ഇന്ത്യ കരുതിയിരിക്കുക; ഇംഗ്ലണ്ടിനെ 17 റൺസിന് വീഴ്ത്തി പരമ്പര നേടി വിൻഡീസ് വരുന്നു!
Mail This Article
ബ്രിജ്ടൗൺ∙ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ടിനെതിരായ ‘ഫൈനൽ’ ജയിച്ച് ആതിഥേയരായ വെസ്റ്റിൻഡീസിന് പരമ്പര നേട്ടം. ആവേശകരമായ അഞ്ചാം ട്വന്റി20 മത്സരത്തിൽ 17 റൺസിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽ ഇരു ടീമുകളും രണ്ടു മത്സരങ്ങൾ വീതം ജയിച്ചതോടെയാണ് അഞ്ചാം മത്സരം ‘ഫൈനൽ’ ആയി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 179 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് നേടാനായത് 19.5 ഓവറിൽ 162 റൺസ് മാത്രം. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര വിൻഡീസ് 3–2ന് സ്വന്തമാക്കി.
2.5 ഓവറിൽ 27 റൺസ് വഴങ്ങി ഹാട്രിക് സഹിതം അഞ്ച് വിക്കറ്റ് പിഴുത വിൻഡീസ് താരം ജെയ്സൻ ഹോൾഡറാണ് കളിയിലെ കേമൻ. അവസാന ഓവറിൽ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ ബോൾ ചെയ്യാനെത്തിയ ഹോൾഡർ, നാലു പന്തിൽ നാല് വിക്കറ്റ് പിഴുതാണ് വിൻഡീസിന് വിജയം സമ്മാനിച്ചത്. ക്രിസ് ജോർദാൻ, സാം ബില്ലിങ്സ്, ആദിൽ റഷീദ്, സാഖ്വിബ് മഹ്മൂദ് എന്നിവരാണ് അവസാന ഓവറിൽ ഹോൾഡറിനു മുന്നിൽ വീണത്. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മാത്രം ബോളറായി ഹോൾഡർ മാറി. ശ്രീലങ്കൻ താരം ലസിത് മലിംഗ, അയർലൻഡ് താരം കർട്ടിസ് കാംഫർ, അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുൻഗാമികൾ.
അകീൽ ഹുസൈൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റും പിഴുതു. ശേഷിക്കുന്ന ഒരു വിക്കറ്റ് ഒഡീൻ സ്മിത്ത് സ്വന്തമാക്കി. പരമ്പര നേട്ടത്തിന്റെ തിളക്കവുമായി ഇനി വിൻഡീസ് ഇന്ത്യൻ പര്യടനത്തിനായി പുറപ്പെടും. ഫെബ്രുവരി ആറിനാണ് പരമ്പര ആരംഭിക്കുക.
35 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത ജയിംസ് വിൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സാം ബില്ലിങ്സ് 28 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്തു. ഇവർക്കു പുറമെ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടത് 12 പന്തിൽ 16 റൺസെടുത്ത ഓപ്പണർ ടോം ബാന്റൻ, 19 പന്തിൽ 14 റൺസെടുത്ത ക്യാപ്റ്റൻ മോയിൻ അലി എന്നിവർ മാത്രം.
നേരത്തെ, ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ വിൻഡീസ് ഇന്നിങ്സിൽ ബാറ്റെടുത്ത ആറു പേരിൽ അഞ്ച് പേരും തിളങ്ങിയതോടയാണ് അവർക്ക് മികച്ച സ്കോർ ഉറപ്പായത്. 25 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കയ്റൻ പൊള്ളാർഡാണ് അവരുടെ ടോപ് സ്കോറർ. റൂവൻ പവൽ 17 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 35 റൺസോടെയും പുറത്താകാതെ നിന്നു.
ഓപ്പണർമാരായ ബ്രണ്ടൻ കിങ് (31 പന്തിൽ 34), മയേഴ്സ് (19 പന്തിൽ 31), നിക്കോളാസ് പുരാൻ (24 പന്തിൽ 21) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് അഞ്ച് പന്തിൽ ആറു റൺസുമായി പുറത്തായ റൊമാരിയോ ഷെഫേർഡ് മാത്രം. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി.
English Summary: Jason Holder scripts history with hat-trick as hosts win thrilling 5th T20I, seal series