ADVERTISEMENT

ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന ഓർമകളിലൊന്നാണ് 1998 ജനുവരി 18നു ബംഗ്ലദേശിൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ ഇൻഡിപെൻഡൻസ് കപ്പ് ഫൈനൽ. ബെസ്റ്റ് ഓഫ് ത്രീയിലെ ആദ്യ ഫൈനൽ ഇന്ത്യ ജയിച്ചു. രണ്ടാമത്തേതു പാക്കിസ്ഥാനും. 3–ാം ഫൈന‍ലി‍ൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ സയീദ് അൻവറിന്റെയും (140) ഇജാസ് അഹമ്മദിന്റെയും (117) മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റൺസ്. ‌സൗരവ് ഗാംഗുലിയും (124) റോബിൻ സിങ്ങും (82) സച്ചിൻ തെൻഡുൽക്കറും (41) തിളങ്ങിയപ്പോൾ ഇന്ത്യ ജയത്തിനരികെയെത്തി.

അവസാന ഓവറിലെ അവസാന 2 പന്തുകളിൽ ജയിക്കാൻ 3 റൺസ് വേണ്ടിയിരിക്കെ 5–ാം പന്ത് ഫോറിനു പറത്തി ഇന്ത്യയ്ക്കു സ്വപ്നജയം സമ്മാനിച്ചത് ഇരുപത്തേഴുകാരനായ ഒരു ഇടംകൈ ബാറ്ററാണ്; മഹാരാഷ്ട്രക്കാരനായ ഋഷികേശ് കനിത്കർ. ആ കനിത്കറാണ് അണ്ടർ 19 ലോകകപ്പിൽ ഇന്നലെ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ഇപ്പോൾ നാൽപത്തേഴുകാരനായ കനിത്കറുടെ കോച്ചിങ് കരിയറിലെ തിളങ്ങുന്ന അധ്യായമാണു ലോകകപ്പ് വിജയം.

കോവിഡിനെ കീഴടക്കിയാണു കനിത്കറുടെ കുട്ടികളുടെ കിരീടനേട്ടം. ക്യാപ്റ്റൻ യഷ് ദൂലും വൈസ് ക്യാപ്റ്റൻ ഷെയ്ക്ക് റഷീദും ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ 6 പേർക്കാണു ലോകകപ്പ് വേദിയിൽ എത്തിയശേഷം കോവിഡ് പിടിപെട്ടത്. ഗ്രൂപ്പ് റൗണ്ടിലെ 2 മത്സരങ്ങളിൽ പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും ഉശിരൻ വിജയം നേടാൻ ഇന്ത്യൻ സംഘത്തിനായി.

രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായിരിക്കുമ്പോൾ ബാറ്റിങ് കോച്ചായി കഴിഞ്ഞ ലോകകപ്പിൽ അണ്ടർ 19 ടീമിനൊപ്പം കനിത്കറുണ്ടായിരുന്നു. ഡിസംബറിലാണ് മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹേമന്ത് കനിത്കറുടെ മകനാണ്.

English Summary: India U-19 head coach Hrishikesh Kanitkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com