ADVERTISEMENT

മൗണ്ട് മൗംഗനൂയി (ന്യൂസീലൻഡ്)∙ ബോളർമാർ കഴിവിന്റെ പരമാവധി പൊരുതി നോക്കിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ വിജയശിൽപികളായ ബാറ്റർമാർ ഇത്തവണ നിരാശപ്പെടുത്തിയതോടെ, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. നാലു വിക്കറ്റിനാണ് ഇംഗ്ലിഷ് വനിതകൾ ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച ഇംഗ്ലണ്ട്, 31.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇനി ശനിയാഴ്ച ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യ ഉയർത്തിയ താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇംഗ്ലണ്ടിനെതിരെ ജുലൻ ഗോസ്വാമിയുടെ നേതൃത്വത്തിൽ ബോളർമാർ പരമാവധി പൊരുതി നോക്കിയെങ്കിലും പരാജയം തടയാനായില്ല. നാല് റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിന്, അർധസെഞ്ചുറിയുമായി കോട്ടകാത്ത ക്യാപ്റ്റൻ ഹീതർ നൈറ്റിന്റെ പ്രകടനമാണ് കരുത്തായത്. നൈറ്റ് 72 പന്തിൽ എട്ടു ഫോറുകൾ സഹിതം 53 റൺസുമായി പുറത്താകാതെ നിന്നു. സോഫി എക്ലസ്റ്റൺ ആറു പന്തിൽ അഞ്ച് റൺസുമായി ക്യാപ്റ്റനു കൂട്ടുനിന്നു.

മൂന്നാം വിക്കറ്റിൽ നതാലിയ സീവറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് നൈറ്റ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 84 പന്തിൽ ഇരുവരും ചേർന്ന് സ്കോർബോർഡിലെത്തിച്ചത് 65 റൺസ്. സീവർ 46 പന്തിൽ എട്ടു ഫോറുകളോടെ 45 റൺസെടുത്ത് പുറത്തായി. ടാമി ബ്യൂമണ്ട് (ഒന്ന്), ഡാനിയേല വയാറ്റ് (ഒന്ന്), ആമി ജോൺസ് (28 പന്തിൽ 10), സോഫിയ ഡങ്ക‌്‌ലി (21 പന്തിൽ 17), കാതറിൻ ബ്രന്റ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. സോഫിയ ഡങ്ക്‌ലി 10 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മേഘ്ന സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. 7.2 ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയാണിത്. രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രകാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യൻ വനിതകൾ വെറും 134 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 58 പന്തിൽ നാലു ഫോറുകളോടെ 35 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സ്മൃതിക്കു പുറമേ രണ്ടക്കം കണ്ടത് ഹർമൻപ്രീത് കൗർ (26 പന്തിൽ 14), റിച്ച ഘോഷ് (56 പന്തിൽ 33), ജുലൻ ഗോസ്വാമി (26 പന്തിൽ 20) എന്നിവർ മാത്രം. യാസ്തിക ഭാട്യ (8), ക്യാപ്റ്റൻ മിതാലി രാജ് (ഒന്ന്), ദീപ്തി ശർമ (0), സ്നേഹ് റാണ (0), പൂജ വസ്ത്രകാർ (ആറ്), മേഘ്ന സിങ് (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. രാജേശ്വരി ഗെയ്ക്‌വാദ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

8.2 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഷാർലറ്റ് ഡീനിന്റെ നേതൃത്വത്തിലാണ് ഇംഗ്ലിഷ് വനിതകൾ ഇന്ത്യയെ ഒതുക്കിയത്. ഷ്രുബ്സോൾ രണ്ടു വിക്കറ്റും എക്ലസ്റ്റൺ, കെയ്റ്റ് ക്രോസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary: England Women vs India Women, 4th Match - Live Cricket Score 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com