ഇതുപോലൊരു ട്രോഫി ഹർമനും കൊടുക്കാൻ ഐസിസിക്ക് പണമുണ്ടെന്ന് കരുതുന്നു: മന്ഥന
Mail This Article
ഹാമിൽട്ടൻ ∙ വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിനു പിന്നാലെ, തനിക്കു ലഭിച്ച പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി പങ്കുവച്ച് സമൃതി മന്ഥനയുടെ മാതൃക. മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുകളുമായി ഇന്ത്യയുടെ വിജയശിൽപികളായത് മന്ഥനയും ഹർമൻപ്രീത് കൗറുമായിരുന്നു. മന്ഥന 123 റൺസെടുത്തും കൗർ 109 റൺസെടുത്തും പുറത്തായി.
ഒരു ഘട്ടത്തിൽ നാലിന് 78 റണ്‍സെന്ന നിലയിൽ തകർന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 184 റൺസ് കൂട്ടുകെട്ട് തീർത്താണ് ഇരുവരും ചേർന്ന് രക്ഷപ്പെടുത്തിയത്. വനിതാ ലോകകപ്പിലെ ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടും വനിതാ ക്രിക്കറ്റിൽ ഏതൊരു വിക്കറ്റിലുമായി ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടുമെന്ന റെക്കോർഡുകളും മന്ഥന – കൗർ സഖ്യം നേടി.
പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതു സ്മൃതി മന്ഥനയാണെങ്കിലും ട്രോഫി വിതരണത്തിനായി ക്ഷണിച്ചപ്പോൾ സ്മൃതി പറഞ്ഞു: ‘മികച്ച പ്രകടനം നടത്തിയ ഹർമനും ഈ ട്രോഫി അർഹിക്കുന്നു. അതുകൊണ്ട് ഈ പുരസ്കാരം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലെയൊന്നു ഹർമനും കൊടുക്കാൻ ഐസിസിക്കു പണമുണ്ടാകുമെന്നു ഞാൻ കരുതുന്നു.’
ഇതിനിടെ, വിൻഡീസിനെതിരായ മത്സരത്തോടെ വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് ഇന്ത്യയുടെ മിതാലി രാജ് സ്വന്തമാക്കി. 24 ലോകകപ്പ് മത്സരങ്ങളിലാണു മിതാലി ഇന്ത്യയെ നയിച്ചത്. ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിനെയാണു (23) മിതാലി മറികടന്നത്. ഇന്ത്യൻ ബോളർ ജുലൻ ഗോസ്വാമി (40 വിക്കറ്റ്) വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ഓസീസിന്റെ ലിനറ്റ് ഫുൾസ്റ്റോണിന്റെ 39 വിക്കറ്റ് നേട്ടമാണ് ജുലൻ മറികടന്നത്.
English Summary: Jhulan Goswami, Mithali Raj create new all-time World Cup records