ADVERTISEMENT

2008ലെ അണ്ടർ 19 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുന്നു. കിവീസ് ആദ്യം ബാറ്റ് ചെയ്യുന്നു. ഇന്ത്യയ്ക്കായി 21–ാം ഓവർ എറിയാനെത്തിയത് പാർട് ടൈം മീഡിയം പേസറായ ക്യാപ്റ്റൻ തന്നെയാണ്. ലെഗ് സൈഡിലൂടെ വൈഡായി ചെന്ന പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത കിവീസ് ക്യാപ്റ്റനു പിഴച്ചു. വിദഗ്ധമായി പന്ത് കയ്യിലൊതുക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി കിവി ക്യാപ്റ്റനെ സ്റ്റംപ് ചെയ്തു പുറത്താക്കി. ആ കളിയിൽ 2 വിക്കറ്റെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ പിന്നീടു ബാറ്റ് ചെയ്യാനിറങ്ങി 43 റൺസും നേടി; ഇന്ത്യ 3 വിക്കറ്റിനു ജയിച്ച കളിയിൽ പ്ലെയർ ഓഫ് ദ് മാച്ചുമായി.

ഈ ക്യാപ്റ്റൻ പിന്നീടു രാജ്യാന്തര ക്രിക്കറ്റിൽ തന്റെ ബാറ്റ് കൊണ്ടു സർവമാന റെക്കോർഡുകളും കടപുഴക്കി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ റെക്കോർഡ് വിജയങ്ങളിലേക്കു നയിച്ച വിരാട് കോലിയാണു 2008ലെ ആ അണ്ടർ 19 നായകൻ. അന്നത്തെ കിവീസ് നായകനും പിൽക്കാലത്തു മോശമാക്കിയില്ല. ന്യൂസീലൻഡിനെ ലോക ടെസ്റ്റ് ചാംപ്യൻമാരാക്കിയ കെയ്ൻ വില്യംസനാണ് ആ പ്രതിഭ. 

മറ്റൊരു അണ്ടർ 19 ലോകകപ്പിന് ഇന്നു കരീബിയൻ ദ്വീപുകളിൽ പിച്ചുണരുമ്പോൾ ആവേശത്തിലാണു ക്രിക്കറ്റ് ആരാധകർ. രാജ്യാന്തര ക്രിക്കറ്റിൽ മേൽവിലാസമുണ്ടാക്കി രാജാക്കൻമാരായി വിലസാൻ മികവുള്ള താരോദയങ്ങളുടെ വിളഭൂമിയാണ് എക്കാലത്തും അണ്ടർ 19 ലോകകപ്പുകൾ. ആഭ്യന്തര ക്രിക്കറ്റിലെ കരുത്തുറ്റ പ്രകടനത്തിലൂടെ ദേശീയ ടീമുകളിലേക്കു വഴിവെട്ടി കയറുന്നവർ ഒട്ടേറെയുണ്ടെങ്കിലും അണ്ടർ 19 ലോകകപ്പ് പോലെ കായികലോകം ശ്രദ്ധിക്കുന്ന ടൂർണമെന്റുകളിലൂടെ താരങ്ങളാകുന്നവരും ഒട്ടേറെയുണ്ട്. 

∙ ബാബർ അസം

2010, 2012 അണ്ടർ 19 ലോകകപ്പുകളിൽ കളിച്ചതു മുതൽ പാക്കിസ്ഥാൻ ബാറ്റർ ബാബർ അസമിന്റെ കരിയർ ഗ്രാഫ് മുകളിലേക്കേ പോയിട്ടുള്ളൂ. 2010ലെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. 2012ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റർ. 2 തവണയും ഓരോ സെഞ്ചുറി വീതം അക്കൗണ്ടിൽ. 2012ൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2015ൽ ദേശീയ ടീമിനൊപ്പം അരങ്ങേറിയ ബാബർ പിന്നീടു പാക്ക് നിരയുടെ നെടുംതൂണായി. ക്യാപ്റ്റനായി. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിലൊരാൾ. 

