ശരീരഭാരം കുറയ്ക്കാൻ ചികിത്സ, തായ്ലൻഡിൽവച്ച് മരണം; വോൺ, ഇത്ര വേഗത്തിൽ...!
Mail This Article
അത്ര വേഗമുണ്ടായിരുന്നില്ല വോണിന്റെ പന്തുകൾക്ക്..പക്ഷേ എത്ര വേഗം അദ്ദേഹം ജീവിതം കടന്നു പോയി...കറങ്ങിത്തിരിയുന്ന പന്തുകൾ പോലെ എത്ര ചുഴിത്തിരിവുകൾ..ഒടുവിൽ അപ്രതീക്ഷിതമായ ഒരു ടേണിൽ മരണവും.. വിട, വോൺ!
ക്രീസിൽ കുത്തി ടേൺ ചെയ്യുന്ന ഒരു ക്രിക്കറ്റ് ബോൾ പോലെയായിരുന്നു ഷെയ്ൻ വോണിന്റെ ജീവിതം. എപ്പോൾ, എവിടെ, എങ്ങോട്ട് തിരിയുമെന്ന് ആർക്കും ഒരു പിടിയും കിട്ടിയിരുന്നില്ല. ക്രിക്കറ്റ് കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലുമായി വിക്കറ്റുകൾ ഓരോന്നായി പിഴുത് 1000 എന്ന മാന്ത്രികസംഖ്യയിൽ കൈ തൊട്ടു രാജാവായി വാണപ്പോഴും കളത്തിനു പുറത്തു വിവാദങ്ങളുടെ തോഴനായിരുന്നു എന്നും വോൺ. മരണത്തിലും നാടകീയത നിറച്ചാണു വോണിന്റെ വിടവാങ്ങൽ.
∙ ‘എനിക്കറിയില്ല’
ഏഷ്യയിലെ സ്പിൻ വിക്കറ്റുകളിൽ മാത്രം കുത്തിത്തിരിഞ്ഞിരുന്ന പന്തുകൾ ‘വോൺ മാജിക്കിൽ’ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ കറങ്ങിത്തിരിഞ്ഞു. ആഷസ് ടെസ്റ്റുകളിൽ ഇംഗ്ലിഷ് ബോളർമാർ വോണിനു മുന്നിൽ ബാറ്റ് വച്ച് കീഴടങ്ങി. ഇങ്ങനെ പന്ത് ടേൺ ചെയ്യിക്കാൻ എങ്ങനെ കഴിയുന്നുവെന്ന ചോദ്യത്തോട് ഒരിക്കൽ വോൺ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘പന്ത് ടേൺ ചെയ്യിക്കാനുള്ള കഴിവ് എനിക്കു കിട്ടിയതെങ്ങനെയെന്ന് ഇപ്പോഴും എനിക്കറിയില്ല. ഞാൻ അങ്ങനെ ജനിച്ചെന്നു വേണം കരുതാൻ. ശരിക്കും ക്രിക്കറ്റ് എന്നെ കണ്ടെത്തുകയായിരുന്നു...’
∙ ബാറ്റിങ്ങിലും കേമൻ
ലോക ക്രിക്കറ്റിൽ ഏകദിനത്തിലും ടെസ്റ്റിലുമായി 1000 വിക്കറ്റുകൾ വീഴ്ത്തിയ 2 ബോളർമാരിൽ ഒരാൾ, ടെസ്റ്റിൽ ചരിത്രത്തിലാദ്യമായി 700 വിക്കറ്റ് നേടിയ ബോളർ (പിന്നീടു മുത്തയ്യ മുരളീധരൻ വോണിനെ മറികടന്നു), ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ 3000ൽ അധികം റൺസ് നേടിയ ഒരേയൊരു താരം.
1999ൽ ഓസീസിനെ ഏകദിന ലോകകപ്പ് ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം ഐപിഎലിലും വോണിന്റെ പ്രതിഭ മിടുക്കു തെളിയിച്ചു. 2006ൽ ഇംഗ്ലണ്ടിനെ 5–0നു തകർത്ത് ആഷസ് പരമ്പര ഓസീസ് തൂത്തുവാരിയതിനു പിന്നാലെ വോൺ വിരമിക്കൽ പ്രഖ്യാപിച്ചു. അന്നു ഗ്ലെൻ മഗ്രോയും ഡാമിയൻ മാർട്ടിനും ജസ്റ്റിൻ ലാംഗറും മഞ്ഞക്കുപ്പായത്തിനോടു വിടപറഞ്ഞു. ക്യാപ്റ്റൻ റിക്കി പോണ്ടിങ് വോൺ ഉൾപ്പെടെയുള്ളവരെ കെട്ടിപ്പിടിച്ചു കൂടെനിർത്തി പറഞ്ഞു: ‘ഇതിഹാസ കാലഘട്ടത്തിന്റെ അന്ത്യം.’
∙ നീലയും പച്ചയും
ഹെറ്ററോക്രോമിയ എന്ന ജനിതകവൈകല്യവുമായിട്ടാണു വോൺ പിറന്നുവീണത്. ആ കണ്ണുകളിലേക്കു നോക്കിയാലറിയാം ഈ രോഗാവസ്ഥയുടെ പ്രത്യേകത; വോണിന്റെ ഒരു കണ്ണിനു നീല നിറവും മറ്റതിനു പച്ച നിറവുമാണ്. പന്തുമായി പിച്ചിലിറങ്ങിയാൽ എതിരാളിയുടെ കണ്ണിലേക്കു നോക്കിയുള്ള ആക്‌ഷനുകൾ വോണിന്റെ പ്രത്യേകതയായിരുന്നു.
