ADVERTISEMENT

വെല്ലിങ്ടൻ∙ മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ വെസ്റ്റിൻഡീസിനെ 157 റൺസിനു തകർത്ത് ഓസ്ട്രേലിയ വനിതാ ലോകകപ്പിന്റെ ഫൈനലിൽ. മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 305 റൺസ്. വെസ്റ്റിൻഡീസിന്റെ മറുപടി 37 ഓവറിൽ 148 റൺസിന് അവസാനിച്ചു. മഴനിയമപ്രകാരം ഓസീസിന്റെ വിജയം 157 റൺസിന്. ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് രണ്ടാം സെമിഫൈനൽ വിജയികളാണ് കലാശക്കളയിൽ ഓസീസിന്റെ എതിരാളികൾ.

തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായ ഓപ്പണർ അലീസ ഹീലിയാണ് കളിയിലെ താരം. 107 പന്തുകൾ നേരിട്ട ഹീലി 17 ഫോറും ഒരു സിക്സും സഹിതം 129 റൺസെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ റെയ്ച്ചൽ ഹെയ്ൻസ് 100 പന്തിൽ 85 റൺസെടുത്തു. ഒൻപതു ഫോറുകൾ സഹിതമാണ് ഇത്.

ആഷ്‌ലി ഗാർഡ്നർ (എട്ടു പന്തിൽ 12) നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ മെഗ് ലാന്നിങ് (26 പന്തിൽ പുറത്താകാതെ 26), ബേത് മൂണി (31 പന്തിൽ പുറത്താകാതെ 43) എന്നിവർ ചേർന്ന് ഓസീസ് സ്കോർ 305ൽ എത്തിച്ചു. ഓപ്പണിങ് വിക്കറ്റിൽ ഹീലി – ഹെയ്ൻസ് സഖ്യം കൂട്ടിച്ചേർത്ത 216 റൺസാണ് ഓസീസിന് മികച്ച സ്കോർ ഉറപ്പാക്കിയത്. 196 പന്തിൽനിന്നാണ് ഇരുവരും 216 റൺസടിച്ചത്. പിരിയാത്ത നാലാം വിക്കറ്റിൽ ലാന്നിങ് – മൂണി സഖ്യം 54 പന്തിൽ 75 റൺസ് കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. 75 പന്തിൽ നാലു ഫോറുകൾ സഹിതം 48 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലറാണ് ടോപ് സ്കോറർ. ഹെയ്‍ലി മാത്യൂസ് 49 പന്തിൽ രണ്ടു ഫോറുകളോടെ 34 റൺസെടുത്തു. ഓപ്പണർ ഡിയേന്ദ്ര ഡോട്ടിൻ 35 പന്തിൽ അഞ്ച് ഫോറുകൾ സഹിതവും 34 റൺസെടുത്തു.

ഓസീസിനായി ജെസ് ജൊനാസ്സൻ അഞ്ച് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മേഗൻ ഷൂട്ട്, അന്നാബെൽ സുതർലൻഡ്, ടാലിയ മഗ്രോ, അലാന കിങ്, ആഷ്‍ലി ഗാർഡ്നർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary: Australia reaches World Cup final, beats Windies by 157 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com