‘സ്റ്റെയ്ൻ പറഞ്ഞു, ലൈനും ലെങ്തും എല്ലാം വിട്ടേക്ക്, പരമാവധി വേഗത്തിൽ മാത്രം എറിയുക’
Mail This Article
മുംബൈ∙ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്ന ബോളിങ് മികവോടെ ഐപിഎല്ലിൽ മുന്നേറ്റം തുടരുകയാണു സൺറൈസേഴ്സ് ഹൈദരാബാദ് യുവതാരം ഉമ്രാൻ മാലിക്ക്. ഗുജറാത്തിനെതിരായ മത്സരത്തിൽ 25 റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് ഉമ്രാൻ വീഴ്ത്തിയത്.
പഞ്ചാബിനെതിരായ മത്സരത്തിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റും സ്വന്തമാക്കിയ ഉമ്രാൻ, സീസണിൽ ഇതുവരെ 15 വിക്കറ്റുകൾ നേടിക്കഴിഞ്ഞു.
150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ സ്ഥിരമായി പന്തെറിയാനാകുന്നതാണ് ഉമ്രാനെ ബാറ്റർമാരുടെ നോട്ടപ്പുള്ളിയാക്കുന്നത്. ഹൈദരാബദ് ബോളിങ് കോച്ച് ഡെയ്ൽ സ്റ്റയ്നിന്റെ ഉപദേശമാണ് ഇരുപത്തിരണ്ടുകാരൻ ഉമ്രാൻ മാലിക്കിന്റെ പ്രകടനത്തിൽ നിർണായകമായത് എന്നു മുൻ ഇംഗ്ലണ്ട് സ്പിന്നറു കമന്റേറ്ററുമായ ഗ്രെയിം സ്വാൻ ക്രിക്കറ്റ് ഡോട്ട്കോമിനോട് അഭിപ്രായപ്പെട്ടു.
‘ ഹൈദരാബാദിന്റെ ബോളിങ് ലൈനപ്പിൽ ആവേശഭരിതനാണു ഞാൻ. ഉയരക്കാരനായ ഇടംകയ്യൻ പേസർ മാർക്കോ ജാൻസെൻ അവരുടെ ടീമിലുണ്ട്. പക്ഷേ, ഉമ്രാൻ മാലിക്കിന്റെ സാന്നിധ്യമാണ് ടീമിനെ കൂടുതൽ അപകടകരമാക്കുന്നത്.
സ്റ്റെയ്ൻ ഉമ്രാനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, നോക്കൂ ലൈനും ലെങ്തും ഒന്നും എനിക്കു പ്രശ്നമല്ല. സീം നേരയാക്കുക, പരമാവധി വേഗത്തിൽ എറിയുക എന്ന്. അതാണ് ഉമ്രാന്റെ കരുത്ത്. പക്ഷേ, ഉമ്രാന് പന്തിൽ മികച്ച നിയന്ത്രണവും ഉണ്ട്. ഗുജറാത്തിനെതിരായ മത്സരത്തിൽ അതു തെളിഞ്ഞുകണ്ടു. ഗുജറാത്തിന്റെ ബോളിങ്ങും ഉജ്വലമാണ്. കടലാസിൽ അവരാണ് ഏറ്റലും കരുത്തർ’– സ്വാൻ പറഞ്ഞു.
ഐപിഎൽ സീസണിൽ ആദ്യ 2 മത്സരങ്ങൾ തോറ്റു തുടങ്ങിയ ഹൈദരാബാദ് പിന്നീടു തുടർച്ചയായ 5 മത്സരങ്ങൾ ജയിച്ചിരുന്നു. ഗുജറാത്തിനെതിരെ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തു തുടരുകയാണ് അവർ.
English Summary: 'Steyn has told Umran Malik 'Don't worry about line and length, just bowl as quick as you can'': Ex-England bowler