ADVERTISEMENT

ഹാമിൽട്ടൻ∙ ‘എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തിൽ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’ – ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളാണിത്. എന്താണ് സച്ചിനെ ഇത്രയ്ക്ക് ആകർഷിച്ച ആ നിമിഷമെന്നല്ലേ? ന്യൂസീലൻഡിൽ തുടക്കമായ വനിതാ ഏകദിന ലോകകപ്പിൽ ഇന്നലെ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിനു ശേഷമാണ് സച്ചിനെയെന്നല്ല, സർവ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ വീഴ്ത്തിക്കളഞ്ഞ ആ നിമിഷം ഉടലെടുത്തത്

കളത്തിലെ സർവ വൈരവും മറന്ന് ആവേശപ്പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ ആറു മാസം പ്രായമുള്ള മകൾ കുഞ്ഞു ഫാത്തിമയെ ലാളിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്!

മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടിയിരുന്നു. സ്മൃതി മന്ഥന (52), സ്നേഹ് റാണ (53 നോട്ടൗട്ട്), പൂജ വസ്ത്രകർ (67) എന്നിവരുടെ മികവിൽ 50 ഓവറിൽ 7ന് 244 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 43 ഓവറിൽ 137ൽ പുറത്തായി. 4 വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്‌‌വാദ് ബോളിങ്ങിൽ തിളങ്ങി. പൂജയാണു പ്ലെയർ ഓഫ് ദ് മാച്ച്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 5 ക്യാച്ചുകളെടുത്ത് ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വനിതാ ടീമിന്റെ തുടരെ 11–ാം തോൽവിയായിരുന്നു ഇന്നലത്തേത്.

ഈ പോരാട്ടത്തിന്റെ ചൂടാറും മുൻപാണ് ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം പാക്ക് ക്യാപ്റ്റന്റെ മകൾക്കൊപ്പം കൂടിയത്. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്തുനിന്ന് സംസാരിക്കുന്നതിനിടെയാണ് ബിസ്മ കുഞ്ഞുമായി ഗ്രൗണ്ടിലെത്തിയത്. ഇതോടെ ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം കുഞ്ഞിനു ചുറ്റും കൂടി. മത്സരത്തിന്റെ ഇടവേളകളിലും ഇന്ത്യൻ താരങ്ങൾ കുഞ്ഞു ഫാത്തിമയുമായി കളിക്കുന്നത്‌ കാണാമായിരുന്നു.

അതിനിടെ, ആദ്യ പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ ലോകകപ്പ് പോലൊരു വലിയ വേദിയിൽ പാക്കിസ്ഥാനെ നയിക്കാനെത്തിയ ബിസ്മ മറൂഫിനുമുണ്ട് ആരാധകരുടെ കയ്യടി. ലോകകപ്പിനായി ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ബിസ്മ ന്യൂസീലൻഡിലെത്തിയപ്പോൾ മുതൽ വാർത്തകളിലും ഇടംപിടിച്ചിരുന്നു.

കുഞ്ഞുമായി ലോകകപ്പിന് വന്നതിനെക്കുറിച്ച് ബിസ്മ മറൂഫിന്റെ പ്രതികരണം ഇങ്ങനെ:

‘ഒരു കുഞ്ഞിന് അതിന്റെ അമ്മയെ ആവശ്യമുണ്ട്. കരിയറിനു മാത്രമാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ബാക്കിയാകും – എന്റെ കുഞ്ഞ് എവിടേക്കു പോകും? ഞാൻ ഗ്രൗണ്ടിലിറങ്ങുമ്പോൾ അവളെ ആരു നോക്കും? സഹായത്തിനായി ഒരാളെ ശമ്പളം നൽകിവച്ച് അവരുമായി എല്ലായിടത്തും പോകുന്നത് വലിയ ചിലവാണ്. അതിനു മാത്രമുള്ള വരുമാനമൊന്നും ഞങ്ങൾ വനിതാ താരങ്ങൾക്കില്ല. ജീവിക്കാനുള്ളത് സമ്പാദിക്കാനാകുമെങ്കിലും കുഞ്ഞുമായി എല്ലായിടത്തും പോകുന്നതൊന്നും അത്ര എളുപ്പമല്ല’ – ബിസ്മ മറൂഫ് പറഞ്ഞു.

‘ടീമിനൊപ്പം ഒരു കുഞ്ഞിന്റെ സാന്നിധ്യമുള്ളത് ടീമംഗങ്ങൾക്ക് നൽകുന്ന ഊർജവും ചെറുതല്ല. എല്ലാവരെയും ശാന്തരാക്കാൻ കുഞ്ഞിന്റെ സാന്നിധ്യം ഉപകരിക്കും. ഒരു കാര്യത്തിൽ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സമ്മർദ്ദം കൂടും. ഒരു കുഞ്ഞ് അടുത്തുണ്ടെങ്കിലും ആവശ്യമില്ലാത്ത ചിന്തകളെല്ലാം അകന്നുപോകും’ – ബിസ്മ മറൂഫ് ചൂണ്ടിക്കാട്ടി.

English Summary: Indian women’s team shows loveable affection towards Pakistan captain Bismah Maroof’s baby girl in adorable video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com