കോലിക്ക് ഇനി കുടുംബത്തിനൊപ്പം കൂടുതൽ സമയം ലഭിക്കും; ബാറ്റിങ്ങിലും ശ്രദ്ധിക്കാം: സ്റ്റെയ്ൻ
Mail This Article
കേപ്ടൗൺ∙ വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിൽ, മറ്റാരും പങ്കുവയ്ക്കാത്ത അഭിപ്രായ പ്രകടനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോൽവിക്കു പിന്നാലെ കോലി നായക സ്ഥാനം രാജിവച്ചതിൽ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ക്യാപ്റ്റൻസി ഒഴിഞ്ഞതു കോലിയെ കൂടുതൽ മികവുറ്റ താരമാക്കുമെന്നു സ്റ്റെയ്ൻ പറഞ്ഞു. ബയോ ബബിളിനുള്ളിൽ കുടുംബത്തിൽനിന്ന് അകന്ന് ഏറെനാൾ കഴിയേണ്ടിവരും എന്നതും കോലിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം എന്നും സ്റ്റെയ്ൻ സ്റ്റാർ സ്പോർട്സ് ചാനലിനോട് പറഞ്ഞു.
‘കോലിയുടെ രാജി തീരുമാനത്തിൽ ബയോ ബബിളുകളും പങ്കു വഹിച്ചിട്ടുണ്ടാകാം. വിരാട് കോലിയെപ്പോലെ ഒരാൾ കുടംബത്തിനാകും ഇതിനെക്കാൾ പ്രാധാന്യം നൽകുക. കോലിയുടെ കുടുംബത്തിൽ ഇപ്പോൾ പുതിയൊരാൾ കൂടിയുണ്ട്.
ക്യാപ്റ്റൻസി നിസ്വാർഥമായ ജോലിയാണ്. ടീമിനായി ഏറ്റവും മികച്ചതു നൽകുക എന്നതാണു ക്യാപ്റ്റന്റെ ദൗത്യം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിവരും.
പക്ഷേ, കുടുംബം, കുട്ടികൾ തുടങ്ങിയവ ജീവിതത്തിലേക്കു വരുമ്പോൾ മറ്റുള്ള കാര്യങ്ങളെക്കാളേറെ പ്രാധാന്യം ഇവയ്ക്കു നൽകേണ്ടിവരും. ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കോലിക്കു കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാകും. ഒപ്പം ബാറ്റിങ്ങിലും കൂടുതൽ ശ്രദ്ധിക്കാം. കൂടുതൽ മെച്ചപ്പെട്ട വിരാട് കോലിയെ കാണാൻ ഇനി നമുക്കു കഴിഞ്ഞേക്കും. കോലി ഒരു രാജ്യാന്തര സെഞ്ചുറി നേടിയിട്ട് കാലമേറെയായി’– ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോലിക്കൊപ്പവും ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിൽ കോലിക്കെതിരെയും കളിച്ചിട്ടുള്ള താരമായ സ്റ്റെയ്ൻ പറഞ്ഞു.
English Summary: Dale Steyn's Unique Take On Why Virat Kohli Stepped Down As India's Test Captain