ADVERTISEMENT

മുംബൈ∙ ഇന്ത്യയിൽ പവർപ്ലേ ഓവറുകൾ ബോൾ ചെയ്യുന്നതിലും എളുപ്പം ടീമിലെ മുഴുവൻ താരങ്ങൾക്കും കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ ഡേവിഡ് വില്ലി. പേസും ബൗൺസും കുറഞ്ഞ, ബാറ്റിങ്ങിനെ അതിരറ്റു സഹായിക്കുന്ന ഇന്ത്യൻ വിക്കറ്റുകളിൽനിന്നു പേസ് ബോളർമാർക്കു കാര്യമായ പിന്തുണ ലഭിക്കാറില്ല, പ്രത്യേകിച്ച് ആദ്യ ഓവറുകളിൽ.

പേസും ബൗൺസുമുള്ള വിക്കറ്റുകളിൽ ബോൾ ചെയ്തു പരിശീലിച്ച ഡേവിഡ് വില്ലിയെപ്പോലെയുള്ള താരങ്ങൾക്ക് ഇന്ത്യയിലെ ബോളിങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് ഒട്ടും എളുപ്പവുമല്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 3 ഓവറിൽ 28 റൺസാണു വില്ലി വഴങ്ങിയത്. 

രാജസ്ഥാൻ റോയൽസിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്ത്യയിലെ ബോളിങ് വെല്ലുവിളികളെക്കുറിച്ച് വില്ലി പ്രതികരിച്ചത് ഇങ്ങനെ, ‘ഇന്ത്യയിൽ പവർപ്ലേ ഓവറുകൾ ബോൾ ചെയ്യുന്നതിലും എളുപ്പം ടീമിലെ മറ്റു താരങ്ങൾക്കെല്ലാം കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതാണ്. ടീമിലെ ഒത്തിണക്കം നിലനിർത്താനുള്ള ചുമതലയാണ് എനിക്കു നൽകിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഇതു പ്രതിഫലിക്കുമെന്നു കരുതാം’– 32 കാരനായ ഇംഗ്ലിഷ് ഓൾറൗണ്ടർ പറഞ്ഞു.

രാജസ്ഥാൻ റോയൽസ് സ്റ്റാർ ബാറ്റർ ജോസ് ബട്‌ലറെക്കുറിച്ചുള്ള വില്ലിയുടെ പ്രതികരണം ഇങ്ങനെ, ‘മുംബൈക്കെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിലാകും ബട്‌ലർ ഇറങ്ങുക. മികച്ച താരമാണു ബട്‌ലർ. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ഇതു തെളിയിച്ചിട്ടുമുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ എനിക്കു ബട്‌ലറെ പുറത്താക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്.’

 

English Summary: "Making coffee for the team is easier than bowling in the powerplay in India" - David Willey on the perils of bowling with the new ball in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com