ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് പ്രിമിയർ ലീഗ് (ബിപിഎൽ) മത്സരത്തിനു മുന്നോടിയായി ഗ്രൗണ്ടിൽനിന്ന് പുകവലിച്ച മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് ഷെഹ്സാദ് വിവാദക്കുരുക്കിൽ. കളിക്കളത്തിൽവച്ച് താരം പുക വലിക്കുന്ന അപൂർവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് കർശനമായ താക്കീതും ലഭിച്ചു. ധാക്കയിലെ ഷേർ ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിൽ വച്ചാണ് അഫ്ഗാൻ താരം പുകവലിച്ച് വിവാദത്തിൽ ചാടിയത്. താരത്തിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

ഈ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയും കോമില്ല വിക്ടോറിയൻസും തമ്മിലുള്ള മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. മത്സരം ആരംഭിക്കാനായുള്ള കാത്തിരിപ്പ് നീണ്ടതോടെയാണ് മഴ ശമിച്ച അൽപനേരത്തേക്ക് കളിക്കാർ ഗ്രൗണ്ടിലെത്തിയത്. ഈ സമയത്താണ് ഷെഹ്സാദ് പുകവലിച്ച് വിവാദത്തിൽ ചാടിയത്.

സംഭവം വിവാദമായതോടെ ബംഗ്ലദേശ് ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) ഇടപെടുകയായിരുന്നു. ഷെഹ്സാദ് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയ മാച്ച് റഫറി നീയിമുർ റഷീദ് താരത്തെ കർശനമായി താക്കീത് ചെയ്യാനും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്താനും തീരുമാനിക്കുകയായിരുന്നു. ഷെഹ്സാദ് പിഴവ് സമ്മതിച്ചതോടെ മറ്റ് നടപടിക്രമങ്ങൾ കൂടാതെ തന്നെ ഇത് നടപ്പാക്കി.

സഹതാരങ്ങൾക്ക് സമീപത്തുനിന്ന് ഷഹ്സാദ് പുകവലിക്കുന്ന ദൃശ്യം ബംഗ്ലദേശിനെ ഒട്ടേറെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. താരം ഗ്രൗണ്ടിൽവച്ച് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ധാക്ക പരിശീലകൻ മിസാനുർ റഹ്മാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ബംഗ്ലദേശ് താരം തമിം ഇക്ബാൽ ഡ്രസിങ് റൂമിലേക്ക് പോകാൻ ഷഹ്സാദിനോടു നിർദ്ദേശിക്കുകയായിരുന്നു.

മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിലെ സ്ഥിരം മുഖമാണ് അഫ്ഗാനിൽനിന്നുള്ള ഈ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ. ടൂർണമെന്റിൽ ഏഴു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ധാക്ക ടീം.

English Summary: Mohammad Shahzad earns reprimand for smoking on the ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com