ADVERTISEMENT

ഹാമിൽട്ടൻ∙ ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ന്യൂസീലൻഡിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനെത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ് എല്ലാ വനിതാ താരങ്ങൾക്കും പ്രചോദനമെന്ന് ഇന്ത്യൻ താരം സ്മൃതി മന്ഥന. ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി ആറു മാസം പിന്നിടുമ്പോഴേയ്ക്കും കളത്തിൽ തിരിച്ചെത്തിയ ബിസ്മയാണ് ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെ നയിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ബിസ്മയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ കളിച്ചത്. ഇതിനു പിന്നാലെയാണ് പാക്ക് ക്യാപ്റ്റൻ മാതൃകയാണെന്ന സ്മൃതി മന്ഥനയുടെ അഭിനന്ദനം.

‘ഗർഭകാലത്തിനുശേഷം ആറു മാസത്തിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റ് വേദിയിലേക്ക് തിരിച്ചെത്തിയത് വലിയ പ്രചോദനമാണ്. ലോകത്തുള്ള എല്ലാ വനിതാ താരങ്ങൾക്കുമായി ബിസ്മ മറൂഫ് ഒരു ഉത്തമ മാതൃക കാട്ടിയിരിക്കുന്നു. കുഞ്ഞു ഫാത്തിമയ്ക്ക് ഇന്ത്യയുടെ ഒരുപാട് ഇഷ്ടം. ഈ കുഞ്ഞും താങ്കളേപ്പോലെതന്നെ ബാറ്റു ചെയ്യട്ടെ. കാരണം, ഇടംകൈ ഉപയോഗിക്കുന്നവർ വളരെ സ്പെഷലാണ്’ – സ്മൃതി മന്ഥന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടിയിരുന്നു. സ്മൃതി മന്ഥന (52), സ്നേഹ് റാണ (53 നോട്ടൗട്ട്), പൂജ വസ്ത്രകർ (67) എന്നിവരുടെ മികവിൽ 50 ഓവറിൽ 7ന് 244 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 43 ഓവറിൽ 137ൽ പുറത്തായി. 4 വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്‌‌വാദ് ബോളിങ്ങിൽ തിളങ്ങി. പൂജയാണു പ്ലെയർ ഓഫ് ദ് മാച്ച്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 5 ക്യാച്ചുകളെടുത്ത് ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വനിതാ ടീമിന്റെ തുടരെ 11–ാം തോൽവിയായിരുന്നു ഇന്നലത്തേത്.

മത്സരശേഷം ബിസ്മ മറൂഫിന്റെ കുഞ്ഞിനെ ലാളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ ഈ ചിത്രം പങ്കുവച്ചിരുന്നു.

English Summary: Smriti Mandhana hails Bismah Maroof after India-Pak clash in Women’s World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com