പത്തിൽ 6 ടീമുകളും മത്സരിച്ച് ലേലം വിളിച്ച താരങ്ങൾ 3 പേർ; അവർ ഇപ്പോൾ എവിടെ?
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ പങ്കെടുത്ത 10 ടീമുകളിൽ ആറു ടീമുകളും മത്സരിച്ച് ലേലം വിളിച്ചത് മൂന്നു താരങ്ങൾക്കു വേണ്ടി. ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച ഇഷാൻ കിഷനോ രണ്ടാമതെത്തിയ ദീപക് ചാഹറോ ആ കൂട്ടത്തിലില്ല. പിന്നെ ആർക്കൊക്കെ വേണ്ടിയാണ് ഇത്രയധികം ടീമുകൾ താരലേലത്തിൽ രംഗത്തിറങ്ങിയത്. സിംഗപ്പുർ താരം ടിം ഡേവിഡ്, ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡ, സായ് കിഷോർ എന്നിവർക്കു വേണ്ടിയാണ് ഏറ്റവും കൂടുതൽ ടീമുകൾ താരലേലത്തിൽ മത്സരിച്ച് വിളിച്ചത്.
ഏതൊക്കെ ടീമുകളാണ് ഇവർക്കായി രംഗത്തെത്തിയത്? ആറു ടീമുകൾ മത്സരിച്ച് വിളിച്ചിട്ടും ഇവർക്ക് ലഭിച്ച പ്രതിഫലം എത്ര? രസകരമായ ഈ കണക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം.
∙ ടിം ഡേവിഡ്
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഭാഗമാകുന്ന ആദ്യ സിംഗപ്പുർ താരമാണ് ടിം ഡേവിഡ്. കഴിഞ്ഞ സീസണിൽ പകരക്കാരനായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടിം ഡേവിഡിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായി അവസരമൊന്നും ലഭിച്ചില്ല.
ഇത്തവണ 40 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് ഡേവിഡ് താരലേലത്തിന് റജിസ്റ്റർ ചെയ്തത്. ലേലത്തിനായി ടിം ഡേവിഡിന്റെ പേര് വിളിച്ചപ്പോൾ രംഗത്തുവന്നത് ആറു ടീമുകളാണ്. ഡൽഹി ക്യാപിറ്റൽസാണ് ടിം ഡേവിഡിനു വേണ്ടി ആദ്യം രംഗത്തെത്തിയ ടീം. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും രംഗത്തുവന്നു. പിന്നാലെ 80 ലക്ഷം രൂപ വിളിച്ച് ലക്നൗ സൂപ്പർ ജയന്റ്സും കളത്തിലിറങ്ങി.
താരത്തിന്റെ വില മൂന്നു കോടിയിലേക്ക് അടുക്കവെ രാജസ്ഥാൻ റോയൽസും കാശെറിഞ്ഞ് രംഗത്തെത്തി. ഏറ്റവുമൊടുവിൽ രംഗത്തുവന്ന മുംബൈ ഇന്ത്യൻസ് 8.25 കോടി രൂപയ്ക്ക് ടിം ഡേവിഡിനെ സ്വന്തമാക്കി.
∙ സായ് കിഷോർ
ഐപിഎലിൽ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും തമിഴ്നാട്ടിൽനിന്നുള്ള ഈ യുവ സ്പിന്നർക്കായും താരലേലത്തിൽ ആറു ടീമുകൾ രംഗത്തിറങ്ങി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ മൂന്നു കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസാണ് സ്വന്തമാക്കിയത്.
ഇതിനിടെ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ തുടക്കത്തിൽത്തന്നെ സായ് കിഷോറിനായി രംഗത്തെത്തി. വില രണ്ടു കോടിയോട് അടുത്തപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദും താരത്തിനായി രംഗത്തെത്തി. ഒടുവിൽ മൂന്നു കോടിക്ക് സായ് കിഷോർ ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായി.
∙ ദീപക് ഹൂഡ
ഐപിഎൽ താരലേലത്തിനു തൊട്ടുമുൻപു മാത്രം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാൻ അവസരം ലഭിച്ച ദീപക് ഹൂഡയാണ് ആറു ടീമുകൾ മത്സരിച്ച് വിളിച്ച മറ്റൊരു താരം. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹൂഡയെ ലക്നൗ സൂപ്പർ ജയന്റ്സ് 5.75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
ഇതിനിടെ രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾ ഹൂഡയ്ക്കായി പലതവണ രംഗത്തിറങ്ങി. അഞ്ച് കോടി എത്തിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദും ഒരു കൈ നോക്കിയെങ്കിലും ഒടുവിൽ 5.75 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് താരത്തെ സ്വന്തമാക്കി.
English Summary: Three players who received bids from 6 teams at IPL 2022 Auction