ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിലെ തകർപ്പൻ ഇന്നിങ്സിലൂടെ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ മനസ്സു കീഴടക്കിയിരിക്കുകയാണ് 19 വയസ്സുകാരൻ തിലക് വർമ. 33 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 61 റൺസെടുത്ത ഈ ഇടംകയ്യൻ ബാറ്ററുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ളവരും മത്സരശേഷം രംഗത്തെത്തിയിരുന്നു.

2020 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണു തിലക്. കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര ടൂർണമെന്റുകളിൽ ഹൈദരാബാദിനായും മികച്ച പ്രകടനമാണു പുറത്തെടുത്തത്. ഇത്തവണത്തെ മെഗാ താരലേലത്തിൽ തിലകിനെ ടീമിലെടുക്കാൻ ചാംപ്യൻ ടീമുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലായിരുന്നു പോരാട്ടം. ഒടുവിൽ 1.7 കോടി രൂപയ്ക്കാണു മുംബൈ തിലകിനെ സ്വന്തമാക്കിയത്.

സ്പോർട്സ് പോർട്ടലായ ക്രിക്ക്ബസിന് അനുവദിച്ച അഭിമുഖത്തിൽ, മുംബൈ ഇന്ത്യൻസുമായി കരാറിലെത്തിയതിനു പിന്നാലെയുള്ള കുടുംബാംഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചു തിലക് മനസ്സു തുറന്നു.  ‘ഐപിഎൽ താരലേലം പുരോഗമിക്കുമ്പോൾ പരിശീലകനുമായി വിഡിയോ കോളിലായിരുന്നു ഞാൻ. തുക ഉയർന്നുയർന്നു വന്നതോടെ അദ്ദേഹത്തിന് ഏറെ സന്തോഷമായി. മുംബൈ എന്നെ സ്വന്തമാക്കിയതിനു ശേഷമാണു മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞത്. സന്തോഷ വാർത്ത അറിഞ്ഞതോടെ അവർ കരച്ചിലും തുടങ്ങി. അമ്മയുടെ വാക്കുകൾ മുറിഞ്ഞു.

ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണു വളർന്നത്. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽനിന്നാണു ക്രിക്കറ്റ് പരിശീലനത്തിനും മൂത്ത സഹോദരന്റെ പഠനത്തിനുമുള്ള വക കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ ക്രിക്കറ്റ് ചെലവുകൾ സ്പോൺസർമാരാണു വഹിക്കുന്നത്.

പക്ഷേ, സ്വന്തം എന്നു പറയാൻ ഇതുവരെ ഞങ്ങൾക്കൊരു വീടില്ല. അതുകൊണ്ട് ഈ ഐപിഎല്ലിൽനിന്ന് എന്താണോ ലഭിക്കുന്നത്, ആ തുക ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീടുവച്ചു നൽകണം. ഐപിഎല്ലിൽനിന്നു ലഭിക്കുന്ന സമ്പാദ്യം മുന്നോട്ടുള്ള വർഷങ്ങളിൽ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ എന്നെ സഹായിക്കും’– തിലക് വർമയുടെ വാക്കുകൾ.

 

English Summary: 'My only aim is to get house for my parents': 19-year-old MI star recalls coach, parents 'tearing up' during IPL auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com