ADVERTISEMENT

മുംബൈ∙ ബാറ്റിങ് വീരൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ ബോളിങ് കരുത്തിൽ പിടിച്ചുകെട്ടി പഞ്ചാബ് കിങ്സ്. നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ നേടിയ 8 വിക്കറ്റ് ജയത്തോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. സ്കോർ– ഗുജറാത്ത് 20 ഓവറിൽ 143–8; പഞ്ചാബ്: 16 ഓവറിൽ 145–2. ടോസ്– ഗുജറാത്ത്.

സ്കോർ ബോർഡിൽ 10 റൺസ് മാത്രം ഉള്ളപ്പോൾ ഓപ്പണർ ജോണി ബെയർസ്റ്റോയെ (6 പന്തിൽ 1) നഷ്ടമായെങ്കിലും 2–ാം വിക്കറ്റിൽ 87 റൺസ് ചേർത്ത ശിഖർ ധവാൻ, ഭാനുക രജപക്സ എന്നിവർ പഞ്ചാബിനെ വിജയതീരത്തെത്തിച്ചു. ധവാൻ 53 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 62 റൺസ് എടുത്തപ്പോൾ, രജപക്സ 28 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 40 റൺസ് നേടിയശേഷം പുറത്തായി.

പിന്നാലെ ഇറങ്ങിയ ലിയാം ലിവിങ്സ്റ്റൻ (9 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 26 നോട്ടൗട്ട്) പഞ്ചാബിനു മികച്ച വിജയം ഉറപ്പാക്കി. ഗുജറാത്തിനായി മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ, 4 ഓവറിൽ 33 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദയുടെ ഉജ്വല ബോളിങ്ങാണ് ഗുജറാത്തിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്, റിഷി ധവാൻ, ലിയാം ലിവിങ്സ്റ്റൻ എന്നിവർ റബാദയ്ക്കു മികച്ച പിന്തുണ നൽകി.

യുവതാരം സായ് സുദർശനാണ് (50 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 65 നോട്ടൗട്ട്) ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. വൃദ്ധിമാൻ സാഹ (17 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 17), ശുഭ്മാൻ ഗിൽ (6 പന്തിൽ 2 ഫോർ അടക്കം 9), ഹാർദിക് പാണ്ഡ്യ (7 പന്തിൽ 1), ഡേവിഡ് മില്ലർ (14 പന്തിൽ 11), രാഹുൽ തെവാത്തിയ (13 പന്തിൽ 11), റാഷിദ് ഖാൻ (ഒരു പന്തിൽ 0) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. പഞ്ചാബിനോടു തോറ്റെങ്കിലും ഗുജറാത്ത് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

English Summary: IPL 2022 Highlights, GT vs PBKS: Punjab end Gujarat's winning streak with 8-wicket win in Navi Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com