ADVERTISEMENT

നീല, പച്ച, പിങ്ക്... വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറുടെ തലമുടിയുടെ നിറം മാറുന്നതിനു കാരണമെന്ത്?

ടീമിനോടുള്ള ആത്മാർഥത തെളിയിക്കാൻ നിങ്ങൾ എന്തുചെയ്യും? ഇങ്ങനെയൊരു ചോദ്യം കേട്ടാൽ ഒരുപക്ഷേ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഷിമ്രോൺ ഹെറ്റ്മെയർ സ്വന്തം തലയിലേക്കു തന്നെ കൈചൂണ്ടും! കളിയിൽ ഫോമായാലും ഇല്ലെങ്കിലും സ്വന്തം ടീമിന്റെ ജഴ്സിക്കനുസരിച്ചു തന്റെ തലമുടിക്കു നിറം കൊടുക്കുന്ന കാര്യത്തിൽ എന്നും ‘ഫുൾ ഫോമിലാണ്’ ഇരുപത്തിയഞ്ചുകാരൻ ഹെറ്റ്മെയർ.

shimron-hetmyer-black
വെസ്റ്റിൻഡീസ് അണ്ടർ 19 ടീമിന്റെ ഭാഗമായാണ് ഹെറ്റ്മെയർ പ്രഫഷനൽ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. അന്നു കറുപ്പു നിറമുള്ള മുടിയായിരുന്നു ഹെറ്റിയുടേത്.
shimron-hetmyer-brown
അധികം വൈകാതെ തലമുടിയിൽ പരീക്ഷണങ്ങൾ ആരംഭിച്ചു. മുടിക്കു ചെമ്പൻ നിറം നൽകിയായിരുന്നു തുടക്കം.
shimron-hetmyer-golden-1
സീനിയർ ടീമിലെത്തിയപ്പോൾ ചെമ്പൻ നിറം മാറ്റി മുടിയുടെ മുകൾ ഭാഗം മാത്രം സ്വർണനിറമാക്കി.
shimron-hetmyer-green
സ്വർണമുടിയുമായി കളിച്ചു തിമിർക്കുന്നതിനിടെയാണ് കരീബിയൻ പ്രിമിയർ ലീഗിലെ ഗയാന ആമസോൺ വാരിയേഴ്സിലെത്തുന്നത്. പച്ചനിറത്തിലുള്ള പാന്റും മഞ്ഞയും ചുവപ്പും ചേർന്ന ഷർട്ടുമായിരുന്നു അവരുടെ വേഷം. അതോടെ ടീം ജഴ്സിക്കനുസരിച്ച് ഹെറ്റി തലമുടിയിൽ പച്ചനിറം പൂശി.
shimron-hetmyer-golden
അങ്ങനെ ‘പച്ചപിടിച്ചു’ വരുന്നതിനിടെയാണ് ഹെറ്റ്മെയർ ഐപിഎൽ കളിക്കാനായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയത്. ചുവപ്പും കറുപ്പുമായിരുന്നു അന്ന് ആർസിബിയുടെ ജഴ്സി. ടീമിനു വേണ്ടി ഹെറ്റ്മെയർ തന്റെ തലമുടി ചുവപ്പിക്കുമെന്നു കരുതിയെങ്കിലും തിരികെ സ്വർണനിറം തിരഞ്ഞെടുക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
shimron-hetmyer-blue
അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിലെത്തി. ഡൽഹി ജഴ്സിയുടെ നിറമായ നീല തന്നെ തന്റെ തലമുടിക്കും ഹെറ്റി നൽകി.
shimron-hetmyer-pink
ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ എത്തിയപ്പോഴും തന്റെ ‘ആത്മാർഥതയിൽ’ ഒരു വിട്ടുവീഴ്ചയ്ക്കും ഹെറ്റ്മെയർ തയാറായില്ല. ടീമിനൊപ്പം ചേരാനായി നാട്ടിൽനിന്നു വിമാനം കയറും മുൻപുതന്നെ തന്റെ തലമുടി പിങ്ക് നിറത്തിൽ കുളിപ്പിച്ചെടുത്തു!
russell-allen
ഹെറ്റ്മെയറിന്റെ പാത പിന്തുടർന്ന്, ഇത്തവണ മുംബൈ ഇന്ത്യൻസിൽ എത്തിയ വിൻഡീസ് താരം ഫാബിയൻ അലൻ (വലത്) തന്റെ തലമുടിക്കു മുംബൈ ജഴ്സിയുടെ നീല നിറം നൽകി.
andre-russell
സ്വർണനിറവും പിങ്ക് നിറവും സമം ചേർത്ത തലമുടിയുമായാണ് മറ്റൊരു വിൻഡീസ് താരം ആന്ദ്രെ റസൽ ഇത്തവണ ഐപിഎലിനെത്തിയത്.
hardik-pandya
മുൻപ് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ മുടിക്കു നീല നിറം നൽകിയിരുന്നു.

‘മുടിഞ്ഞ’ പ്രതിഫലം 

ഫാഷൻ എന്ന നിലയ്ക്കു മാത്രമല്ല ക്രിക്കറ്റ് താരങ്ങൾ തലമുടിക്കു നിറം കൊടുക്കുന്നത്. താരമെന്ന നിലയിൽ അവർക്കും ടീമിനും സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രശസ്തി ഇതിനൊരു കാരണമാണ്. ഏതു കമ്പനിയുടെ കളർ ഉപയോഗിച്ചാണോ മുടിക്ക് നിറം നൽകുന്നത് ആ കമ്പനിയിൽനിന്ന് ഇവർക്കു പരസ്യ ഇനത്തിലും പ്രതിഫലം ലഭിക്കും. മുടിക്കു നിറംനൽകിയതു പ്രദർശിപ്പിക്കാൻ ഫീൽഡ് ചെയ്യുമ്പോൾ ഇവർ തൊപ്പി ഉപയോഗിക്കാറില്ല.

English Summary: Shimron hetmyer's hair styles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com