സ്റ്റംപിലിടിച്ച പന്ത് തെറിച്ച് ഇപ്പുറത്തെ സ്റ്റംപിൽ; ‘നോക്കിയോടിയ’ റസ്സൽ റണ്ണൗട്ട്– വിഡിയോ
Mail This Article
ധാക്ക∙ ‘ചക്കിനുവച്ചത് കൊക്കിനു കൊണ്ടു’ എന്ന പറഞ്ഞ അവസ്ഥയിലാണ് വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സലിന്റെ അവസ്ഥ. ഒപ്പമുള്ള താരത്തെ റണ്ണൗട്ടാക്കാനുള്ള എതിർ ടീം താരങ്ങളുടെ ശ്രമത്തിൽ അവിശ്വസനീയമായി റണ്ണൗട്ടായത് റസ്സൽ. ഇന്നലെ ആരംഭിച്ച ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ആദ്യ ദിനത്തിലാണ് കൗതുകം സൃഷ്ടിച്ച് വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ തികച്ചും വ്യത്യസ്തമായ രീതിയിൽ പുറത്തായത്. ബിപിഎലിൽ ഖുൽന ടൈഗേഴ്സും ധാക്ക മിനിസ്റ്റർ ഗ്രൂപ്പും തമ്മിലുള്ള മത്സരത്തിലാണ് മഹ്മൂദുല്ലയ്ക്കായി എതിർ ടീം ഒരുക്കിയ കെണിയിൽ റസ്സൽ വീണത്.
സംഭവം ഇങ്ങനെ: ഈ സീസണിലെ രണ്ടാമത്തെ മാത്രം മത്സരത്തിലാണ് ധാക്ക മിനിസ്റ്റർ ഗ്രൂപ്പും ഖുൽന ടൈഗേഴ്സും ഏറ്റുമുട്ടിയത്. മത്സത്തിൽ ടോസ് നേടിയ ഖുൽന ടൈഗേഴ്സ്, ധാക്ക മിനിസ്റ്റേഴ്സ് ഗ്രൂപ്പിനെ ബാറ്റിങ്ങിന് അയച്ചു. ധാക്ക ഇന്നിങ്സിന്റെ 15–ാമത്തെ ഓവറിലാണ് ആരാധകരെ ത്രസിപ്പിച്ച രസകരമായ റണ്ണൗട്ട്.
ഖുൽന ടൈഗേഴ്സിനായി 15–ാം ഓവർ ബോൾ ചെയ്തത് ശ്രീലങ്കൻ താരം തിസാര പെരേര. ക്രീസിൽ ആന്ദ്രെ റസ്സലും നോൺ സ്ട്രൈക്കേഴ് എൻഡിൽ മഹ്മൂദുല്ലയും. തിസാര പെരേരയുടെ പന്ത് തേർഡ് മാനിലേക്ക് തട്ടിയിട്ട റസ്സൽ സിംഗിളിനായി ഓടി.
റണ്ണൗട്ട് സാധ്യത കൂടുതൽ മഹ്മൂദുല്ലയ്ക്കായിരുന്നതിനാൽ പിന്നിലേക്ക് തിരിഞ്ഞുനോക്കിയായിരുന്നു റസ്സലിന്റെ ഓട്ടം. മറുവശത്ത് അപകടം മണത്ത മഹ്മൂദുല്ല ഓടി ക്രീസിൽ കയറി.
ഇനിയാണ് രസം. പന്ത് ഫീൽഡ് ചെയ്ത ധാക്ക താരം അതെടുത്ത് പ്രതീക്ഷിച്ചതുപോലെ മഹ്മൂദുല്ലയുടെ വിക്കറ്റ് ലക്ഷ്യമാക്കി സ്റ്റംപിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപിലിടിച്ചെങ്കിലും അപ്പോഴേക്കും മഹ്മൂദുല്ല ക്രീസിൽ കയറിയിരുന്നു.
എന്നാൽ ക്രീസിലെ സ്റ്റംപിടിച്ച പന്ത് തട്ടിത്തെറിച്ച് നേരെ ചെന്നുവീണത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിൽ. പന്ത് അവിടേക്ക് എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത റസ്സലിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് വീണു. പിന്നിലേക്ക് നോക്കി ഓടിയ റസ്സലാകട്ടെ ആ സമയത്ത് ക്രീസിന് അടുത്തുപോലും എത്തിയിരുന്നില്ല. ഇതോടെ മൂന്നു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസെടുത്ത് മികച്ച തുടക്കമിട്ട റസ്സൽ പുറത്ത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്ത ധാക്കയ്‌ക്കെതിരെ, ഒരു ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്ന് ഖുൽന ടൈഗേഴ്സ് വിജയം കുറിച്ചു.
English Summary: Bangladesh Premier League: Andre Russell dismissed in a freak run-out