∙ വിരാട് കോലി

2008ൽ ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണു വിരാട് കോലി. അതിനുശേഷമുള്ള കോലിയുടെ വളർച്ച ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാണ്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും ലോക ക്രിക്കറ്റിൽ കോലിക്കു തുല്യം കോലി മാത്രം. പ്രതിഭയെ കഠിനാധ്വാനംകൊണ്ടു തേച്ചുമിനുക്കി കരിയറിൽ നേട്ടങ്ങൾ ബാറ്റ് ചെയ്തു കീഴടക്കിയ കോലി സമീപകാലം വരെ 3 ഫോർമാറ്റുകളിലും ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ. രാജ്യാന്തര ക്രിക്കറ്റിൽ 70 സെഞ്ചുറികളും 23,000ൽ അധികം റൺസുമായി കോലി ആധുനിക കാലത്തെ എണ്ണംപറ‍ഞ്ഞ താരങ്ങളിലൊരാളായി തിളങ്ങി നിൽക്കുന്നു. 

∙ സ്റ്റീവ് സ്മിത്ത്

2008ലെ അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിലെ ഓ‍ൾറൗണ്ടറായിരുന്നു സ്റ്റീവ് സ്മിത്ത്. മധ്യനിര ബാറ്ററും ലെഗ് സ്പിന്നറും. ടൂർണമെന്റിലാകെ 7 വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം പക്ഷേ, പിന്നീടു ബാറ്റിങ് പിച്ചിലേക്കു കളം മാറ്റിപ്പിടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയുടെ വിശ്വസ്ത താരമായി. ക്യാപ്റ്റനായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളിലൊരാൾ. പന്തുചുരണ്ടൽ വിവാദത്തിലൂടെ ഇമേജിനു കോട്ടം തട്ടിയെങ്കിലും ഇപ്പോൾ പഴയ ഫോമിലേക്കുള്ള തിരിച്ചുവരവിനായി കഠിന ശ്രമത്തിലാണ്. 

∙ കെയ്ൻ വില്യംസൻ

2008ലെ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡ് ക്യാപ്റ്റനായിരുന്നു കെയ്ൻ വില്യംസൻ. ഗംഭീര പ്രകടനമൊന്നും ആ ലോകകപ്പിൽ പുറത്തെടുക്കാൻ വില്യംസനായില്ല. 2 വർഷത്തിനുശേഷം കിവീസിനായി അരങ്ങേറിയതോടെ കഥ മാറി. മധ്യനിരയിലും വൺഡൗണായും മിസ്റ്റർ കൺസിസ്റ്റന്റ് എന്നു പേരെടുത്ത വില്യംസൻ ചരിത്രനേട്ടങ്ങളിലേക്കു ന്യൂസീലൻഡിനെ നയിച്ച ക്യാപ്റ്റനുമായി. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലും 2021ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും കിവീസ് കളിച്ചതു വില്യംസന്റെ ക്യാപ്റ്റൻസിയിലാണ്. 2021ൽ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടത്തിൽ കിവീസ് മുത്തമിട്ടപ്പോഴും ക്യാപ്റ്റൻ ‘കൂൾ കൂൾ’ വില്യംസനായിരുന്നു. 

∙ ദിനേശ് ചണ്ഡിമൽ

കോലിയും വില്യംസനും സ്മിത്തുമൊക്കെ കളിച്ച 2008 ലോകകപ്പിൽ തന്നെയാണു ശ്രീലങ്കൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ദിനേശ് ചണ്ഡിമലും ഇറങ്ങിയത്. 5 ക്യാച്ചുകളെടുത്തും 7 സ്റ്റംപിങ്ങുകൾ നടത്തിയും വിക്കറ്റിനു പിന്നിൽ ഉജ്വല പ്രകടനം നടത്തിയ യുവതാരത്തെ ലങ്കൻ സിലക്ടർമാർ നോട്ടമിട്ടു. സീനിയർ ടീമിലും ചണ്ഡിമലിനു ശോഭിക്കാനായി. രാജ്യാന്തര മത്സരങ്ങളി‍ൽ 8000ൽ അധികം റൺസ്. 174 ക്യാച്ച്. 21–ാം വയസ്സിൽ രാജ്യാന്തര അരങ്ങേറ്റം നടത്തിയ ചണ്ഡിമൽ തന്റെ 2–ാം ഏകദിന മത്സരത്തിൽ സെഞ്ചുറിയടിച്ചു റെക്കോർഡുമിട്ടു. 

