ഇഷൻ (15.25 കോടി) വിഐപി: 10 കോടിയും കടന്ന് ശ്രേയസ്, ചാഹർ, ശാർദൂൽ, പുരാൻ...
Mail This Article
ബെംഗളൂരു∙ ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോൾ കോടിപതികളായി മാർക്വി താരങ്ങൾ. ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ്, പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കൽ (7.75 കോടി), വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (8.5 കോടി) എന്നീ ബാറ്റർമാരെയും ടീമിലെത്തിച്ച് കരുത്തുകാട്ടി. ബംഗ്ലദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ തുടങ്ങിയവരെ ആരും വാങ്ങിയില്ല.
അതേ സമയം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷൻ തന്നെ. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില. 20 ലക്ഷം അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ഷാരൂഖ് ഖാൻ, ആവേശ് ഖാൻ എന്നിവരും കോടിപതികളായി. ഷാരൂഖിനെ 9 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയപ്പോൾ ആവേശ് ഖാനെ 10 കോടി രൂപയ്ക്കാണു ലക്നൗ സ്വന്തമാക്കിയത്. മലയാളി താരങ്ങളായ ബേസിൽ തമ്പിയെ (30 ലക്ഷം) മുംബൈയും കെ.എം. ആസിഫിനെ (20 ലക്ഷം ചെന്നൈയും സ്വന്തമാക്കി.
English Summary: IPL Mega Auction Live Updates