ADVERTISEMENT

കേപ്‍ടൗൺ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ജയത്തിനു പിന്നാലെ, ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി രാജ്യാന്തര പരമ്പരകളിൽ നിന്ന് ഒഴിവാകുന്ന താരങ്ങൾക്കു മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡീൻ എൽഗാർ.

ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, ആൻറിച് നോർട്യ, റസ്സി വാൻ ഡർ ദസ്സൻ, ഏയ്ഡൻ മാർക്രം, കഗീസോ റബാദ എന്നീ താരങ്ങൾ ബംഗ്ലദേശിനെതിരായ പരമ്പര ഒഴിവാക്കിയാണ് ഐപിഎല്ലിനായി ഇന്ത്യയിലേക്കു തിരിച്ചത്. പ്രമുഖ താരങ്ങളെക്കൂടാതെയാണ് ഇറങ്ങിയതെങ്കിലും ദക്ഷിണാഫ്രിക്ക പരമ്പര 2–0നു ജയിച്ചിരുന്നു. 

എന്നാൽ ടീം അംഗങ്ങളുടെ സമീപനത്തിൽ നിരാശയുണ്ടെന്നും അവർ ഇനി രാജ്യാന്തര മത്സരങ്ങൾ കളിക്കുമോ എന്ന് ഉറപ്പില്ലെന്നും കാര്യങ്ങൾ കൈവിട്ടു പോയെന്നും പരമ്പര വിജയത്തിനു ശേഷം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൽ എൽഗാർ പ്രതികരിച്ചു. ടീമിലെ സ്ഥാനം ഒഴിച്ചിട്ടാണ് അവർ ഐപിഎല്ലിനായി പോയത് എന്ന കോച്ച് മാർക്ക് ബൗച്ചറുടെ പ്രതികരണവും ഇതോടൊപ്പം ചേർത്തു വായിക്കണം. 

ഐപിഎൽ ടൂർണമെന്റ് പൂർത്തിയായതിനു ശേഷം ഓഗസ്റ്റിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഐപിഎല്ലിൽ പങ്കെടുക്കുന്ന സൂപ്പർ താരങ്ങൾ ഉൾപ്പെടുമോ എന്നു കാത്തിരുന്നു കാണണം. ഐപിഎൽ തുടങ്ങുന്നതിനു മുൻപു തന്നെ രാജ്യത്തിനായി കളിക്കുന്നതിനു മുൻഗണന നൽകണമെന്ന് സഹതാരങ്ങളോട് എൽഗാർ പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു.  

പ്രമുഖ താരങ്ങൾ പുറത്തിരുന്നിട്ടും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 220 റൺസിനും 2–ാം മത്സരത്തിൽ 332 റൺസിനും ജയിച്ചിരുന്നു. 

 

English Summary: IPL 2022: South Africa captain Dean Elgar sends WARNING to players who chose IPL over Test cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com