പാക്ക് തോൽവിയിലും ‘നായിക’യായി ബിസ്മ; ഫിഫ്റ്റിയടിച്ച് തൊട്ടിലാട്ടി ആഘോഷം!
Mail This Article
മൗണ്ട് മൗംഗനൂയി∙ ഐസിസി ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയെങ്കിലും, ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ശരിക്കും ‘നായിക’യായി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ്. ന്യൂസീലൻഡിൽ നടക്കുന്ന ലോകകപ്പിൽ ഓസീസിനെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയ ബിസ്മ മറൂഫ്, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനായി ‘തൊട്ടിലാട്ടി’ ആഘോഷം നടത്തിയാണ് ശ്രദ്ധ നേടിയത്. പാക്കിസ്ഥാൻ ഏഴു വിക്കറ്റിനു തോറ്റ മത്സരത്തിലാണ് ബിസ്മ അർധസെഞ്ചുറി നേടിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ തകർച്ച നേരിട്ടെങ്കിലും, ബിസ്മയും ആലിയ റിയാസും നേടിയ അർധസെഞ്ചുറികൾ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 190 റൺസ്. ആകെ 122 പന്തുകൾ നേരിട്ട ബിസ്മ എട്ടു ഫോറുകളോടെ 78 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന ആദ്യത്തെ പാക്കിസ്ഥാൻ വനിതാ താരമായും ബിസ്മ മാറി. അർധസെഞ്ചുറി തികച്ചതിനു പിന്നാലെയാണ് കൈകൊണ്ട് തൊട്ടിലാട്ടി തന്റെ നേട്ടം ബിസ്മ കുഞ്ഞു ഫാത്തിമയ്ക്ക് സമ്മാനിച്ചത്.
പിന്നാലെ ആലിയ റിയാസും അർധസെഞ്ചുറി കുറിച്ചു. 109 പന്തിൽ നാലു ഫോറുകളോടെ നേടിയത് 53 റൺസ്. 12.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിൽ തകർന്ന പാക്കിസ്ഥാന് ആശ്വാസമായത് അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 99 റൺസാണ്. പാക്കിസ്ഥാൻ നിരയിൽ ഇവർക്കു പുറമേ രണ്ടക്കം കണ്ടത് ഒമാമ സുഹൈൽ (25 പന്തിൽ 12), ഫാത്തിമ സന (15 പന്തിൽ 14) എന്നിവർ മാത്രം. ഓസീസിനായി അലാന കിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അലീസ ഹീലി അർധസെഞ്ചുറി നേടിയതോടെയാണ് ഓസ്ട്രേലിയ അനായാസ വിജയം കുറിച്ചത്. 34.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു. ഹീലി 79 പന്തിൽ ഏഴു ഫോറുകളോടെ 72 റൺസുമായി പുറത്താകാതെ നിന്നു. റെയ്ച്ചൽ ഹെയ്ൻസ് (34 പന്തിൽ 34), ക്യാപ്റ്റൻ മെഗ് ലാന്നിങ് (37 പന്തിൽ 35), എലിസ് പെറി (33 പന്തിൽ പുറത്താകാതെ 26), ബേത് മൂണി (26 പന്തിൽ പുറത്താകാതെ 23) എന്നിവരും തിളങ്ങി.
English Summary: Pakistan Skipper Bismah Maroof Dedicates Half-century vs Australia to Daughter Fatima