ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ മധ്യനിരയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണാഫ്രിക്കയെ 250നു മുകളിൽ സ്കോർ ചെയ്യാൻ  അനുവദിച്ചതോടെതന്നെ ഇന്ത്യ മത്സരം കൈവിട്ടെന്നും അദ്ദേഹം മത്സരത്തിനു ശേഷം സ്പോർട്സ് പോർട്ടലായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോടു പറഞ്ഞു.

ശിഖർ ധവാനും വിരാട് കോലിയും അർധ സെഞ്ചുറികളോടെ മികച്ച തുടക്കം നൽകിയ മത്സരത്തിൽ, മധ്യനിര കൂട്ടത്തോടെ നിലംപൊത്തിയതോടെ, 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 153–2 എന്ന സ്കോറിൽനിന്നു 214–8 എന്ന നിലയിലേക്കു തകർന്ന ഇന്ത്യയെ വാലറ്റത്തു ശാർദൂൽ ഠാക്കൂർ നടത്തിയ പ്രകടനമാണു അൽപമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

‘ഇന്ത്യൻ മധ്യനിരയുടെ ദൗർബല്യം ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 5–ാം നമ്പറിൽ ഋഷഭ് പന്തിനെപ്പോലെ ഒരാളാണു ബാറ്റു ചെയ്യുന്നത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യർക്കാകട്ടെ, മധ്യനിരയിൽ ബാറ്റു ചെയ്തു കാര്യമായ പരിചയമില്ല.

വേഗം കുറഞ്ഞ വിക്കറ്റിൽ, ആദ്യ മത്സരത്തിൽത്തന്നെ 6–ാം നമ്പറിൽ ബാറ്റു ചെയ്യുക എന്നതു വെല്ലുവിളിയാണ്. സൂര്യകുമാർ യാദവിനെപ്പോലെ ഒരാളെ മധ്യനിരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ പ്രതിസന്ധി മറികടക്കാനാകുമായിരുന്നു. മധ്യനിരയ്ക്കു കൂടുതൽ കരുത്തു കൈവരാൻ, ടീമിൽ അഴിച്ചുപണി ആവശ്യമാണ്. 

വേഗം കുറഞ്ഞ വിക്കറ്റിൽ മികച്ച ടോട്ടൽ പിന്തുടരുക എന്നത് ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ച് മഞ്ഞുവീഴ്ച കൂടി ഇല്ലാത്തെ  സാഹചര്യത്തിൽ. ടീമിലെ ഒരു ബാറ്റർ നങ്കൂരമിട്ടു കളിക്കേണ്ടത് അനിവാര്യമായിരുന്നു. മികച്ച തുടക്കം ലഭിച്ചതിനു േശഷമാണു ധവാനും കോലിയും പുറത്തായത്. ചേസിങ് എല്ലാ ഘട്ടത്തിലും പ്രയാസമേറിയതായിരുന്നു. ദക്ഷിണാഫ്രിക്കയെ 250 റൺസിനു മുകളിൽ സ്കോർ ചെയ്യാൻ അനുവദിച്ചതോടെതന്നെ ഇന്ത്യ മത്സരം കൈവിട്ടിരുന്നു എന്നാണ് എന്റെ പക്ഷം’– മഞ്ജരേക്കറുടെ വാക്കുകൾ.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അർധ ‍സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്താനും മഞ്ജരേക്കർ  മറന്നില്ല. 

 

English Summary: 'Little tweaks will have to be done': Manjrekar suggests a 'wholesome' change to fix India's middle-order collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com