‘എനിക്കു മുൻപേ പൊള്ളി വിരമിച്ചെന്നു വിശ്വസിക്കാനാകുന്നില്ല’: ഗെയ്ലിനു ഞെട്ടൽ!
Mail This Article
രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള കെയ്റൻ പൊള്ളാർഡിന്റെ വിരമിക്കൽ തികച്ചും അപ്രതീക്ഷിതമായിരുന്നു. ബുധനാഴ്ച വൈകിട്ട് സമൂഹ മാധ്യമങ്ങളിലൂടെയാണു മുപ്പത്തിനാലുകാരനായ വിൻഡീസ് ഓൾറൗണ്ടർ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുന്ന വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
പിന്നാലെ ഒട്ടേറെ ആരാധകും ക്രിക്കറ്റ് താരങ്ങളും ‘പ്രിയപ്പെട്ട പൊള്ളി’ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ അർപ്പിച്ചു. പൊള്ളാർഡ് യഥാർഥ പോരാളിയാണെന്നും എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ആളുമാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചു. ‘വമ്പൻ അടിക്കാരൻ, കരുത്തുറ്റ ടീം പ്ലെയർ, ഏറ്റവും നല്ല സുഹൃത്ത് എന്നാണു പൊള്ളാർഡിന് ആശംസ അറിയിച്ച് മുംബൈ ഇന്ത്യൻസ് സഹതാരം ജസ്പ്രീത് ബുമ്ര ട്വിറ്ററിൽ കുറിച്ചത്.
അതേ സമയം, താൻ വിരമിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കളി മതിയാക്കിയ പൊള്ളാർഡിന്റെ തീരുമാനത്തിൽ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ ഞെട്ടൽ രേഖപ്പെടുത്തി.
‘എനിക്കു മുൻപേ താങ്കൾ വിരമിച്ചു എന്ന കാര്യം വിശ്വസിക്കാനാകുന്നതേയില്ല. താങ്കൾക്കൊപ്പം കളിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായി കരുതുന്നു, ഭാവുകങ്ങൾ’– നാൽപ്പത്തിരണ്ടുകാരനായ ഗെയ്‌ലിന്റെ ട്വീറ്റ് ഇങ്ങനെ.
പൊള്ളാർഡ് നൽകിയ സംഭാവനകളെ സ്മരിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും ഔദ്യോഗക കുറിപ്പ് ഇറക്കി. ‘കഴിഞ്ഞ 15 വർഷക്കാലം രാജ്യത്തിനു നൽകിയ സംഭാവനകൽക്ക്, ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിലെ എല്ലാവരുടെയും പേരിൽ കെയ്റൻ പൊള്ളാർഡിന് നന്ദി അറിയിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കാനുള്ള പൊള്ളാർഡിന്റെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു.
2019 സെപ്റ്റംബറിൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ വിൻഡീസ് ക്യാപ്റ്റനായി നിയമിതനായതു മുതലുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തെ പ്രത്യേകം സ്മരിക്കുന്നു’– വിൻഡീസ് ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റർമാരിൽ ഒരാളായാണു പൊള്ളാർഡ് വിലയിരുത്തെപ്പെടുന്നത്. ഐപിഎല്ലിൽ വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ടീമിൽ ഫിനിഷറുടെ റോളിൽ കളിക്കുന്ന താരമാണു പൊള്ളാർഡ്.
English Summary: 'Can’t believe you retired before me': Chris Gayle, Sachin Tendulkar react on Kieron Pollard's shocking announcement