ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 21 റൺസ് വഴങ്ങിയ രവിചന്ദ്രൻ അശ്വിന്റെ ഓവറിനു ശേഷം നവ്ദീപ് സെയ്നിയെക്കൊണ്ടു ബോൾ ചെയ്യിച്ചിടത്താണു രാജസ്ഥാൻ റോയൽസിന്റെ തന്ത്രം പിഴച്ചതെന്നും ഇതോടെയാണ് അവർ കളി കൈവിട്ടതെന്നും മുൻ ഇന്ത്യൻ പരിശീലകനും ക്രിക്കറ്റ് നിരീക്ഷകനുമായ രവി ശാസ്ത്രി. ടീമിലെ സ്ട്രൈക്ക് ബോളറായ യുസ്‌വേന്ദ്ര ചെഹലിനെയാണ് സെയ്നിക്കു പകരം പന്ത് ഏൽപിക്കേണ്ടിയിരുന്നതെന്നും സ്പോർട‍്സ് പോർട്ടലായ ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് ശാസ്ത്രി പ്രതികരിച്ചു.

‘21 റൺസ് വഴങ്ങിയ അശ്വിന്റെ ഓവറിനു ശേഷം ഏറ്റവും മികച്ച ബോളറെത്തന്നെ രാജസ്ഥാൻ ആശ്രയിക്കേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കൂട്ടുകെട്ടു പൊളിക്കാൻ കെൽപുള്ള ഒരു ബോളറെയാണു കൊണ്ടുവരേണ്ടത്. ചെഹലിനു പന്തു നൽകണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാൽ രാജസ്ഥാൻ അതിനു പകരം ബോളിങ് നിരയിൽ പരിചയം ഏറ്റവും കുറവുള്ള നവ്ദീപ് സെയെനിയെയാണ് ആശ്രയിച്ചത്. സെയ്നി 17 റൺസും വഴങ്ങി. ഇതോടെ രാജസ്ഥാന്റെ സാധ്യതകളും ഇല്ലാതായി’– ശാസ്ത്രി പറഞ്ഞു.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ 14–ാം ഓവറാണു മത്സരഫലം മാറ്റിമറിച്ചതെന്നു വിൻഡീസ് ഓൾറൗണ്ടർ കാർലോസ് ബ്രാത്ത്‌വെയ്റ്റും അഭിപ്രായപ്പെട്ടു. ‘അശ്വിന്റെ ഓവറിലാണു രാജസ്ഥാൻ കളി കൈവിട്ടത്. പുത്തൻ പന്ത് ഉപയോഗിച്ച് പരമാവധി വിക്കറ്റുകൾ വീഴ്ത്തുക എന്നതായിരുന്നു രാജസ്ഥാനു മുന്നിലുള്ള പോംവഴി. എന്നാൽ പവർപ്ലേ ഓവറുകൾ അപകടമില്ലാതെ അതിജീവിച്ച ഓപ്പണർമാർ ബാംഗ്ലൂരിനു റൺ ചേസിനുള്ള അടിത്തറ പാകി. അതുകൊണ്ടാണു തുടർച്ചയായി 4 വിക്കറ്റുകൾ നഷ്ടമായിട്ടുപോലും ബാംഗ്ലൂരിനു മത്സരം ജയിക്കാനായത്’– ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു. 

വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും 3 വിക്കറ്റിന് 169 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്താൻ രാജസ്ഥാനു കഴിഞ്ഞിരുന്നു. എന്നാൽ ഷഹ്ബാസ് അഹമ്മദ് (45), ദിനേശ് കാർത്തിക് (44 നോട്ടൗട്ട്) എന്നിവരുടെ അവിസ്മരണീയ ബാറ്റിങ്ങിന് ഒടുവിൽ 5 പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ വിജയലക്ഷ്യം മറികടന്നു. 

 

English Summary: "That Ravichandran Ashwin over was the game was lost" - Carlos Brathwaite after RR's 4-wicket loss to RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com