ADVERTISEMENT

മുംബൈ∙ അമ്പാട്ടി റായുഡുവിന്റെ വീരോചിതപ്രകടനത്തിനും ചെന്നൈയെ രക്ഷിക്കാനായില്ല! റായുഡു ഒഴികെയുള്ള ബാറ്റർമാരെ അടക്കിനിർത്തിയ പഞ്ചാബ് ബോളർമാരുടെ മികവും അർദ്ധസെഞ്ച്വറിയോടെ കളം നിറഞ്ഞ ധവാനും തിളങ്ങിയതോടെ  പഞ്ചാബ് കിങ്‌സ്‌ സീസണിലെ നാലാം വിജയം സ്വന്തമാക്കി.  

സ്‌കോർ: പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റിന് 187 റൺസ്; ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റിന് 176 റൺസ്. 

188 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീമിന് തുടക്കത്തിൽ ഓപ്പണർ റോബിൻ ഉത്തപ്പയെ (1 റൺസ്) നഷ്ടമായി.  മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച മിച്ചൽ സാന്റ്നർ (16 പന്തിൽ 9 റൺസ്) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ഓപ്പണർ  ഋതുരാജ് ഗെയ്‌ക്ക്വാദ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും (30) വലിയ സ്‌കോർ നേടാനാവാതെ പുറത്തായി. കൂറ്റനടിക്കാരൻ ശിവം ദുബെയും (8 റൺസ്) വേഗം മടങ്ങിയതോടെ ചെന്നൈ പരുങ്ങലിലായി. എന്നാൽ പ്രതീക്ഷ കൈവിടാതെ ഒരറ്റത്തു പൊരുതിയ അമ്പാട്ടി റായുഡുവാണ് ചെന്നൈയെ മത്സരത്തിൽ നിലനിർത്തിയത്. 29 പന്തിൽ അർധശതകം തികച്ച റായുഡു ചെന്നൈ ടീമിന്റെ സ്‌കോർ ഉയർത്താൻ ഒറ്റയ്ക്ക് ശ്രമിച്ചു. സന്ദീപ് ശർമ്മ എറിഞ്ഞ പതിനാറാം ഓവറിൽ മൂന്ന് സിക്‌സറുകൾ പായിച്ചു ചെന്നൈയെ മൽസരത്തിൽ തിരികെയെത്തിച്ചു. തുടക്കത്തിൽ മെല്ലെ കളിച്ച ക്യാപ്റ്റൻ ജഡേജയും താളം കണ്ടെത്തിയതോടെ ചെന്നൈ മത്സരത്തിൽ തിരിച്ചുവന്നു. 

ambati-rayudu
അമ്പാട്ടി റായുഡു.

എന്നാൽ പതിനെട്ടാം ഓവറിൽ ഒരുജ്ജ്വലൻ യോർക്കറിലൂടെ കഗീസോ റബാഡ റായുഡുവിനെ മടക്കിയയച്ചു.  പേശീവലിവ് അനുഭവപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ വീരോചിത പോരാട്ടം നടത്തിയ റായുഡുവിന്റെ മടക്കത്തോടെ കഴിഞ്ഞ മത്സരത്തിലെ വിജയശില്പിയായ ധോണി ക്രീസിലെത്തി. എന്നാൽ ലൈനും ലെങ്തും തെറ്റാതെ പന്തെറിഞ്ഞ പഞ്ചാബ് പേസർമാർ ധോണിയേയും ജഡേജയെയും തളയ്ക്കുന്നതിൽ വിജയിച്ചു. 

നേരത്തെ, അർദ്ധ സെഞ്ചുറിയുമായി ഓപ്പണർ ശിഖർ ധവാനും (പുറത്താകാതെ 88 റൺസ്) ഉറച്ച പിന്തുണയുമായി മൂന്നാം നമ്പർ ബാറ്റർ ഭാനുക രാജപക്സയും (42) നിറഞ്ഞാടിയതോടെ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ  4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.  

ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച ചെന്നൈ നായകൻ രവീന്ദ്ര ജഡേജയുടെ തീരുമാനം ശരി വയ്ക്കും വിധം ബോളർമാർ പന്തെറിഞ്ഞതോടെ ആദ്യ പകുതിയിൽ റൺസ് നേടുക ദുഷ്കരമായി. എന്നാൽ വിക്കറ്റ് കളയാതെ പഞ്ചാബ് ഓപ്പണർ ധവാൻ ഒരറ്റം കാത്തു. ഇതോടെ പോരാട്ടത്തിന് ബലമേറി. കളിയുടെ ഗതിക്ക് വിപരീതമായി തീക്ഷണയുടെ പന്തിൽ പഞ്ചാബ് നായകൻ മയാങ്ക് അഗർവാൾ (21 പന്തിൽ 18 റൺസ്) ആറാം ഓവറിൽ പുറത്തായി. 

തുടർന്ന് ഒത്തുചേർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഭാനുക രാജപക്സയും ചേർന്ന് സ്കോർബോർഡ് ചലിപ്പിച്ചു. മുകേഷ് ചൗധരി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറികളോടെ ധവാൻ പഞ്ചാബ് ആക്രമണത്തിന് തുടക്കമിട്ടു. മധ്യ  ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ റൺനിരക്ക് ഉയർത്താൻ ഇരുവർക്കും സാധിച്ചു. ഇതിനിടെ നിരവധി അവസരങ്ങൾ വിട്ടുകളഞ്ഞും ആവർത്തിച്ചുള്ള ഫീൽഡിങ് പിഴവുകളിലൂടെയും ചെന്നൈ ഫീൽഡർമാർ ബോളർമാരെ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ ഓവറിൽ രാജപക്സയുടെ രണ്ടു അവസരങ്ങൾ ചെന്നൈ ഫീൽഡർമാർ നഷ്ടപ്പെടുത്തി. 

വാങ്കഡെ വിക്കറ്റിന്റെ വേഗക്കുറവ് മനസ്സിലാക്കി തുടക്കത്തിൽ ക്ഷമയോടെ ബാറ്റ് ചെയ്ത ധവാൻ നിലയുറപ്പിച്ചതോടെ ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. മറുവശത്ത് രാജപക്‌സയും സ്കോറിങ് അവസരങ്ങൾ മുതലാക്കിയതോടെ ചെന്നൈ ടീമിന് താളം തെറ്റി. കേവലം 63 പന്തുകളിൽ ധവാൻ-രാജപക്സ കൂട്ടുകെട്ട് 100 റൺസ് പൂർത്തിയാക്കി. പതിനെട്ടാം ഓവറിൽ ഡ്വെയ്ൻ ബ്രാവോ രാജപക്സയെ പുറത്താക്കിയെങ്കിലും പഞ്ചാബ് അതിനകം മികച്ച നിലയിൽ എത്തിച്ചേർന്നിരുന്നു.  തുടർന്ന് കളത്തിലിറങ്ങിയ ലിയാം ലിവിങ്സ്റ്റൺ സ്വതസിദ്ധമായ പവർ ഹിറ്റിങ്ങിലൂടെ പഞ്ചാബ് ടോട്ടൽ ഉയർത്തി. നാല് ഓവറിൽ അൻപത് റൺസ് വഴങ്ങിയ ഡ്വെയ്ൻ പ്രിറ്റോറിയസാണ് ലിവിങ്‌സ്റ്റണിന്റെ കടന്നാക്രമണത്തിന്  മുന്നിൽ ഏറ്റവും പതറിയത്. 

നേരത്തെ, ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച ടീമിനെ ചെന്നൈ നിലനിർത്തി. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ വിജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് പഞ്ചാബ് മത്സരത്തിനിറങ്ങിയത്. സന്ദീപ് ശർമ, ഭാനുക രാജപക്‌സ, ഋഷി ധവാൻ എന്നിവരാണ് പഞ്ചാബ് നിരയിൽ പുതിയതായി ഉൾപ്പെടുത്തിയത്. പോയിന്റ് പട്ടികയിൽ പിൻനിരയിൽ നിൽക്കുന്ന ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.  

English Summary: IPL- PBKS vs CSK, T20 38 of 70; live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com