ADVERTISEMENT

മുംബൈ∙ ബാംഗ്ലൂർ ബോളർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല! ഐപിഎലിൽ ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിനും ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറിനും പുറത്തായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് അനായാസ വിജയം. ഒൻപത് വിക്കറ്റിനാണ് ഹൈദരാബാദ് ആർസിബിയെ തകർത്തത്.

ആർസിബിയുടെ 68 റൺസ് പിന്തുടർന്ന അവർ 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ അഭിഷേക് ശർമ 28 പന്തിൽ 47 റൺസെടുത്ത് പുറത്തായി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. ക്യാപ്റ്റൻ കെയ്‌ൻ വില്യംസൺ (17 പന്തിൽ 16*), രാഹുൽ ത്രിപാഠി ( 3 പന്തിൽ 7*) എന്നിവർ പുറത്താകാതെ നിന്നു.

∙ തലതാഴ്ത്തി ആർസിബി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറെന്ന ‘സ്വന്തം’ നാണക്കേട് ‘പുതുക്കാതെ’ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ സീസണിലെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച കണ്ട ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് വെറും 68 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 16.1 ഓവറിലാണ് 68 റൺസിന് എല്ലാവരും പുറത്തായത്. 20 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത സായുഷ് പ്രഭുദേശായിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറാണ് ബാംഗ്ലൂരിന്റെ 68 റൺസ്. ഏറ്റവും ചെറിയ സ്കോറായ 49 റൺസും ബാംഗ്ലൂരിന്റെ പേരിലാണ്.

ദേശായിക്കു പുറമെ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കണ്ടത് ഒരാൾ മാത്രമാണ്. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെൽ. സൺറൈസേഴ്സ് ബോളിങ് ആക്രമണത്തിനു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന ബാംഗ്ലൂർ ഇന്നിങ്സിൽ ആകെ പിറന്നത് ആറു ഫോറുകൾ മാത്രം.

srh-wicket-celebration
ബാംഗ്ലൂരിനെതിരെ തന്റെ ആദ്യ ഓവറിൽത്തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസന് സഹതാരങ്ങളുടെ അഭിനന്ദനം (ഐപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

ബാംഗ്ലൂർ ഇന്നിങ്സിലെ രണ്ടാം ഓവറിൽത്തന്നെ വെറും മൂന്നു റൺസ് വിട്ടുകൊടുത്ത് വിരാട് കോലിയും ഫാഫ് ഡുപ്ലേസി ഉൾപ്പെടെ മൂന്നു പേരെ പുറത്താക്കി ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസൻ ഏൽപ്പിച്ച പ്രഹരം മറികടക്കാനാകാതെയാണ് ബാംഗ്ലൂർ ചെറിയ സ്കോറിൽ പുറത്തായത്. മോശം ഫോം തുടരുന്ന വിരാട് കോലി ഒരിക്കൽക്കൂടി ഗോൾഡൻ ഡക്കായി. കഴിഞ്ഞ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും കോലി ഗോൾഡൻ ഡക്കായിരുന്നു.

കോലിക്കു പുറമേ ഓപ്പണർമാരായ അനൂജ് റാവത്ത് (0), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (ഏഴു പന്തിൽ ഒരു ഫോർ സഹിതം അഞ്ച്) എന്നിവരെയാണ് ജാൻസൻ ആദ്യ ഓവറിൽത്തന്നെ മടക്കിയത്. ഷഹബാസ് അഹമ്മദ് (12 പന്തിൽ ഏഴ്), ദിനേഷ് കാർത്തിക് (0), ഹർഷൽ പട്ടേൽ (എട്ടു പന്തിൽ നാല്), വാനിന്ദു ഹസരംഗ (19 പന്തിൽ എട്ട്), മുഹമ്മദ് സിറാജ് (നാലു പന്തിൽ രണ്ട്) എന്നിവരും തീർത്തും നിരാശപ്പെടുത്തി. ജോഷ് ഹെയ്സൽവുഡ് 11 പന്തിൽ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

സൺറൈസേഴ്സിനായി ടി.നടരാജൻ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും മാർക്കോ ജാൻസൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജെ. സുചിത് മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറിൽ 13 റൺസ് വഴങ്ങിയ ഉമ്രാൻ മാലിക്കിനും 2.1 ഓവറിൽ എട്ട് റൺസ് വഴങ്ങി ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.

∙ ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ 100 റൺസിനു താഴെ പുറത്തായ ടീമുകൾ

9 – ഡൽഹി ക്യാപിറ്റൽസ്
8 – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
6 – മുംബൈ ഇന്ത്യൻസ് / രാജസ്ഥാൻ റോയൽസ്
5 – പഞ്ചാബ് കിങ്സ്

∙ ഐപിഎലിലെ ചെറിയ സ്കോറുകൾ

49 റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്തയ്‌ക്കെതിരെ, 2017
58 രാജസ്ഥാൻ റോയൽസ് ബാംഗ്ലൂരിനെതിരെ, 2009
66 ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെതിരെ, 2017
67 ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെതിരെ, 2017
67 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെതിരെ, 2008
68 റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ, 2022

∙ ഹൈദരാബാദിന് ടോസ്, ബോളിങ്

നേരത്തെ, ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ താരങ്ങളുമായാണ് ഇരു ടീമുകളും കളിക്കുന്നത്. ഏഴു കളികളിൽനിന്ന് അഞ്ച് വിജയം സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. മുന്നിലുള്ള രണ്ടു ടീമുകൾക്കും 10 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതാണ് ബാംഗ്ലൂരിനെ മൂന്നാമത് നിർത്തുന്നത്. ആദ്യ രണ്ടു കളികൾ തോറ്റെങ്കിലും പിന്നീട് നാലു മത്സരങ്ങൾ തുടർച്ചയായി ജയിച്ച സൺറൈസേഴ്സ് എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്.

∙ ടീമുകൾ ഇങ്ങനെ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: അനൂജ് റാവത്ത്, ഫാഫ് ഡുപ്ലേസി (ക്യാപ്റ്റൻ), വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ജോഷ് ഹെയ്സൽവുഡ്, മുഹമ്മദ് സിറാജ്

സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിങ്, ജെ. സുചിത്, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, ടി.നടരാജൻ, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിങ്, ജെ. സുചിത്, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, ടി.നടരാജൻ

English Summary: Royal Challengers Bangalore vs Sunrisers Hyderabad, 36th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com