ടീമുകൾക്ക് താൽപര്യം, ലേലപ്പട്ടികയിലേക്ക് ആർച്ചർ, ഖവാജ; ഇല്ലെന്ന് ആവർത്തിച്ച് ഗെയ്ൽ!
Mail This Article
മുംബൈ∙ ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിൽ നടക്കുന്ന മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1214 താരങ്ങളുടെ പട്ടികയിൽ ഇല്ലാതിരുന്ന 44 താരങ്ങളാണ് ബിസിസിഐ പുറത്തുവിട്ട 590 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഇവർ ലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും വിവിധ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ, ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ തുടങ്ങിയവരാണ് ഇക്കൂട്ടത്തിൽ പ്രമുഖർ. അതേസമയം, വിൻഡീസ് താരം ക്രിസ് ഗെയ്‍ലിനായും ടീമുകൾ രംഗത്തെത്തിയെങ്കിലും ഇത്തവണ ഐപിഎലിനില്ലെന്ന നിലപാടിൽ താരം ഉറച്ചുനിന്നുവെന്നാണ് വിവരം.
ആർച്ചർ ഈ വർഷം കളിക്കില്ലെങ്കിലും അടുത്ത രണ്ടു സീസണുകളിൽ കളിക്കാൻ തയാറാണെന്ന് ഇംഗ്ലിഷ് ബോർഡ് ബിസിസിഐയെ അറിയിച്ച സാഹചര്യചത്തിലാണ് ആർച്ചറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. താരത്തിന് ഈ സീസൺ കളിക്കാനാകുമോയെന്ന കാര്യം സംശയമാണെന്ന് ലേലത്തിനു മുന്നോടിയായി ബിസിസിഐ 10 ടീമുകളെയും അറിയിക്കും. ഉസ്മാൻ ഖവാജയും പ്രാഥമിക പട്ടികയിൽ ഇല്ലായിരുന്നെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 1.5 കോടി രൂപയാണ് അടിസ്ഥാന വില.
ഇവർക്കു പുറമേ ചുരുക്കപ്പട്ടികയിൽ നേരിട്ട് ഇടംപിടിച്ച 44 താരങ്ങളിൽ 11 പേർ ഇന്ത്യക്കാരാണ്. അഞ്ച് പേർ ഓസ്ട്രേലിയ, ൊരാൾ അഫ്ഗാനിസ്ഥാൻ, രണ്ടു പേർ അയർലൻഡ്, ആറു പേർ ന്യൂസീലൻഡ്, രണ്ടു പേർ സ്കോട്‌ലൻഡ്, നാലു പേർ വീതം ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഏഴു പേർ ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ രാജ്യം തിരിച്ചുള്ള കണക്ക്. ദക്ഷിണാഫ്രിക്കൻ താരം ആൻഡിൽ പെഹ്‌ലൂക്‌വായോ ചുരുക്കപ്പട്ടികയിലുണ്ട്.
അതേസമയം, വെസ്റ്റിൻഡീസിന്റെ സൂപ്പർതാരം ക്രിസ് ഗെയ്‍ലിനായി ചില ടീമുകൾ രംഗത്തുവന്നെങ്കിലും താരം ഈ വർഷം ഐപിഎലിനില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സ്, ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് എന്നീ താരങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചും ടീമുകൾ എത്തിയെങ്കിലും ഇവരും ഐപിഎലിന് ഇല്ലെന്ന് നിലപാടെടുത്തു.
English Summary: Archer back in IPL auction, available to play from 2023 season