ADVERTISEMENT

മെൽബൺ∙ ഐപിഎൽ 14–ാം സീസണിനിടെ കോവിഡ് വ്യാപനം ഭയന്ന് സീസൺ പാതിവഴിയിൽ അവസാനിച്ചിപ്പ് നാട്ടിലേക്ക് മടങ്ങിയതിനുള്ള തിരിച്ചടിയെന്ന നിലയിലാകും ഇത്തവണ ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്നതെന്ന് ഓസ്ട്രേലിയൻ ബോളർ കെയ്ൻ റിച്ചാഡ്സൻ. ഐപിഎൽ താരലേലത്തിൽ ഇത്തവണ ആരും വാങ്ങാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ പാതിവഴിയിൽ നാട്ടിലേക്കു മടങ്ങിയതാകും കാരണമായതെന്ന് റിച്ചാഡ്സൻ അഭിപ്രായപ്പെട്ടത്.

ഐപിഎൽ 14–ാം സീസണിൽ വിരാട് കോലി നായകനായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളായിരുന്നു ഓസീസ് താരങ്ങളായ കെയ്ൻ റിച്ചാഡ്സനും സ്പിന്നർ ആദം സാംപയും. എന്നാൽ, സീസൺ പുരോഗമിക്കുന്നതിനിടെ ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതോടെ ഇരുവരും ടൂർണമെന്റ് പാതിവഴിയിൽ നിർത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് ഈ വർഷത്തെ മെഗാ താരലേലത്തിൽ രണ്ടുപേരെയും ആരും ലേലത്തിൽ വാങ്ങിയില്ല.

‘ഇത്തവണ എന്നെയും സാംപയേയും ആരും വാങ്ങാത്തത് ഞെട്ടിച്ചു. സത്യം പറഞ്ഞാൽ കഴിഞ്ഞ സീസൺ പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങുമ്പോൾത്തന്നെ ഇതേക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നതാണ്. ഇങ്ങനെ പാതിവഴിയിൽ ഇട്ടിട്ടുപോയാൽ അത് പിന്നീട് നമുക്ക് തിരിച്ചടിയായിത്തീരുമെന്ന് ഞാൻ സാംപയോട് പറഞ്ഞു. അന്ന് പക്ഷേ, ഞങ്ങൾക്ക് അതൊന്നും വിഷയമായിരുന്നില്ല. എങ്ങനെയും ഓസ്ട്രേലിയയിൽ എത്താനുള്ള തിരക്കിലായിരുന്നു’ – റിച്ചാഡ്സൻ പറഞ്ഞു.

‘കഴിഞ്ഞ സീസണിൽ പാതിവഴിയിൽ ഇട്ടിട്ടുപോയതുകൊണ്ട് ഇത്തവണ ഞങ്ങളെ വാങ്ങാൻ എല്ലാവർക്കും മടി തോന്നിക്കാണും. ഇത്തവണയും ഞങ്ങൾ അങ്ങനെതന്നെ ചെയ്യുമെന്ന് അവർക്ക് ഭയം തോന്നാനും സാധ്യതയുണ്ട്. അന്ന് ഞങ്ങൾ പാതിവഴിയിൽ പോയത് ഇത്തവണ തഴയപ്പെടാൻ കാരണമായെന്ന് ഉറപ്പാണ്’ – റിച്ചാഡ്സൻ പറഞ്ഞു.

‘ഇക്കാര്യത്തിൽ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് ഞാൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ടീമുകളോ അവരുടെ പ്രതിനിധികളോ ഞങ്ങളെ സമീപിച്ചിട്ടില്ല. പക്ഷേ, ഇതായിരിക്കും കാരണമെന്ന് ഞാൻ ഊഹിച്ചതാണ്. അതിനു മുൻപത്തെ വർഷം കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടും ഞാൻ ഐപിഎൽ ഒഴിവാക്കിയിരുന്നു’ – റിച്ചാർഡ്സൻ പറഞ്ഞു.

‘കഴിഞ്ഞ രണ്ടു സീസണിലും ഇങ്ങനെ സംഭവിച്ചത് എന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടാകും. പക്ഷേ, ഇതൊന്നുമല്ല ഞാൻ എന്നതാണ് സത്യം. എന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനാണ് എന്നും ശ്രമിക്കാറുള്ളത്. പക്ഷേ, കഴിഞ്ഞ രണ്ട് സീസണുകളിലെ സംഭവങ്ങൾ എന്റെ വിലയിടിച്ചുകളഞ്ഞു. പക്ഷേ, അത്തരമൊരു വിശ്വാസ്യത എനിക്ക് ആവശ്യമില്ല’ – താരം കൂട്ടിച്ചേർത്തു.

English Summary: Leaving India early last year might be reason behind me, Zampa going unsold, says Kane Richardson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com