ADVERTISEMENT

മുംബൈ∙ പരുക്കു നിമിത്തമുണ്ടായ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഏകദിന ടീമിൽ തിരിച്ചെത്തിയ തമിഴ്നാട് താരം വാഷിങ്ടൻ സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം കേപ് ടൗണിലേക്കു പോകാനിരിക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, പരമ്പരയിൽ സുന്ദറിന്റെ പങ്കാളിത്തം സംശയത്തിലായി. ജനുവരി 19നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക.

നിലവിൽ മുംബൈയിലുള്ള ഇന്ത്യൻ ഏകദിന ടീമംഗങ്ങൾ ബുധനാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടാനിരിക്കുകയാണ്. ഇതിനിടെയാണ് ടീമിനൊപ്പമുള്ള സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 19, 21, 23 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കേണ്ടത്.

ഏതാണ്ട് 10 മാസത്തോളമായി പരുക്കുമൂലം ടീമിനു പുറത്തായ സുന്ദർ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോവിഡ് ‘ചതിച്ചത്’. പരുക്കുമാറി വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനായി മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് സുന്ദർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.

സുന്ദറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബിസിസിഐ ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, കോവിഡ് ബാധിച്ച സുന്ദർ ദക്ഷിണാഫ്രിക്കയിലേക്കു പോകില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.

രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. സുന്ദറിന്റെ അഭാവത്തിലും സ്പിന്നർമാരായി രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചെഹലും ടീമിലുണ്ട്.

English Summary: Washington Sundar tests positive for Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com