അഭിമുഖത്തിനായി ഭീഷണി: ‘മജുംദാറിനെ വിലക്കും; കരിമ്പട്ടികയിലാക്കാൻ ഐസിസിക്കു കത്തെഴുതും’
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ അഭിമുഖത്തിനായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിസിസഐയുടെ 3 അംഗ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയ ടോക്ക് ഷോ അവതാരകൻ ബോറിയ മജുംദാറിനെ 2 വർഷത്തേക്കു വിലക്കിയേക്കുമെന്നു റിപ്പോർട്ട്.
‘സ്റ്റേഡിയത്തിനുള്ളിലേക്കു മജുംദാറിനെ പ്രവേശിപ്പിക്കരുതെന്നും ഹോം മത്സരങ്ങൾക്ക് അക്രഡിറ്റേഷൻ നൽകരുതെന്നും സംസ്ഥാന ഘടകങ്ങള്‍ക്കു നിർദേശം നൽകും. അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്താൻ ഐസിസിക്കു കത്തെഴുതും. അദ്ദേഹവുമായി ഇടപഴകരുതെന്നു മറ്റുള്ള താരങ്ങൾക്കും നിർദേശം നൽകും’– പേരു വെളിപ്പെടുത്താൻ തയാറാകാത്ത ബിസിസിഐ അധികൃതൻ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ഈ വർഷം ഫെബ്രുവരി 19ന് സാഹയുടെ ട്വീറ്റോടെയാണു വിവാദങ്ങൾ തലപൊക്കുന്നത്. ‘ഇന്ത്യൻ ക്രിക്കറ്റിനായുള്ള എല്ലാ സംഭാവനകൾക്കും ശേഷം, മാന്യൻ എന്നു വിലയിരുത്തപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനിൽനിന്ന് എനിക്കുണ്ടായ അനുഭവം നോക്കൂ. ഇവിടംവരെ എത്തിനിൽക്കുന്നു മാധ്യമ പ്രവർത്തനം’– എന്ന കുറിപ്പിനൊപ്പം തനിക്കു മൊബൈല്‍ ഫോണിൽ ലഭിച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും സാഹ പങ്കുവച്ചിരുന്നു.
പിന്നാലെ സാഹയ്ക്കു പിന്തുണയുമായി മുൻ ക്രിക്കറ്റ് താരങ്ങളും പരിശീലകരും അടക്കമുള്ളവർ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. വിവാദ മാധ്യമ പ്രവർത്തകന്റെ പേര് സാഹ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും, വിഷയത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടിയന്തരമായി ഇടപെടണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി അടക്കമുള്ളവരും വാദിച്ചു.
പിന്നാലെയാണു സാഹയുടെ ആരോപണങ്ങൾ പരിശോധിക്കാൻ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധൂമാൽ, നിർവാഹക സമിതി അംഗം പരഭ്തേജ് ഭാട്ടിയ എന്നിവർ അടങ്ങുന്ന സമിതിയെ ബിസിസിഐ നിയോഗിച്ചത്.
മജുംദാർ അഭിമുഖത്തിനായി ഭീഷണിപ്പെടുത്തിയതായും സാഹ സമിതിക്കു മുന്നിൽ മൊഴി നൽകിയിരുന്നു. ട്വിറ്ററിൽ പങ്കുവച്ച സ്ക്രീൻ ഷോട്ടുകൾ സാഹ കെട്ടിച്ചമച്ചതാണെന്നായിരുന്നു മജുംദാറിന്റെ ആരോപണം.
English Summary: Boria Majumdar likely to get two-year ban in Wriddhiman Saha case