ADVERTISEMENT

കൊൽക്കത്ത ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായതിനു പിന്നാലെ വെറ്ററൻ താരം വൃദ്ധിമാൻ സാഹ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് സാഹയുടെ വിമർശനങ്ങളോട് ദ്രാവിഡ് പ്രതികരിച്ചത്. ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം മാധ്യമങ്ങളിൽനിന്ന് വായിച്ചറിയേണ്ടെന്ന് വിചാരിച്ചാണ് ഇക്കാര്യം നേരിട്ട് അറിയിച്ചതെന്ന് ദ്രാവിഡ് വ്യക്തമാക്കി. താൻ പറയുന്ന എല്ലാക്കാര്യങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി ടീമിലേക്കു പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചോളൂവെന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ദ്രാവിഡ് തന്നോടു പറഞ്ഞതായി സാഹ വെളിപ്പെടുത്തിയിരുന്നു. എം.എസ്.ധോണി വിരമിച്ചതു മുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണു മുപ്പത്തേഴുകാരനായ സാഹ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവർക്കെതിരെയും സാഹ വിമർശനം ഉയർത്തിയിരുന്നു.

‘സാഹയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചില്ല. വ‍ൃദ്ധിമാൻ സാഹയോടും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകളോടും എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ പേരിലാണ് ഞാൻ ഇക്കാര്യം സംസാരിക്കാൻ തയാറായതുതന്നെ. അദ്ദേഹം ഇക്കാര്യത്തിൽ സത്യസന്ധമായ സമീപനവും വ്യക്തതയും അർഹിക്കുന്നുണ്ട്. ടീമിൽനിന്ന് നീക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയേണ്ടെന്നു കരുതി’ – ദ്രാവിഡ് വിശദീകരിച്ചു.

‘ഇത്തരം കാര്യങ്ങൾ ഞാൻ കളിക്കാരുമായി സ്ഥിരമായി സംസാരിക്കുന്നതാണ്. ഞാൻ പറയുന്ന എല്ലാക്കാര്യങ്ങളും എല്ലാ താരങ്ങളും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് സാഹയുടെ പ്രതികരണം വേദനിപ്പിച്ചില്ല. ചില സമയത്ത് ബുദ്ധിമുട്ടുള്ള കാര്യങ്ങളും താരങ്ങളെ അറിയിക്കേണ്ടി വരും. ഞാൻ പറയുന്നതെല്ലാം അവർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. അതിന്റെ പേരിൽ പറയാനുള്ളത് പറയാതിരിക്കാൻ പറ്റുമോ?’ – ദ്രാവിഡ് ചോദിച്ചു.

ടീമിലെത്തുന്ന താരങ്ങളുടെ റോളിനെക്കുറിച്ചും ടീമിൽനിന്ന് മാറ്റിനിർത്തുന്നവരെ എന്തുകൊണ്ട് മാറ്റിയെന്നതു സംബന്ധിച്ചും കൃത്യമായി അതാത് താരങ്ങളെ അറിയിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ നിയോഗിച്ചിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

‘ഇപ്പോഴാണെങ്കിലും ഒരു കളിക്കുള്ള ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പുറത്തിരുത്തേണ്ടി വരുന്ന താരങ്ങളുമായി ഞാനോ രോഹിത്തോ സംസാരിക്കാറുണ്ട്. എന്തുകൊണ്ടാണ് അവരെ കളിപ്പിക്കാത്തതെന്നും ഈ ടീമിനെ തിരഞ്ഞെടുക്കാൻ എന്താണ് കാരണമെന്നും വ്യക്തമായിത്തന്നെ വിശദീകരിക്കും. ഇക്കാര്യത്തിൽ എനിക്ക് മറയ്ക്കാനൊന്നുമില്ല. പക്ഷേ, കളിക്കാർക്ക് ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികം. പക്ഷേ, അവരോടുള്ള ബഹുമാനം കൊണ്ടാണ് ഉള്ളത് ഉള്ളതുപോലെ പറയുന്നത്. എന്റെ ടീമിലുള്ളവർക്ക് അവരെക്കുറിച്ച് സത്യസന്ധവും സുവ്യക്തവുമായ ധാരണ വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്’ – ദ്രാവിഡ് പറഞ്ഞു.

‘ഈ വർഷം നമുക്ക് ആകെ കളിക്കാനുള്ളത് മൂന്നു ടെസ്റ്റുകളാണ്. ഋഷഭ് പന്ത് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനാൽ, പിൻഗാമിയായി ഒരു യുവതാരത്തെ വളർത്തിക്കൊണ്ടിവരാനാണ് ശ്രമം. അത്രേയുള്ളൂ. ഈ പ്രതികരണത്തിന്റെ പേരിൽ എനിക്ക് സാഹയോടും അദ്ദേഹത്തിന്റെ സംഭാവനകളോടുമുള്ള ബഹുമാനം ഇല്ലാതാകുന്നില്ല’ – ദ്രാവിഡ് പറഞ്ഞു.

‘നോക്കൂ, എനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതേക്കുറിച്ചൊന്നും സംസാരിക്കാതിരിക്കുക എന്നതാണ്. പക്ഷേ, എന്റെ ശൈലി അതല്ല. പറയുന്ന കാര്യങ്ങൾ ചിലപ്പോൾ അവർക്കു ദഹിക്കണമെന്നില്ല. പക്ഷേ, ഏതെങ്കിലും ഘട്ടത്തിൽ ഇക്കാര്യം പറയാൻ ഞാൻ മുന്നോട്ടുവന്നത് അവർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ’ – ദ്രാവിഡ് പറഞ്ഞു.

English Summary: Rahul Dravid on Wridhhiman Saha: ‘He deserved honesty and clarity’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com