ഇന്ത്യൻ വംശജനായ ഓസീസ് താരം ഗുരീന്ദർ സന്ധുവിന് ബിഗ് ബാഷ് ലീഗിൽ ഹാട്രിക്!
Mail This Article
ക്വീൻസ്‌ലൻഡ്∙ ഇന്ത്യൻ വംശജനായ പേസ് ബോളർ ഗുരീന്ദർ സന്ധു ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോച്ചേഴ്സിനെതിരെ സിഡ്നി തണ്ടറിനു വിജയം. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റിനാണ് സിഡ്നി തണ്ടറിന്റെ വിജയം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പെർത്ത് സ്കോച്ചേഴ്സ് നേടിയത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ്. പുതുക്കിയ വിജയലക്ഷ്യമായ 135 റൺസ് 17 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ സിഡ്നി തണ്ടർ മറികടന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പെർത്ത് സ്കോച്ചേഴ്സിന്, ഗുരീന്ദർ സന്ധുവിന്റെ തകർപ്പൻ പ്രകടനമാണ് തിരിച്ചടിയായത്. മത്സരത്തിലാകെ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ സന്ധു നാലു വിക്കറ്റ് പിഴുതു.
12–ാം ഓവറിലെ അവസാന പന്തിൽ കോളിൻ മൺറോയെ പുറത്താക്കിയാണ് സന്ധു ഹാട്രിക് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് 16–ാം ഓവറിൽ ബോളിങ്ങിനായി തിരിച്ചെത്തിയ സന്ധു ആദ്യ പന്തിൽ ആരോൺ ഹാർഡിയേയും രണ്ടാം പന്തിൽ ലൗറി ഇവാൻസിനേയും പുറത്താക്കി ഹാട്രിക് തികച്ചു. അഞ്ചാം ഓവറിൽ കർട്ടിസ് പാറ്റേഴ്സനെയും പുറത്താക്കിയ സന്ധുവിന് മത്സരത്തിലാകെ നാലു വിക്കറ്റ്.
ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിൽ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സന്ധുവിന്റെ ആഭ്യന്തര കരിയറിലെ മൂന്നാം ഹാട്രിക്കാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
‘ഹാട്രിക് നേടുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. അതിലുപരി ടീമിന്റെ വിജയത്തിന് സംഭാവന നൽകാനായതിൽ കൂടുതൽ സന്തോഷം. നല്ലൊരു വിജയമാണ് ഇത്. കഴിഞ്ഞ വർഷത്തെ പ്രകടനത്തിനുശേഷം ടീമിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, ഒരു മത്സരം ജയിപ്പിച്ചു കഴിയുമ്പോൾ എല്ലാവർക്കും നമ്മിൽ വിശ്വാസമുണ്ടാകും’ – ഹാട്രിക് നേട്ടത്തിനു പിന്നാലെ സന്ധു പ്രതികരിച്ചു.
English Summary: Indian-origin Australian pacer Gurinder Sandhu bags stunning BBL hat-trick