ചിലപ്പോൾ വന്യമായ നോട്ടം. ബാറ്റിന്റെ ചൂടറിഞ്ഞാൽ ദൈന്യമായി നോക്കൽ. പലപ്പോഴും ഗ്രൗണ്ടിൽ ബാറ്റർമാരുടെ ചുടുകണ്ണീർ വീഴിച്ചിട്ടേ വോൺ തിരിച്ചു കയറിയിട്ടുള്ളൂ. പക്ഷേ, ഒരാളൊഴിച്ചു മറ്റെല്ലാ ബാറ്റർമാരും വോണിനു മുന്നിൽ കീഴടങ്ങി. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ ബാറ്റിന്റെ പ്രഹരശേഷി വോണിനോളം അനുഭവിച്ചിട്ടുള്ള മറ്റൊരു സ്പിന്നർ ലോകത്തുണ്ടാകില്ല.
∙ വിവാഹം, വിവാദം
പിച്ചിലെ ട്വിസ്റ്റും ടേണും ജീവിതത്തിലും വോൺ കൂടെക്കൂട്ടി. സിമോണി കാലഹാനുമായിട്ടുള്ള വിവാഹബന്ധം 10 വർഷത്തെ ഒത്തുചേരലിനുശേഷം 2005ൽ വേർപെടുത്തി. ആ ബന്ധത്തിൽ 3 മക്കൾ. നടിയും ബിസിനസുകാരിയുമായ ലിസ് ഹേളിയുമായിട്ടായിരുന്നു പിന്നെ ബന്ധം. 2003ലെ ഏകദിന ലോകകപ്പ് തുടങ്ങുന്നതിനു തലേദിവസം വോണിനു വിലക്കു കിട്ടി. നിരോധിത മരുന്ന് ഉപയോഗിച്ചതിനായിരുന്നു അത്. ആ ഒരു വർഷം കമന്റേറ്ററായി വോൺ വേഷം മാറി. ഒത്തുകളിക്കാരിൽനിന്നു പണം വാങ്ങിയെന്ന കുറ്റത്തിനും വോൺ ഒരിക്കൽ ശിക്ഷിക്കപ്പെട്ടു.
∙ മരണത്തിന് കാരണം
തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോ സമുയിലെ വില്ലയിലാണ് വോണിന്റെ മരണം. റിസോർട്ടുകൾക്കും ബംഗ്ലാവുകൾക്കും പ്രശസ്തമായ ദ്വീപ് ആണിത്. ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കാണ് വോൺ ഇവിടെ എത്തിയതെന്നാണ് സൂചന. 5 ദിവസം മുൻപ് ഇതു സംബന്ധിച്ച് ഒരു ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
തന്റെ പഴയ ചിത്രം പങ്കുവച്ച് ‘വീണ്ടും ഇതു പോലെയാവണം എന്നതാണ് ലക്ഷ്യം’ എന്നാണ് വോൺ കുറിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോവിഡ് ബാധിതനായപ്പോൾ തന്നെ കുറച്ചു നേരം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നതായും വോൺ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
ഷെയ്ൻ വോൺ STATS
∙ ടെസ്റ്റ്
മത്സരം: 145
ഇന്നിങ്സ്: 273
വിക്കറ്റ്: 708
മികച്ച ബോളിങ്: 8/71
∙ ഏകദിനം
മത്സരം: 194
ഇന്നിങ്സ്: 191
വിക്കറ്റ്: 293
മികച്ച ബോളിങ്: 5/33
∙ ഐപിഎൽ
മത്സരം: 55
വിക്കറ്റ്: 54
മികച്ച ബോളിങ്: 4/21
ഇക്കോണമി: 7.27
1319
∙ രാജ്യാന്തര മത്സരങ്ങൾക്കു പുറമേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1319 വിക്കറ്റുകളും വോണിന്റെ പേരിലുണ്ട്.
∙ 99 – ടെസ്റ്റ് കരിയറിൽ ഒരു സെഞ്ചുറി പോലുമില്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് ഷെയ്ൻ വോണിന്റെ പേരിലാണ്. 145 ടെസ്റ്റുകളിലായി 3154 റൺസ് നേടിയ വോണിന് 12 അർധ സെഞ്ചുറികൾ നേടാനായെങ്കിലും ഒരിക്കൽ പോലും 100 തികയ്ക്കാനായില്ല.
∙ 37 – ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം 37 തവണ കൈവരിച്ചിട്ടുണ്ട് വോൺ. ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് മുന്നിലുള്ളത്– 67 തവണ.
∙ 07 – ഓസ്ട്രേലിയയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിനു മുൻപ് 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് വോൺ കളിച്ചത്. ഇന്ത്യൻ താരം രവി ശാസ്ത്രിയായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ വോണിന്റെ ആദ്യ ഇര. 1992ലെ സിഡ്നി ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയ ശാസ്ത്രിയെ വോൺ, ഡീൻ ജോൺസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
English Summary: Shane Warne's unexpected demise