ADVERTISEMENT

അഹമ്മദാബാദ്∙ ഇംഗ്ലിഷ് ഓപ്പണർ ജെയ്സൺ റോയിയുടെ പിൻമാറ്റത്തിനു പിന്നാലെ സുരേഷ് റെയ്ന ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമാകുമെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു വിട. റെയ്ന പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ, അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസിനെ ടീമിലെത്തിക്കാൻ ഗുജറാത്ത് ടൈറ്റൻസ് ശ്രമം ഊർജിതമാക്കി. റോയിയുടെ പകരക്കാരന്‍ എന്നതിലുപരി, വിക്കറ്റ് കീപ്പർ സ്ഥാനം കൂടി മനസ്സിൽ വച്ചാണ് ഗുജറാത്ത് ടൈറ്റൻസ് റഹ്മാനുള്ളയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത്.

നിലവിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വൃദ്ധിമാൻ സാഹ വിവാദങ്ങളിൽ കുടുങ്ങിയ സാഹചര്യത്തിലാണ് അഫ്ഗാൻ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം.

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ നായകനാകുന്ന ഗുജറാത്ത് ടൈറ്റൻസ് ഈ വർഷം ഐപിഎൽ അരങ്ങേറ്റം നടത്താനൊരുങ്ങുമ്പോഴാണ് കനത്ത തിരിച്ചടിയായി ജെയ്സൻ റോയി പിൻമാറ്റം പ്രഖ്യാപിച്ചത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് റോയിയെ ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയത്. ബയോ സെക്യുർ ബബ്ളിൽ കൂടുതൽ കാലം ചെലവഴിക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിൻമാറ്റം.

റോയിക്കു പകരം പല താരങ്ങളെ പരിഗണിച്ചെങ്കിലും വിക്കറ്റ് കീപ്പർ സ്ഥാനം കൂടി മുന്നിൽക്കണ്ടാണ് അഫ്ഗാൻ താരം റഹ്മാനുള്ളയെ ഗുജറാത്ത് പകരക്കാരനായി പരിഗണിക്കുന്നത്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെയും അവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏപ്രിൽ ആറു വരെ താരത്തിന്റെ സേവനം ടീമിനു ലഭിക്കില്ല. മാർച്ച് 26ന് ഐപിഎൽ ആരംഭിക്കുന്നതു കൂടി കണക്കിലെടുത്താണ് അഫ്ഗാൻ താരത്തെ ഒപ്പം കൂട്ടാൻ ഗുജറാത്തിന്റെ നീക്കം.

അഫ്ഗാൻ താരവുമായുള്ള കരാർ ചർച്ചകൾ പൂർത്തിയാക്കിയ ഗുജറാത്ത് ടൈറ്റൻസ്, അടുത്ത പടിയായി ഐപിഎൽ അധികൃതരുടെ അനുമതി തേടിയതായാണ് റിപ്പോർട്ട്. നിലവിൽ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഗുജറാത്ത് ടീമിന്റെ ഭാഗമാണ്.

English Summary: Rahmanullah Gurbaz set to replace Jason Roy at Gujarat Titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com