പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്കു നിരാശ; മുഖം ഒളിപ്പിച്ച് ചിരിച്ച് ക്രുനാൽ
Mail This Article
മുംബൈ∙ മുംബൈ ഇന്ത്യൻസ് താരങ്ങളായിരുന്ന ഹാർദിക് പാണ്ഡ്യയും സഹോദരൻ ക്രുനാൽ പാണ്ഡ്യയും 2022 ഐപിഎൽ സീസണിൽ രണ്ടു ടീമുകളിലായാണു കളിക്കുന്നത്. ഹാർദിക് ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ക്യാപ്റ്റനായും ക്രുനാൽ പാണ്ഡ്യ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലുമാണ്. ഐപിഎല്ലിലെ പുതിയ ടീമുകളായ ഗുജറാത്തും ലക്നൗവും ആദ്യ മത്സരത്തിൽതന്നെ നേർക്കുനേർവന്നു. വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാണ്ഡ്യ സഹോദരങ്ങൾ എതിരാളികളായി കളിക്കുന്നുവെന്നതായിരുന്നു പ്രധാന ആകർഷണം.
ഇരുവരും സ്വന്തം ടീമുകൾക്കായി വാശിയേറിയ പ്രകടനം തന്നെ പുറത്തെടുത്തപ്പോൾ ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയത് ക്രുനാലാണെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ടൈറ്റൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലായപ്പോഴാണു ബാറ്റു ചെയ്യാൻ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയെത്തിയത്. തുടർന്നു മാത്യു വെയ്ഡിനൊപ്പം ചേര്‍ന്ന് ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഈ കൂട്ടുകെട്ട് പൊളിക്കാൻ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുല്‍ ഇറക്കിയത് ക്രുനാൽ പാണ്ഡ്യയെ.
മോശമല്ലാത്ത രീതിയിൽ പന്തെറിഞ്ഞ ക്രുനാലിനെതിരെ ഹാർദിക് പാണ്ഡ്യ ബൗണ്ടറി നേടിയിരുന്നു. ക്രുനാലിന്റെ രണ്ടാം ഓവറിലായിരുന്നു ഇത്. എന്നാൽ മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി ക്രുനാൽ മത്സരത്തിലേക്കു തിരിച്ചെത്തി. 28 പന്തിൽ 33 റൺസെടുത്ത ഹാർദിക് പാണ്ഡ‍്യയെ ക്രുനാലിന്റെ പന്തിൽ മനീഷ് പാണ്ഡെ ക്യാച്ചെടുത്താണു പുറത്താക്കിയത്. ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് നിരാശ കാണാമായിരുന്നെങ്കിലും വിക്കറ്റ് നേട്ടം അധികം ആഘോഷിക്കാൻ ക്രുനാൽ പാണ്ഡ്യ തയാറായില്ല.
രണ്ട് കൈകൾകൊണ്ടും മുഖം ഒളിപ്പിച്ചുപിടിച്ച ക്രുനാൽ പിന്നീടു ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ് 17 റൺസ് വഴങ്ങിയ ക്രുനാലിനു ലഭിച്ച ഏകവിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. അതേസമയം ഗുജറാത്ത് ടൈറ്റൻസിനായി ഹാർദിക് പാണ്ഡ്യ നാല് ഓവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണു നേടിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് വിജയറണ്‍സ് കുറിച്ചു.
English Summary: Krunal Pandya wittily avoids celebrating after picking brother Hardik Pandya’s wicket