പ്രമുഖ താരങ്ങൾക്ക് പരുക്ക്, ടീമുകൾക്ക് ആശങ്ക; ഐപിഎലിനു മുൻപേ ഇൻജറി ടൈം !
Mail This Article
മുംബൈ ∙ 14 കോടി രൂപ മുടക്കിയാണ് ഇന്ത്യൻ പേസർ ദീപക് ചാഹറിനെ ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ എറിഞ്ഞ പന്തുകളുടെ എണ്ണം നോക്കിയാൽ ചാഹറിന്റെ ഒരു പന്തിനു ചെന്നൈ വിലയിട്ടത് 4.16 ലക്ഷം രൂപ. പക്ഷേ, പൊന്നും വിലയുള്ള ചാഹറിന്റെ സേവനം ഈ സീസണിൽ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ചെന്നൈ. വെസ്റ്റിൻഡീസ് പര്യടനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ ചാഹർ ഇപ്പോഴും ചികിത്സയിലാണ്. ഈ സീസണിൽ കളിക്കുമോയെന്ന് ഉറപ്പില്ല.
ഐപിഎൽ സീസൺ ആരംഭിക്കാൻ 7 ദിവസം മാത്രമുള്ളപ്പോൾ പ്രമുഖ താരങ്ങളുടെ പരുക്കാണ് ടീമുകളുടെ പ്രധാന തലവേദന. ദേശീയ ടീമിലുൾപ്പെട്ട ഓസ്ട്രേലിയൻ, ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സേവനവും ആദ്യ ആഴ്ചകളിൽ നഷ്ടമാകും. 26 വിദേശ താരങ്ങൾ സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പമുണ്ടാകില്ല.
∙ ലക്നൗ സൂപ്പർ ജയന്റ്സ്
ഐപിഎൽ ക്രിക്കറ്റിലെ പുതുമുഖങ്ങളായ ലക്നൗ ടീമിനു കളത്തിലിറങ്ങും മുൻപേ തിരിച്ചടി. ടീമിന്റെ പ്രധാന പേസ് ബോളറായ ഇംഗ്ലിഷ് താരം മാർക്ക് വുഡ് ഈ സീസണിൽ മത്സരിക്കില്ല. കഴിഞ്ഞയാഴ്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് കൈമുട്ടിനു പരുക്കേറ്റത്. 7.5 കോടി രൂപയ്ക്കു സ്വന്തമാക്കിയ മാർക്ക് വുഡിനു പകരക്കാരനാകാൻ ലക്നൗ ടീമിൽ മറ്റൊരു പ്രധാന പേസ് ബോളറില്ല.
∙ ഡൽഹി ക്യാപിറ്റൽസ്
കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിനുശേഷം പരുക്കുമൂലം ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർട്യയുടെ മടങ്ങി വരവിനായാണ് ഡൽഹിയുടെ കാത്തിരിപ്പ്. തുടയ്ക്കു പരുക്കേറ്റ നോർട്യ 4 മാസത്തെ വിശ്രമത്തിനുശേഷം കളത്തിലേക്കു തിരിച്ചെത്തുമെന്നാണ് കരുതിയത്. പക്ഷേ, ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. പാക്കിസ്ഥാൻ പര്യടനത്തിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നിവരും സീസണിലെ ആദ്യ 2 മത്സരങ്ങളിൽ ഡൽഹി ടീമിനൊപ്പമില്ല.
∙ മുംബൈ ഇന്ത്യൻസ്
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ കൈയ്ക്കു പരുക്കേറ്റ സൂര്യകുമാർ യാദവ് ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ മുംബൈ ടീമിലുണ്ടാകില്ല. രണ്ടാം മത്സരം മുതൽ സൂര്യകുമാറിനു കളിക്കാനാകുമെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന സൂചന. പരുക്കു ഭേദമാകാത്ത ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ സേവനം ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും ടീമിനു നഷ്ടമായേക്കും. 8 കോടി രൂപയ്ക്കാണ് ഇത്തവണ മുംബൈ ആർച്ചറെ സ്വന്തമാക്കിയത്. പരുക്കുമൂലം കഴിഞ്ഞ സീസണിലും ആർച്ചർ മത്സരിച്ചിരുന്നില്ല.
∙ സൺറൈസേഴ്സ് ഹൈദരാബാദ്
ഡൽഹിയുടെ ആൻറിച് നോർട്യയെപ്പോലെ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും അവസാനം കളിച്ച രാജ്യാന്തര മത്സരം കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പായിരുന്നു. തോളെല്ലിനേറ്റ പരുക്കു ഭേദമായി വില്യംസൻ ഹൈദരാബാദ് ടീമിനൊപ്പം ചേർന്നെങ്കിലും ഫിറ്റ്‌നസ് ഇപ്പോഴും ആശങ്കയിലാണ്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ മാർകോ ജാൻസൻ, എയ്ഡൻ മാർക്രം എന്നിവർ ദേശീയ ടീമിനൊപ്പമായതിനാൽ ഐപിഎലിലേക്ക് എത്താൻ വൈകും.
∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്
10.75 കോടി രൂപ ചെലവിട്ട് ഇത്തവണ ബാംഗ്ലൂർ സ്വന്തമാക്കിയ ശ്രീലങ്കൻ ഓൾറൗണ്ടർ വനിഡു ഹസരംഗ ആദ്യ 2 ആഴ്ചകളിൽ കളിക്കില്ല. കാൽമുട്ടിനേറ്റ പരുക്കാണു കാരണം.
∙ ബയോ ബബ്ൾ പറ്റില്ല !
കോവിഡ് പശ്ചാത്തലത്തിൽ ബയോ ബബ്ൾ സാഹചര്യത്തിലാണ് ഐപിഎൽ ടീമുകളുടെ താമസവും പരിശീലനവും. എന്നാൽ ബയോ ബബ്ളിൽ മത്സരിക്കുന്നതിലെ സമ്മർദങ്ങൾ ചൂണ്ടിക്കാട്ടി 2 ഇംഗ്ലിഷ് ബാറ്റർമാർ ഈ സീസണിൽ നിന്നു പിൻമാറി. കൊൽക്കത്ത ടീമിൽനിന്ന് അലക്സ് ഹെയ്‌ൽസും ഗുജറാത്ത് ടൈറ്റൻസിൽനിന്നു ജേസൻ റോയിയുമാണ് പിൻമാറിയത്.
English Summary: Injury Concerns for Star Players Ahead of IPL 2022