‘ഗൗനിച്ചില്ല, താരലേലത്തിൽ പങ്കെടുത്തില്ല; ഐപിഎല്ലിന് എന്നെ വേണം, മടങ്ങിവരും’
Mail This Article
ലണ്ടൻ∙ തന്നെ വേണ്ടവിധത്തിൽ ഗൗനിക്കാതിരുന്നതുകൊണ്ടും അർഹിച്ചിരുന്ന ബഹുമാനം നൽകാതിരുന്നതുകൊണ്ടുമാണു ഐപിഎൽ മെഗാ താരലേലത്തിൽ നിന്നു പിന്മാറിയതെന്ന് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ. ബ്രിട്ടിഷ് മാധ്യമമായ മിറർ.കോ.യുകെയോടാണ് ഐപിഎല്ലിലെ ‘അനിഷ്ടങ്ങളെ’ക്കുറിച്ച് ഗെയ്ൽ മനസ്സു തുറന്നത്.
‘കഴിഞ്ഞ 2 വർഷത്തെ കാര്യങ്ങൾ പരിശോധിക്കുമ്പോൾ, ഐപിഎല്ലിൽ എനിക്കു കാര്യമായ ബഹുമാനം ലഭിച്ചില്ല എന്നാണു കരുതുന്നത്. ക്രിക്കറ്റിനായും ഐപിഎല്ലിനായും ഇത്രയൊക്കെ ചെയ്തതിനു ശേഷവും എന്നെ ഗൗനിക്കാത്ത സാഹചര്യത്തിലാണ് ലേലത്തിനുതന്നെ പേരുകൊടുക്കേണ്ടെന്നു തീരുമാനിച്ചത്. അതോടെ ഞാൻ മതിയാക്കി. ക്രിക്കറ്റിന് അപ്പുറവും ഒരു ജീവിതം ഉണ്ടല്ലോ, അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു ഞാൻ’– ഗെയ്ൽ പറഞ്ഞു.
അതേ സമയം, അടുത്ത വർഷം ഐപിഎല്ലിലേക്കു മടങ്ങിയെത്തുമെന്നും ഗെയ്ൽ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘അടുത്ത വർഷം ഞാൻ മടങ്ങിവരുന്നുണ്ട്. ഐപിഎല്ലിന് എന്നെ ആവശ്യമുണ്ട്.
കൊൽക്കത്ത, ബാംഗ്ലൂർ, പഞ്ചാബ് എന്നീ ടീമുകള്‍ക്കായാണ് ഞാൻ ഐപിഎൽ കളിച്ചിട്ടുള്ളത്. ബാംഗ്ലൂരിനോ പഞ്ചാബിനോ ഒപ്പം ഒരു കിരീടം നേടണം എന്നാണ് ആഗ്രഹം. വെല്ലുവിളികൾ എനിക്ക് ഇഷ്ടമാണ്. എന്താണു സംഭവിക്കുക എന്നു കാത്തിരുന്നു കാണാം’– ഗെയ്ൽ പറഞ്ഞു.
2021 സീസണിൽ പഞ്ചാബ് കിങ്സിനായി 10 കളികളിൽനിന്നു 193 റൺസ് നേടിയ താരമാണു ഗെയ്ൽ. എന്നാൽ, ഓപ്പണറായ ഗെയ്‌ലിനു ഭൂരിഭാഗം മത്സരങ്ങളിലും 3–ാം നമ്പറിലാണു ബാറ്റു ചെയ്യേണ്ടിവന്നത്. 2020 സീസണിൽ 7 കളിയിൽ 288 റൺസും നേടിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ 142 കളിയിൽ 4,965 റൺസ് നേടിയ ഗെയ്‌ലിന്റെ പേരിലാണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറിനുള്ള (175) റെക്കോർഡ്.
English Summary: 'I felt I wasn't treated properly, didn't get deserved respect': Gayle breaks silence on why he opted out of IPL 2022