‘വോൺ ജീവിച്ചത് രാജാവിനെപ്പോലെ; സ്വാധീനം ജീവിതകാലം മുഴുവൻ പ്രയോജനപ്പെടും’
Mail This Article
മുംബൈ∙ ഹൃദയാഘാതത്തെ തുടർന്ന് അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സഞ്ജു സാംസണിന്റെ ഐപിഎൽ കരിയറിലെ ആദ്യ വർഷങ്ങളിൽ ഷെയ്ൻ വോൺ രാജസ്ഥാനൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ടീം മെന്റർ ദൗത്യം ഏറ്റെടുത്ത് വോൺ രാജസ്ഥാനിലേക്കു മടങ്ങിയെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ഊഷ്മള ബന്ധത്തിനു തുടക്കമായത്.
ഗൗരവ് കപൂറിന്റെ യുട്യൂബ് ഷോയായ ‘ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൻസി’ലാണ് ഷെയ്ൻ വോണെക്കുറിച്ചു വോണിൽനിന്നു പഠിച്ച പാഠങ്ങളെക്കുറിച്ചും സഞ്ജു മനസ്സുതുറന്നത്.
‘ഷെയ്ൻ വോണെക്കുറിച്ചുള്ള എല്ലാ ഓർമകളും എപ്പോഴും മനസ്സിലുണ്ടാകും. ഓരോ ദിവസവും അദ്ദേഹം ജീവിച്ചത് എങ്ങനെയാണ് എന്ന കാര്യം ഞങ്ങളെ എല്ലാം ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തൊടൊപ്പം ഒരു മണിക്കൂർ മാത്രമേ ചെലവഴിച്ചിട്ടുള്ളു എങ്കിലും അത് ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനപ്പെടും. ഒരു രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്.
ഒരാൾക്ക് ഇത്തരത്തിൽ ജീവിക്കാനാകുക എങ്ങനെയാണെന്നാണ് അദ്ദേഹത്തെ നോക്കുമ്പോൾ ഞങ്ങൾക്കു തോന്നിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എല്ലാവരും പാഠം ഉൾക്കൊള്ളണം. അദ്ദേഹത്തിനെതിരെ ബാറ്റു ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു.
രാജസ്ഥാൻ മെന്ററായി അദ്ദേഹം മടങ്ങിയെത്തിയപ്പോൾ, നെറ്റ്സിൽ എനിക്ക് ഏതാനും ബോളുകൾ എറിഞ്ഞു തരാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്തു ചോദ്യമാണ് സുഹൃത്തേ എന്ന് എന്നോടു തിരിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹം എനിക്കു പന്തെറിഞ്ഞു നൽകി. വോണിനൊപ്പം ഏറ്റവും മികച്ച ഓർമകളാണു ഞങ്ങൾക്കുള്ളത്’– സഞ്ജു സാംസൺ പറഞ്ഞു.
English Summary: "How can a man live like this?"- Sanju Samson on Shane Warne and his influence on RR in the IPL