ഇന്ത്യയോട് തോറ്റ കലിപ്പ് ഏഷ്യ ‘ലോക’ത്തോടു തീർത്തു; റണ്ണൊഴുക്കിനൊടുവിൽ ഉജ്വല ജയം!
Mail This Article
അൽ അമീറത്ത് (ഒമാൻ)∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ വേൾഡ് ജയന്റ്സിനെതിരെ ഏഷ്യ ലയൺസിന് തകർപ്പൻ വിജയം. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഏഷ്യ ലയൺസ് വേൾഡ് ജയന്റ്സിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വേൾഡ് ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 205 റൺസ്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഏഷ്യ ലയൺസ് നാലു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ആദ്യ മത്സരത്തിൽ ഏഷ്യ ലയൺസ് ഇന്ത്യ മഹാരാജാസിനോട് തോറ്റിരുന്നു.
ഏഷ്യ ലയൺസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വേൾഡ് ജയന്റ്സിന് അയർലൻഡ് താരം കെവിൻ ഒബ്രീന്റെ ബാറ്റിങ്ങാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. 46 പന്തിൽ 95 റൺസെടുത്ത ഒബ്രീന് നേരിയ വ്യത്യാസത്തിലാണ് സെഞ്ചുറി നഷ്ടമായത്. ഏഴു വീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് ഒബ്രീന്റെ ഇന്നിങ്സ്.
കെവിൻ പീറ്റേഴ്സൻ (11 പന്തിൽ 14), ഫിൽ മസ്റ്റാർഡ് (22 പന്തിൽ 28), കോറി ആൻഡേഴ്സൻ (12 പന്തിൽ 18), ഒവൈസ് ഷാ (13 പന്തിൽ 14), ക്യാപ്റ്റൻ ഡാരൻ സമി (എട്ടു പന്തിൽ എട്ട്), ആൽബി മോർക്കൽ (ഏഴു പന്തിൽ പുറത്താകാതെ 17), ഇമ്രാൻ താഹിർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഏഷ്യ ലയൺസിനായി നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത നുവാൻ കുലശേഖരയുടെ പ്രകടനം ശ്രദ്ധേയമായി. പാക് താരം മുഹമ്മദ് ഹഫീസിനും രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി. ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഏഷ്യ ലയൺസിന് ഓപ്പണർ തിലകരത്‌നെ ദിൽഷൻ (52), ഉപുൽ തരംഗ (63) എന്നിവരുടെ അർധസെഞ്ചുറികളാണ് കരുത്തായത്. 32 പന്തുകൾ നേരിട്ട ദിൽഷൻ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് 52 റൺസെടുത്തത്. തരംഗ 43 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 63 റൺസെടുത്തു.
ഇരുവരും പുറത്തായെങ്കിലും 13 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത മുഹമ്മദ് ഹഫീസ്, ഏഴു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14 റൺസുമായി പുറത്താകാതെ നിന്ന അസ്ഗർ അഫ്ഗാൻ, 11 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് എന്നിവർ ചേർന്ന് ഏഷ്യ ലയൺസിനെ വിജയത്തിലെത്തിച്ചു. ഓപ്പണർ കമ്രാൻ അക്മൽ 10 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസെടുത്തു. വേൾഡ് ജയന്റ്സിനായി മോണി മോർക്കൽ രണ്ടും മോണ്ടി പനേസർ ഒരു വിക്കറ്റും വീഴ്ത്തി.
English Summary: Legends League Cricket: Asia Lions roar back to stun World Giants