ഇനി രഹാനെയെ വിടൂ, വിഹാരിയെ പിന്തുണയ്ക്കൂ: നിലപാട് പറഞ്ഞ് ഗംഭീർ
Mail This Article
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി ക്യാപ്റ്റൻ വിരാട് കോലി ടീമിൽ തിരിച്ചെത്തുമ്പോൾ ഇടം നഷ്ടമാകുന്നത് ആർക്കായിരിക്കും? രണ്ടാം ടെസ്റ്റിൽ കോലിക്കു പകരം കളിച്ച ഹനുമ വിഹാരി തന്നെ വഴിമാറേണ്ടി വരുമെന്ന് സൂചനകൾ ഉയരുന്നതിനിടെ, ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വിഹാരിയെ ഇനിയും തഴയരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തി. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വിഹാരിയെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. കോലിക്കായി രഹാനെ വഴിമാറട്ടെയെന്നും ഗംഭീർ നിർദ്ദേശിച്ചു.
ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തൊട്ടുമുൻപാണ് വിരാട് കോലി പുറത്തിനേറ്റ പരുക്കിനെത്തുടർന്ന് മത്സരത്തിൽനിന്ന് പിൻമാറിയത്. തുടർന്ന് കെ.എൽ. രാഹുലാണ് ഇന്ത്യയെ നയിച്ചത്. കോലിക്കു പകരം ഹനുമ വിഹാരി ടീമിലെത്തുകയും ചെയ്തു. മൂന്നാം ടെസ്റ്റിൽ കോലി ടീമിൽ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് പകരമെത്തി മികവുകാട്ടിയ ഹനുമ വിഹാരിയെ തഴയരുതെന്ന ഗംഭീറിന്റെ ആവശ്യം.
‘അജിൻക്യ രഹാനെയുടെ പ്രകടനം ദീർഘ കാലമായി നാം കാണുന്നതാണ്. അടുത്ത ടെസ്റ്റിൽ വിരാട് കോലി ടീമിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം നാലാം നമ്പറിൽ രഹാനെയ്ക്കു പകരം ബാറ്റു ചെയ്യട്ടെ. അഞ്ചാം നമ്പറിൽ വിഹാരി തന്നെ തുടരട്ടെ’ – ഗംഭീർ പറഞ്ഞു.
‘ഇന്ത്യൻ ടീമിനു നല്ലത് ഈ നീക്കമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഭാവി കൂടി പരിഗണിച്ചാലും വിഹാരിയെ ടീമിൽ നിലനിർത്തുന്നതാണ് അഭികാമ്യം. ഇതുവരെ രഹാനെയ്ക്ക് ടീം മാനേജ്മെന്റ് ഉറച്ച പിന്തുണ നൽകി. ഇനി ഹനുമ വിഹാരിയെ പിന്തുണയ്ക്കാനുള്ള സമയമാണ്. രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും തിളങ്ങിയ താരമാണ് വിഹാരി’ – ഗംഭീർ ചൂണ്ടിക്കാട്ടി.
English Summary: Gautam Gambhir names batsman India should drop for 3rd Test against South Africa