ക് 3300 റൺസ് നേടിയിട്ടുണ്ട്. 38.82 ശരാശരിയിൽ ആറു സെഞ്ചുറികൾ സഹിതമാണ് ഇത്.
ഇന്ത്യയ്‌ക്കെതിരെ തന്റെ അവസാന ടെസ്റ്റ് കളിച്ച അതേ വേദിയിലായിരുന്നു ഡികോക്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയെന്ന പ്രത്യേകതയുമുണ്ട്. 2016ൽ ഏഴാം നമ്പറിൽ ബാറ്റിങ്ങിനെത്തി പുറത്താകാതെ 129 റൺസാണ് ഡികോക്ക് നേടിയത്. ഇംഗ്ലണ്ടിനെതിരായ ഈ മത്സരം ദക്ഷിണാഫ്രിക്ക 280 റൺസിന് ജയിക്കുകയും ചെയ്തു. അതേ വർഷം ഹൊബാർട്ടിൽ ഡികോക്ക് നേടിയ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയിൽ തുടർച്ചയായ മൂന്നാം പരമ്പര വിജയം നേടിയിരുന്നു. ആ വർഷം 63.18 ആയിരുന്നു ഡികോക്കിന്റെ ബാറ്റിങ് ശരാശരി.
‘ഇത് വളരെ അനായാസമായി ഞാൻ കൈക്കൊണ്ട ഒരു തീരുമാനമല്ല. ഭാവിയെക്കുറിച്ച് വളരെ ദീർഘമായി ആലോചിച്ചു. ജീവിതത്തിൽ എന്തിനൊക്കെയാണ് പ്രാധാന്യം നൽകേണ്ടതെന്നും ചിന്തിച്ചു. എന്റെയും സാഷയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന സാഹചര്യത്തിൽ ഞങ്ങളുടെ ജീവിതവും കുറച്ചുകൂടി വിപുലമാവുകയാണ്. എന്നെ സംബന്ധിച്ച് കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തുന്നതോടെ കൈവരുന്ന പുതിയ അധ്യായത്തിനായി തയാറെടുക്കുകയാണ് ഞങ്ങൾ’ – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പ്രസ്താവനയിൽ ഡികോക്ക് വ്യക്തമാക്കി.
‘ടെസ്റ്റ് ക്രിക്കറ്റിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കായി കളത്തിലിറങ്ങുന്നതിനെയും ഇഷ്ടപ്പെടുന്നു. ടെസ്റ്റ് കരിയറിലെ കയറ്റിറക്കങ്ങൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ആഘോഷങ്ങളും ചെറിയ നിരാശകളുമെല്ലാം ആസ്വദിച്ചു. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു അധ്യായം ആസ്വദിക്കാനുള്ള തയാറെടുപ്പിലാണ്’ – ഡികോക്ക് വിശദീകരിച്ചു.
‘ജീവിതത്തിൽ സമയം ഒഴികെ ഒരുവിധം എല്ലാം തന്നെ നമുക്കു പണം കൊടുത്തു വാങ്ങാം. ഇപ്പോൾ ജീവിതത്തിൽ ഞാൻ വളരെയേറെ വിലമതിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം കൂടുതലായി ചെലവഴിക്കാനുള്ള സമയമാണ്. എന്റെ ടെസ്റ്റ് കരിയറിന്റെ ഭാഗമായിരുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു’ – ഡികോക്ക് കുറിച്ചു.
‘ഇത് ദക്ഷിണാഫ്രിക്കയ്‌ക്കായുള്ള എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ അവസാനമല്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടർന്നും ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്കായി ദീർഘകാലം കളിക്കും. ഇന്ത്യയ്‌ക്കെതിരായ തുടർന്നുള്ള ടെസ്റ്റുകൾക്ക് എന്റെ ടീമംഗങ്ങൾക്ക് എല്ലാവിധ ആശംസകളും. ഇനി ഏകദിനത്തിലും ട്വന്റി20യിലും കാണാം’ – ഡികോക്ക് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ താൽക്കാലിക ടെസ്റ്റ് നായകനായി 2021ന് തുടക്കം കുറിച്ച ഡികോക്ക്, 29–ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന പ്രഖ്യാപനത്തോടെയാണ് വർഷം അവസാനിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നാലു ടെസ്റ്റുകളിലാണ് ഡികോക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ശ്രീലങ്കയ്‌ക്കും പാക്കിസ്ഥാനുമെതിരെയായിരുന്നു ഇത്. ശ്രീലങ്കയെ 2–0ന് തോൽപ്പിച്ചെങ്കിലും അതേ വ്യത്യാസത്തിൽ പാക്കിസ്ഥാനോടു തോറ്റു.
ബയോ സെക്യുർ ബബ്ളിലെ കടുത്ത നിയന്ത്രണങ്ങളിലുള്ള ബുദ്ധിമുട്ട് ഡികോക്ക് തുറന്നുപറഞ്ഞിരുന്നു. തുടർന്ന് ശ്രീലങ്കയ്‌ക്കും നെതർലൻഡ്സിനുമെതിരായ ഏകദിന പരമ്പരകളിൽനിന്ന് ബോർഡ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു.
നേരത്തെ, കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്റി20 ലോകകപ്പിന്റെ സമയത്ത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ മത്സരങ്ങൾക്കു മുൻപ് മുട്ടുകുത്തണമെന്ന് ബോർഡ് നിർദ്ദേശിച്ചപ്പോൾ ഡികോക്ക് എതിർത്തത് വിവാദമായിരുന്നു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽനിന്ന് ഡികോക്ക് മാറിനിൽക്കുകയും ചെയ്തു. തുടർന്ന് തന്റെ പ്രവർത്തിക്ക് മാപ്പു ചോദിച്ച ശേഷമാണ് ഡികോക്ക് തുടർന്നുള്ള മത്സരങ്ങളിൽ കളിച്ചത്.
English Summary: Quinton de Kock retires from Test cricket