ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിലെ തുടർച്ചയായ 5–ാം തോൽവിക്കു പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിന് ആരാധകരുടെ ട്രോൾ മഴ. പഞ്ചാബ് കിങ്സിനെതിരെ ബുധനാഴ്ച നടന്ന മത്സരം 12 റൺസിനാണു മുംബൈ തോറ്റത്. സീസണിൽ ഇതു വരെ ഒരു ജയം പോലും നേടാനാകാത്ത മുംബൈ പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്തു തുടരുകയാണ്. ടീമിന്റെ സീസണിലെ പ്ലേ ഓഫ് സാധ്യതയും ഏറെക്കുറേ അവസാനിച്ചു കഴിഞ്ഞു.

എന്നാൽ തുടർച്ചയായി തോറ്റു നിൽക്കുന്ന സാഹചര്യത്തിലും പഞ്ചാബ് കിങ്സിനെതിരെ 6 ബാറ്റർമാരെ മാത്രം കളിപ്പിച്ച മുംബൈയുടെ തീരുമാനമാണ് ആരാധകരെ ഇപ്പോൾ പ്രകോപിതരാക്കിയിരിക്കുന്നത്.

പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, 10.5 ഓവറിൽ 116–2 എന്ന ശക്തമായ നിലയിൽനിന്നാണു മുംബൈ തോൽവിയിലേക്കു കൂപ്പു കുത്തിയത്. പിന്നീട് 5 ഓവറിനിടെ ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, കെയ്റൻ പൊള്ളാർഡ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ 16.1 ഓവറിൽ 152–5 എന്ന നിലയിലായപ്പോൾ സൂര്യകുമാർ യാദവിനു കൂട്ടായി ക്രീസിലുണ്ടായിരുന്നത് കാര്യമായി ബാറ്റിങ് വശമില്ലാത്ത പേസർ ജെയ്ദേവ് ഉനദ്കട്ടാണ്. 

സൂര്യയ്ക്കു പിന്തുണ നൽകാൻ 7–ാം നമ്പറിൽ ഒരു ബാറ്ററോ ഓൾറൗണ്ടറോ ഉണ്ടായിരുന്നെങ്കിൽ മത്സരം ജയിക്കാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. 

ഡെത്ത് ഓവറുകളിൽ സൂര്യകുമാർ (43) ഒറ്റയ്ക്കു പൊരുതിയെങ്കിലും മുംബൈയെ ജയത്തിലെത്തിക്കാനായിരുന്നില്ല. ബേസിൽ തമ്പി, ഉനദ്കട്ട്, ജസ്പ്രീത് ബുമ്ര, മുരുഗൻ അശ്വിൻ, ടെയ്മൽ മിൽസ് എന്നീ 5 ബോളർമാരുമായാണു മുംബൈ മത്സരത്തിന് ഇറങ്ങിയത്. 

8.25 കോടി രൂപ മുടക്കി ടീമിലെടുത്ത, പവർ ഹിറ്റിങ്ങിനു പേരുകേട്ട ടിം ഡേവിഡിനെ നിർ‌ണായക മത്സരത്തിൽ ബെഞ്ചിലിരുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനവും ആരാധകർക്കു പിടിച്ചിട്ടില്ല. സീസണിൽ 2 മത്സരങ്ങളിൽ മാത്രമാണു ബ്രെവിസിന് ഇതുവരെ അവസരം ലഭിച്ചത്. 

താരത്തെ വിശ്വാസത്തിലെടുക്കാത്ത ടീം നിലപാടിനെതിരെ മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിൻഡീസ് ഓൾറൗണ്ടർ ഫേബിയൻ അലന് അവസരം നൽകാമായിരുന്നെന്ന് അഭിപ്രായപ്പെട്ട ആരാധകരും ഒട്ടേറെ. 

തോൽവിക്കു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് മോശം ഓവർ നിരക്കിന്റെ പേരിൽ 24 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. പ്ലേയിങ് ഇലവനിലുള്ള മറ്റു താരങ്ങൾക്ക് 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനം വീതമോ പിഴയും ചുമത്തിയിട്ടുണ്ട്.  

English Summary: "You just can't play with six batters!" - Fans troll MI for fifth straight loss in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com