ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ അംപയർ നോബോൾ അനുവദിക്കാത്തതിന്റെ പേരിൽ ബാറ്റർമാരെ തിരിച്ചുവിളിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത്, ഗ്രൗണ്ടിലിറങ്ങി അംപയർമാരെ അതൃപ്തി അറിയിച്ച സഹപരിശീലകൻ പ്രവീണ്‍ ആംറെ എന്നിവരെ വിമർശിച്ച് മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ഡൽഹി താരങ്ങളുടെ പ്രതികരണം തീർത്തും മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പീറ്റേഴ്സൻ, ആരെന്നാണ് ഇവരൊക്കെ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു.

‘അംപയറിന്റെ തീരുമാനമെന്തുമായിക്കൊള്ളട്ടെ, എന്നെ ഞെട്ടിച്ചത് ഡൽഹി താരങ്ങളുടെ പ്രതികരണമാണ്. റിക്കി പോണ്ടിങ് അവിടെയുണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്’ – പീറ്റേഴ്സൻ പറഞ്ഞു.

‘ഋഷഭ് പന്തിന്റെ അടുത്തുചെന്ന് ‘എന്താണ് ഈ കാട്ടിക്കൂട്ടുന്നതെ’ന്ന് ചോദിക്കാനുള്ള എല്ലാ അവകാശവും ജോസ് ബട്‌ലറിനുണ്ട്. അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിക്കാൻ പരിശീലക സംഘത്തിലെ ഒരാളെ ഗ്രൗണ്ടിലേക്ക് പറഞ്ഞയയ്ക്കുന്നത് ശരിയായ രീതിയാണെന്നാണോ അവർ കരുതുന്നത്?’ – പീറ്റേഴ്സൻ ചോദിച്ചു.

‘‘ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണ്. മനുഷ്യർക്ക് പിഴവു സംഭവിക്കുന്നത് സ്വാഭാവികമാണ്. ബാറ്റിൽ പന്തുകൊള്ളാതെ എത്രയോ തവണ ഔട്ട് വിളിച്ചിരിക്കുന്നു. ബാറ്റിൽ പന്തു തട്ടിയിട്ടും എത്രയോ തവണ ക്യാച്ച് അനുവദിക്കാതിരുന്നിരിക്കുന്നു. ഔട്ടല്ലാതിരുന്നിട്ടും എൽബി വിധിച്ച എത്രയോ സംഭവങ്ങൾ. ഞാനും ഗ്രെയിം സ്വാനുമെല്ലാം ഏതാണ്ട് 20 വർഷത്തിലധികം കളത്തിലുണ്ടായിരുന്നവരാണ്. ഈ കളിയിൽ കണ്ടതുപോലുള്ള ദൃശ്യങ്ങൾ ഞങ്ങൾ ഒട്ടേറെത്തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും ക്രിക്കറ്റിന് അത്ര നല്ലതല്ല. ഒരു തരത്തിലും നല്ലതല്ല’ – പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.

‘അവർ ആരാണെന്നാണ് സ്വയം കരുതിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കളത്തിൽ അവരുടെ ഭാഗത്തുനിന്ന് സംഭവിച്ചത് വലിയൊരു പിഴവു തന്നെയാണ്. സഹപരിശീലകൻ ഗ്രൗണ്ടിലിറങ്ങി അംപയറോട് സംസാരിക്കാൻ പോയതുതന്നെ ശരിയല്ല. ഇത്ര സീനിയറായ ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുക? ഇടയ്ക്ക് ഋഷഭ് പന്ത് ബാറ്റർമാരെ തിരികെ വിളിക്കുന്നതും കണ്ടു. ഇതൊന്നും അംഗീകരിക്കാവുന്നതല്ല. ഇനി കളിയിൽ ഇത്തരം കാഴ്ചകൾ ഉണ്ടാകില്ലെന്ന് കരുതുന്നു’ – പീറ്റേഴ്സൻ പറഞ്ഞു.

കളത്തിലെ അതിരുവിട്ട പെരുമാറ്റത്തിന്റെ പേരിൽ പന്തിനും ആംറെയ്ക്കും മാച്ച് ഫീയുടെ 100 ശതമാനം ബിസിസിഐ പിഴ വിധിച്ചിരുന്നു. ആംറെയ്ക്ക് ഒരു കളിയിൽനിന്ന് വിലക്കും ഏർപ്പെടുത്തി. ഇവർക്കൊപ്പം പ്രതിഷേധിച്ച ഷാർദുൽ ഠാക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

English Summary: Kevin Pietersen slams Rishabh Pant, Pravin Amre over ‘no-ball’ controversy - Who do they think they are?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com