∙ ഷിമ്രോൺ ഹെറ്റ്മയർ

ഐപിഎലിൽ ഉൾപ്പെടെ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന വെസ്റ്റിൻഡീസിന്റ ഷിമ്രോൺ ഹെറ്റ്മയർ 2016ൽ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ വിൻഡീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. സെമിയിൽ വിൻഡീസിനെ തുണച്ചത് ഹെറ്റ്മയറിന്റെ (60) പ്രകടനമാണ്. പിന്നീടു സീനിയർ ടീമിലേക്കു പാഡ് കെട്ടിയിറങ്ങിയ ഹെറ്റ്മയർ ഏകദിനത്തിലും ട്വന്റി20യിലും വിൻഡീസിനായി ഗംഭീര പ്രകടനമാണു നടത്തിയത്. 

∙ ഷഹീൻ അഫ്രിദി

2018ലെ അണ്ടർ 19 ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഇടംകൈ പേസറെ ക്രിക്കറ്റ് ലോകം പിന്നീട് അദ്ഭുതത്തോടെയാണു നോക്കിക്കണ്ടത്. 12 വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻഷാ അഫ്രിദി എന്ന പയ്യൻ മാസങ്ങൾക്കുശേഷം പാക്കിസ്ഥാൻ സീനിയർ ടീമിൽ അരങ്ങേറി. ഒട്ടും മോശമാക്കിയില്ല. ഇതുവരെയായി 150ൽ അധികം രാജ്യാന്തര വിക്കറ്റുകൾ. ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ മുൻനിരയിലുണ്ട് ഏറെക്കാലമായി ഈ പേസർ. 

∙ കഗീസോ റബാദ

2014ലെ അണ്ടർ 19 ലോകകപ്പുയർത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലെ മിന്നും താരമായിരുന്നു പേസർ കഗീസോ റബാദ. 14 വിക്കറ്റുകളാണു ടൂർണമെന്റിലാകെ റബാദ പിഴുതെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ റബാദ കാണികളെ അമ്പരപ്പിച്ചു. തൊട്ടടുത്ത വർഷം ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറി. ഇരുപത്താറുകാരനായ റബാദ രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ നാനൂറിനടുത്ത് വിക്കറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിക്കുന്നവരിൽ പ്രധാനിയും റബാദതന്നെ. 

∙ ബെൻ സ്റ്റോക്സ് 

2010ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ജോ റൂട്ട്, ജയിംസ് വിൻസ്, ക്രിസ് ഡെന്റ്, ജാക് മാനുവൽ എന്നിവരെ നഷ്ടപ്പെട്ടു 19–ാം ഓവറിൽ ഇംഗ്ലിഷുകാർ 4ന് 60ൽ തകർച്ച മുന്നിൽക്കണ്ടപ്പോഴാണ് ആ പയ്യൻ ക്രീസിലേക്കെത്തുന്നത്. പിന്നീട് ഇന്ത്യൻ ബോളർമാർ കണക്കിനു തല്ലുവാങ്ങി. 88 പന്തുകളിൽ 6 സിക്സറും 4 ഫോറും പറത്തി 100 റൺസടിച്ച ശേഷം മടങ്ങിയ ആ പയ്യന്റെ പേര് ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായി പിൽക്കാലത്തു മാറിയ സ്റ്റോക്സ് തന്നെ. കെ.എൽ.രാഹുലും മയാങ്ക് അഗർവാളുമൊക്കെ അണിനിരന്ന ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ആ മത്സരത്തിൽ 31 റൺസിന്റെ ജയം നേടി. 

∙ യുവരാജ്, സൗത്തി, ധവാൻ, പൂജാര

2000 മുതലുള്ള ലോകകപ്പുകളിലെ പ്ലെയർ ഓഫ് ദ് സീരീസുകളുടെ പട്ടികയുംകൂടി നോക്കാം. പലരും പിന്നീടു പുലികളായി. 2000 – യുവരാജ് സിങ് (ഇന്ത്യ), 2002 – തതേന്ദ തെയ്ബു (സിംബാബ്‌വെ), 2004 – ശിഖർ ധവാൻ (ഇന്ത്യ), 2006 – ചേതേശ്വർ പൂജാര (ഇന്ത്യ), 2008 – ടിം സൗത്തി (ന്യൂസീലൻഡ്), 2014 – എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), 2016 – മെഹ്ദി ഹസൻ (ബംഗ്ലദേശ്), 2018 – ശുഭ്മൻ ഗിൽ (ഇന്ത്യ), 2020 – യശസ്വി ജയ്‌സ്വാൾ (ഇന്ത്യ).

English Summary: Players who shone at the U19 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com